മുംബൈ: രാജ്യത്തെ ജനാധിപത്യം, തെരഞ്ഞെടുപ്പ് എന്നിവ സ്വതന്ത്രവും നീതിയുക്തവുമല്ലെന്ന് ഉദ്ധവ് താക്കറെ പക്ഷ നേതാവും മുൻ മഹാരാഷ്ട്ര മന്ത്രിയുമായ ആദിത്യ താക്കറെ. ജനങ്ങളുടെ വോട്ടവകാശം തെരഞ്ഞെടുപ്പ് കമീഷൻ റാഞ്ചിയതായും വോട്ടർ പട്ടിക ഭീമമായ തോതിൽ പെരുപ്പിച്ചതായും ആദിത്യ ആരോപിച്ചു. മഹാരാഷ്ട്ര, ഹരിയാന, ഒഡിഷ, ഡൽഹി തെരഞ്ഞെടുപ്പിനെ അത് ബാധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ആം ആദ്മി പാർട്ടി (ആപ്) നേതാവും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ എന്നിവരുമായുള്ള കൂടിക്കാഴ്ചക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാരാഷ്ട്രയിലെ രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ചും ഇൻഡ്യ സഖ്യത്തിന്റെ നിലനിൽപിനെക്കുറിച്ചും രാഹുലും കെജ്രിവാളുമായി ആദിത്യ ചർച്ച നടത്തിയതായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.
ശിവസേനയെ പിളർത്തി ബി.ജെ.പി പാളയത്തിലേക്ക് പോയ ഏക്നാഥ് ഷിൻഡെയെ ‘മഹദ്ജി ഷിൻഡെ രാഷ്ട്രീയ് ഗൗരവ്’ പുരസ്കാരം നൽകി ശരദ് പവാർ ആദരിച്ചതും ചർച്ചയായി. മഹാരാഷ്ട്ര വിരുദ്ധനും ദേശീയ വിരുദ്ധനുമാണ് ഷിൻഡെയെന്നും ഏത് പ്രത്യയശാസ്ത്രത്തിന്റെ പേരിലാണ് ശരദ് പവാർ ഷിൻഡെയെ ആദരിച്ചതെന്ന് അറിയില്ലെന്നും ആദിത്യ പറഞ്ഞു. സൗഹൃദ സൂചകമായാണ് കെജ്രിവാളിനെ സന്ദർശിച്ചതെന്നും ആദിത്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.