സ്വാമിനി അടക്കം നാലുപേരെ കൊന്ന സ്​ത്രീ 17 വർഷത്തിന്​ ശേഷം അറസ്റ്റിൽ

അഹ്​മദാബാദ്​​: ആശ്രമത്തിലെ സ്വാമിനിയെയും ക്ഷേത്ര ട്രസ്റ്റിയായ യു.എസ്​ പൗരനെയും രണ്ട്​ സഹായികളെയും കൊന്ന കേസിൽ പ്രതിയായ സ്​ത്രീ 17 വർഷങ്ങൾക്ക്​ ശേഷം പിടിയിൽ. ഗുജറാത്തിലെ അഹ്​മദാബാദ്​ മെഹ്സാനയിൽ കാദി എന്ന സ്​ഥലത്താണ്​ കേസിനാസ്​പദമായ സംഭവം. രാജ്​കുമാരി (ഡിസ്കോ സരോജ് -50) ആണ്​ ദില്ലിയിൽനിന്ന്​ അഹമ്മദാബാദ് ക്രൈംബ്രാഞ്ചിന്‍റെ പിടിയിലായത്​. ഇവരുടെ ഭർത്താവ്​ മഹേന്ദ്രസിങ് എന്ന ഗോവിന്ദ് സിങ്​ യാദവിനെ 2020 ഓഗസ്റ്റിൽ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) ഡൽഹിയിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു.

2004 ഏപ്രിൽ 2ന്​​ രാത്രി​ കാദി പട്ടണത്തിലെ ഉത്വ മഹാകാളി മാതാ ക്ഷേത്ര ആശ്രമത്തിലാണ്​ നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്​. സാമിനി മാതാജി സംതാനന്ദ് പൂർണാനന്ദ് സരസ്വതി (35), യുഎസ് പൗരനും ക്ഷേത്ര ട്രസ്റ്റിയുമായ ചിമൻ പട്ടേൽ (70), മോഹൻ ലുഹാർ (45), കർമൻ പട്ടേൽ (30)എന്നിവരാണ്​ കൊല്ലപ്പെട്ടത്​. പ്രതിയും ന്യൂഡൽഹി വസന്ത് കുഞ്ചിലെ രുചി വിഹാർ താമസക്കാരിയുമായ രാജ്കുമാരി സംഭവശേഷം വിവിധ പേരുകളിലായി വിവിധ സ്​ഥലങ്ങളിൽ കഴിയുകയായിരുന്നു. 10 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണം, വെള്ളി ഉരുപ്പടികളും വിലപിടിച്ച മറ്റുവസ്തുക്കളും ആശ്രമത്തിൽ നിന്ന് കാണാതായിരുന്നു.

ചിമാന്‍റെ മൃതദേഹം ആശ്രമം ഓഫിസിൽ കഴുത്തറുത്ത നിലയിലാണ്​ കണ്ടെത്തിയത്​. സ്വാമിനിയെയും സഹായികളെയും രണ്ട്​ കുളിമുറികളിലായി കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. ആശ്രമത്തിൽ താമസിച്ചിരുന്ന മഹേന്ദ്രസിങ് -രാജ്കുമാരി ദമ്പതികളെ സംഭവശേഷം കാണാതായത്​ പൊലീസിന്‍റെ ശ്രദ്ധയിൽപെട്ടു. ഒളിവിൽ പോയ ഇവരെ കണ്ടെത്തുന്നവർക്ക്​ ഗുജറാത്ത് സർക്കാർ 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. മഹേന്ദ്രസിങ്ങിന്‍റെ യഥാർത്ഥ പേര് ഗോവിന്ദ് സിങ്​ യാദവ് ആണെന്ന്​ പൊലീസ്​ പിന്നീട്​ കണ്ടെത്തിയിരുന്നു.

ഗോവിന്ദ് സിങ്ങിനെ 10 മാസം മുമ്പ് അറസ്റ്റ് ചെയ്തപ്പോൾ ഭാര്യ രാജ്​കുമാരി തന്ത്രപൂർവം മുങ്ങുകയായിരുന്നു. ഇരുവരും മധ്യപ്രദേശിലെ സിംതാര ഗ്രാമവാസികളാണ്​. 2003ലാണ് ഗുജറാത്തിലേക്ക്​ താമസം മാറിയത്​. കൊലപാതകത്തിന് 20 ദിവസം മുമ്പാണ്​ ഇരുവരും കാദി ആശ്രമത്തിൽ അന്തേവാസികളായത്​. കൊലപാതകത്തിന് ശേഷം മോഷണമുതലുകളുമായി ഇവർ രാജസ്ഥാനിലെ ജയ്പൂരിലേക്കും പിന്നീട് യുപിയിലെ ഝാൻസി, ഒറായ് എന്നിവിടങ്ങളിലേക്കും പലായനം ചെയ്തു. തുടർന്ന് ഡൽഹിയിൽ താമസിക്കാൻ തുടങ്ങി. മഹേന്ദ്രസിങ് എന്ന പേര്​ സ്വീകരിച്ച ഗോവിന്ദ്, കരാറുകാരനായാണ്​ ഇവിടെ കഴിഞ്ഞിരുന്നത്​. രാജ്കുമാരിയാക​ട്ടെ, സരോജ് എന്ന പേര്​ സ്വീകരിച്ച്​ ഒരു ചായക്കട നടത്തുകയായിരുന്നു.

Tags:    
News Summary - After 17 years, woman from Delhi held over murder of 4 in Ahmedabad ashram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.