വി.എച്ച്​.പിയുടെ ഭീഷണി; മുംബൈയിലെ പരിപാടി റദ്ദാക്കി മുനവർ ഫാറൂഖി

മുംബൈ: വിശ്വഹിന്ദു പരിഷത്തിന്‍റെ ഭീഷണിയെത്തുടർന്ന്​ ഷോയിൽ നിന്ന്​ പിന്മാറി സ്റ്റാൻഡ്​ അപ്പ്​ കൊമേഡിയൻ മുനവർ ഫാറൂഖി. ഒക്​ടോബർ 29, 30, 31 തീയതികളിൽ മുംബൈയിലായിരുന്നു പരിപാടി. 'എന്‍റെ പ്രേക്ഷകരുടെ സുരക്ഷയാണ്​ ഏറ്റവും പ്രധാനം. ഞാൻ അനുഭവിച്ച സാഹചര്യങ്ങളിലൂടെ എന്‍റെ പ്രേക്ഷകർ കടന്നുപോകാൻ ആഗ്രഹിക്കുന്നില്ല' -ഷോ റദ്ദാക്കുന്ന വിവരം അറിയിച്ച്​ മുനവർ ഫാറൂഖി പറഞ്ഞു.

മുംബൈയിൽ ഷോ പ്രഖ്യാപിച്ചതിന്​ പിന്നാലെ മുനവർ ഫാറൂഖിക്ക്​ വി.എച്ച്​.പി പ്രവർത്തകരിൽനിന്ന്​ ഭീഷണി നേരിട്ടിരുന്നു. ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നുവെന്ന്​ ആരോപിച്ചായിരുന്നു വി.എച്ച്​.പി വക്താവ്​ ശിരീഷ്​ നായരുടെ ഭീഷണി.

'നമ്മുടെ മഹത്തായ ഹിന്ദു ധർമത്തെയും ഹിന്ദു പുരോഹിതൻമാരെയും സന്യാസിമാരെയും അപമാനിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന എല്ലാ സ്വയം പ്രഖ്യാപിത സ്റ്റാൻഡ്​ അപ്​ കൊമേഡിയൻമാർക്കും വി.എച്ച്​.പി/ബജ്​രംഗ്​ദൾ ശക്തമായ മുന്നറിയിപ്പ്​ നൽകുന്നു. നിയമപരമായി അവരെ വലിയ പാഠം പഠിപ്പിക്കും' -നായർ ട്വീറ്റ്​ ചെയ്​തു.

മുനവർ ഫാറൂഖി ഒക്​ടോബറിൽ ഗുജറാത്തിൽ നടത്താനിരുന്ന ഷോക്കെതിരെ ബജ്​രംഗ്​ദൾ പ്രവർത്തകർ മുന്നോട്ടുവന്നിരുന്നു. ഗുജറാത്തിൽ ഫാറൂഖി ഷോ അവതരിപ്പിക്കുന്നതിലൂടെ ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുമെന്നായിരുന്നു ബജ്​രംഗ്​ദൾ നേതാവ്​ ജ്വാലിത്​ മെഹ്​തയുടെ പ്രതികരണം. ഗുജറാത്തിൽ ഷോയുമായെത്തിയാൽ വ്യാപക പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരു​മെന്ന്​ മുന്നറിയിപ്പ്​ നൽകുകയും ചെയ്​തിരുന്നു. ഗുജറാത്ത്​ സ്വദേശി കൂടിയാണ്​ ഫാറൂഖി.

ഹിന്ദു ദൈവങ്ങ​ളെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ ഷായെയും അപമാനിച്ചുവെന്ന പേരിൽ മുനവർ ഫാറൂഖിയെ ജനുവരിയിൽ അറസ്റ്റ്​ ചെയ്​ത്​ ജയിലിൽ അടച്ചിരുന്നു. മുനവർ ഫാറൂഖിയെ കൂടാതെ മറ്റു നാലുപേരെയും കേസിൽ ഉൾപ്പെടുത്തിയിരുന്നു. മധ്യപ്രദേശിൽ നടന്ന പരിപാടിക്കിടെ ഹിന്ദു ദൈവങ്ങളെയും അമിത്​ ഷായെയും അപമാനിച്ചുവെന്നായിരുന്നു പരാതി. എഡ്വിൻ ആന്‍റണി, നലിൻ യാദവ്​, പ്രഖാർ വ്യാസ്​, പ്രിയം വ്യാസ്​ എന്നിവരാണ്​ അറസ്റ്റിലായ മറ്റുള്ളവർ. ബി.ജെ.പി എം.എൽ.എ മാലിനി ലക്ഷ്​മൺ സിങ്​ ഗൗറിന്‍റെ മകൻ ഏകലവ്യ സിങ്​ ഗൗറിന്‍റെ പരാതിയിലായിരുന്നു അറസ്റ്റ്​.

Tags:    
News Summary - After Warning From VHP Munawar Faruqui cancels shows in Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.