ആദ്യ രാജ്യാന്തര കുറ്റവാളി കൈമാറ്റം; ഹർപ്രീത് ഇനി 20 വർഷം ഇന്ത്യൻ ജയിലിൽ

ന്യൂഡൽഹി: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ലണ്ടൻ കോടതി 28 വർഷം തടവുശിക്ഷക്ക് വിധിച്ച പ്രതിയെ എട്ട് വർഷത്തിന് ശേഷം ബ്രിട്ടൻ ഇന്ന് ഇന്ത്യക്ക് കൈമാറും. ഇന്ത്യൻ പ്രവാസി ഹർപ്രീത് ഔലാക്കിന് ഭാര്യ ഗീത ഔലാക്കിനെ കൊലപ്പെടുത്തിയ കേസിൽ 2009 നവംബർ 16നാണ് കോടതി തടവുശിക്ഷ വിധിച്ചത്. ശേഷിച്ച ശിക്ഷാ കാലാവധിയായ 20 വർഷം പഞ്ചാബിലെ അമൃത്സർ സെൻട്രൽ ജയിലിൽ ഹർപ്രീത് പൂർത്തിയാക്കണം. ഇന്ത്യയും യു.കെയും തമ്മിലുള്ള കുറ്റവാളി കൈമാറ്റ കരാർ പ്രകാരമുള്ള ആദ്യ രാജ്യാന്തര കൈമാറ്റമാണിത്. 

ഡൽഹി ഇന്ദിരഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ യു.കെ. അധികൃതരിൽ നിന്ന് പഞ്ചാബ് ജയിൽ വകുപ്പിലെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുന്ന ഹർപ്രീതിനെ അമൃത്സർ സെൻട്രൽ ജയിലിലേക്ക് മാറ്റും. ജൂലൈ ആദ്യ വാരത്തിലാണ് ഹർപ്രീതിനെ കൈമാറുന്നത് സംബന്ധിച്ച ഇന്ത്യൻ അധികൃതരുടെ നിലപാട് യു.കെ. ആരാഞ്ഞത്. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിരാക്ഷേപസാക്ഷ്യപത്രം നൽകിയെന്ന് പഞ്ചാബ് ജയിൽ മന്ത്രി സുഖീന്ദർ സിങ് രൺദാവ പറഞ്ഞു. 

28കാരിയും രണ്ട് കുട്ടികളുടെ അമ്മയുമായ ഗീതയെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിനാണ് ഭർത്താവും 32കാരനുമായ ഹർപ്രീതിന് ലണ്ടൻ കോടതി 28 വർഷം തടവുശിക്ഷ വിധിച്ചത്. വാടക കൊലയാളികളായ ജസ്വന്ത് സിങ് ദില്ലൻ, ഷേർ സിങ് എന്നിവരെ ഉപയോഗിച്ചാണ് ഗീതയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. ആക്രമണത്തിൽ തലക്ക് ഗുരുതര പരിക്കേറ്റ ഗീത പിന്നീട് ആശുപത്രിയിൽ വെച്ച് മരിച്ചു.

ഏഷ്യൻ റേഡിയോ സ്റ്റേഷനായ സൺറൈസ് റേഡിയോയിലെ റിസെപ്ഷനിസ്റ്റായ ഗീത യു.കെയിലെ സൗത്ത് ഹാളിൽ ജ്വല്ലറി ബിസിനസുകാരുടെ മകളാണ്. ബ്രിട്ടനിലേക്ക് കുടിയേറിയ ദരിദ്ര സിഖ് കുടുംബത്തിലെ അംഗമായ ഹർപ്രീത് അനധികൃത കുടിയേറ്റം, മയക്കുമരുന്ന് അടക്കം നിരവധി കേസുകളിൽ പ്രതിയാണ്.
 

Tags:    
News Summary - After 8 yrs in UK jail, NRI murder convict Harpreet Aulakh will serve 20 in India Jail -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.