ന്യൂഡൽഹി: നഗരമധ്യത്തിലെ അരുംകൊലയെ ചൊല്ലി ഡൽഹി സർക്കാരും ബി.ജെ.പിയും തമ്മിൽ വാഗ്വാദം. ഞായറാഴ്ച വൈകീട്ടാണ് 20 കാരനായ സുഹൃത്ത് 16 കാരിയെ 20 തവണ കത്തികൊണ്ട് കുത്തിയും കോൺക്രീറ്റ് പാളി കൊണ്ട് തലയ്ക്കടിച്ചും പൈശാചികമായി കൊലപ്പെടുത്തിയത്. സംഭവത്തിന് ദൃക്സാക്ഷികളായിട്ടും ഒരാൾ പോലും പെൺകുട്ടിയെ രക്ഷിക്കാനോ യുവാവിനെ പിടിച്ചുമാറ്റാനോ മുന്നോട്ട് വന്നില്ല. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി സംഭവസ്ഥലത്ത് വെച്ചു തന്നെ രക്തം വാർന്ന് മരിക്കുകയായിരുന്നു.
സംഭവം ലവ് ജിഹാദ് ആണെന്നാണ് ബി.ജെ.പി വിശേഷിപ്പിച്ചത്. കുറ്റകൃത്യം പുറത്തുവന്നതിനു പിന്നാലെ ഡൽഹി ലെഫ്. ഗവർണറെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ രംഗത്തുവന്നു. ''പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഡൽഹിയിലെ പൊതുമധ്യത്തിൽ അരുംകൊല ചെയ്യപ്പെട്ടിരിക്കുന്നു. വളരെ ദൗർഭാഗ്യകരവും ദുഃഖപൂർണവുമായ സംഭവമാണിത്. ക്രിമിനലുകൾ അഴിഞ്ഞാടുകയാണ്. പൊലീസിനെ അവർക്ക് ഭയമില്ല. ലെഫ്. ഗവർണർ സർ ക്രമസമാധാന പാലനം നിങ്ങളുടെ ചുമതലയിൽ ഉൾപ്പെട്ടതാണ്. എന്തെങ്കിലും ചെയ്യൂ. ഡൽഹി ജനതയുടെ സുരക്ഷയാണ് പരമ പ്രധാാനം.''-എന്നായിരുന്നു കെജ്രിവാളിന്റെ ട്വീറ്റ്.
ഡൽഹി മന്ത്രി അതിഷിയും പിന്നാലെ ലഫ്. ഗവർണറെ വിമർശിച്ച് ട്വീറ്റുമായെത്തി. ''ഡൽഹിയിലെ ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കാനാണ് ലഫ്. ഗവർണറെ നിയമിച്ചിരിക്കുന്നതെന്ന് ഓർമപ്പെടുത്തുകയാണ്. എന്നാൽ അവർ അവരുടെ വിലപ്പെട്ട സമയം മുഴുവൻ അരവിന്ദ് കെജ്രിവാളിന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനാണ് വിനിയോഗിക്കുന്നത്. ഡൽഹിയിലെ വനിതകളുടെ സംരക്ഷണത്തിൽ ശ്രദ്ധചെലുത്തണമെന്ന് ഞാൻ ലഫ്. ഗവർണറോട് കൂപ്പുകൈകളോടെ അപേക്ഷിക്കുകയാണ്. ഇപ്പോൾ ഡൽഹിയിൽ സ്ത്രീകൾക്ക് സുരക്ഷയില്ലാതായിരിക്കുന്നു. ''-എന്നായിരുന്നു അതിഷി ട്വീറ്റ് ചെയ്തത്.
പിന്നാലെയാണ് അറസ്റ്റിലായ പ്രതിയുടെ ഫോട്ടോയുമായി ഡൽഹി ബി.ജെ.പി പ്രസിഡന്റ് വിരേന്ദ്ര സച്ച്ദേവ് രംഗത്തുവന്നത്. ഉറപ്പായും പ്രതി ലവ് ജിഹാദ് സംഘത്തിൽ പെട്ടയാളാണെന്നും കൊലപാതകം കരുതിക്കൂട്ടി ആസൂത്രണം ചെയ്തതാണെന്നുമായിരുന്നു ബി.ജെ.പി നേതാവിന്റെ പരാമർശം. ഇത് ലവ് ജിഹാദ് കേസാണ്. ഡൽഹി മുഖ്യമന്ത്രി ക്രമസമാധാന പ്രശ്നം പറഞ്ഞ് പ്രശ്നം വഴിതിരിച്ചു വിടുകയാണെന്നും ബി.ജെ.പി നേതാവ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.