സിദ്ധരാമയ്യ സർക്കാർ ഒരു വർഷത്തിനകം ചീട്ടുകൊട്ടാരം പോലെ തകരും -പ്രവചനവുമായി ബി.ജെ.പി നേതാവ്

ബംഗളൂരു: സത്യപ്രതിജ്ഞ ചെയ്ത് ഒരു വർഷത്തിനുള്ളിൽ തന്നെ കർണാടകയിലെ സിദ്ധരാമയ്യ സർക്കാർ ചീട്ടുകൊട്ടാരം പോലെ തകരുമെന്ന് ബി.ജെ.പിയുടെ തമിഴ്നാട് ഘടകം പ്രസിഡന്റ് കെ. അണ്ണാമലൈ. അധികാരമേറ്റതിനു പിന്നാലെ കർണാടകയിലെ ബി.ജെ.പി സർക്കാർ ഒന്നിനും കൊള്ളാത്തതാണെന്ന സിദ്ധരാമയ്യുടെ വിമർശനത്തിനു പിന്നാലെയായിരുന്നു അണ്ണാമലൈയുടെ പരാമർശം.

ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയും 2024ൽ അധികാരത്തിനായി തമ്മിൽ തല്ലിയില്ലെങ്കിൽ അടുത്ത സമാധാന നൊബേൽ അവർക്കു കൊടുക്കണമെന്നും അണ്ണാമലൈ പരിഹസിച്ചു. ​''സർക്കാരിന്റെ ഘടന തന്നെ തെറ്റായ രീതിയിലാണ്. 2.5 വർഷം ഇരുനേതാക്കളും ഭരണം പങ്കുവെക്കുമെന്നാണ് ധാരണ. സിദ്ധരാമയ്യയും ശിവകുമാറും എ.ഐ.സി.സിയിലെ 10 മന്ത്രിമാരുമടങ്ങിയ മന്ത്രിസഭ...എന്തൊരു ഘടനയാണിത്.''-എന്നായിരുന്നു അണ്ണാമലൈയുടെ പരിഹാസം.

സംസ്ഥാനത്ത് ബി.ജെ.പിക്കെതിരെ കോൺഗ്രസ് ചരി​ത്ര വിജയം നേടിയതിനു പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തിനായി സിദ്ധരാമയയ്യയും ഡി.കെ. ശിവകുമാറും ഒരുപോലെ അവകാശവാദമുന്നയിച്ചത് പാർട്ടിക്ക് തലവേദനയായിരുന്നു. വലിയ കലഹത്തിലേക്ക് പോകാതെ കോൺഗ്രസ് നേതാക്കൾ നടത്തിയ മാരത്തൺ ചർച്ചയിലാണ് ഡി.കെ.യെ അനുനയിപ്പിച്ച് മുഖ്യമന്ത്രി പദം സിദ്ധരാമയ്യക്ക് നൽകിയത്. ഡി.കെക്ക് ഉപമുഖ്യമന്ത്രിപദവും നൽകി.

അധികാരമേറ്റതിനു പിന്നാലെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലെ അഞ്ച് വാഗ്ദാനങ്ങൾ ഉടൻ പാലിക്കുമെന്ന് സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കേന്ദ്രസർക്കാരാണെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി. 15ാം ധനകാര്യ കമ്മീഷൻ പ്രഖ്യാപിച്ച 5495 കോടിയുടെ പ്രത്യേക ഗ്രാന്റ് കേന്ദ്രം സംസ്ഥാനത്തിന് നൽകിയിട്ടില്ലെന്നും സൂചിപ്പിച്ചു.

സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ എട്ടംഗ മന്ത്രിസഭയാണ് കഴിഞ്ഞ ദിവസം അധികാരമേറ്റത്. എല്ലാ വീടുകളിലും 200 യൂനിറ്റ് വൈദ്യുതി എത്തിക്കും, വീട്ടമ്മമാർക്ക് പ്രതിമാസം 2000 രൂപ ധനസഹായം, ബി.പി.എൽ കുടുംബാംഗങ്ങൾക്ക് 10 കിലോ അരി, തൊഴിൽ രഹിതരായ ബിരുദധാരികളായ യുവാക്കൾക്ക് രണ്ടുവർഷത്തേക്ക് എല്ലാ മാസവും 3000 രൂപ ധനസഹായം, ഡിപ്ലോമക്കാർക്ക് 1500 രൂപ, സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര എന്നിവയായിരുന്നു കോൺഗ്രസിന്റെ വാഗ്ദാനങ്ങൾ. എന്നാൽ കോൺഗ്രസിന്റെ പ്രഖ്യാപനങ്ങളിലും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലും പ്രകടമായ വ്യത്യാസമുണ്ടെന്നാണ് ബി.ജെ.പിയുടെ ആരോപണം.

Tags:    
News Summary - After Siddaramaiah's useless government attack BJP predicts collapse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.