ന്യൂഡൽഹി: ബാങ്ക് അക്കൗണ്ടുകൾ, മൊബൈൽ നമ്പറുകൾ തുടങ്ങി വിവിധ സേവനങ്ങൾക്ക് ആധാർ നിർബന്ധമാക്കുന്നതിനെതിരെ സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് വെള്ളിയാഴ്ച വിധി പുറപ്പെടുവിക്കും.
ഹരജികളിൽ അന്തിമ വാദം ജനുവരി 10ന് ആരംഭിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ആധാറുമായി ബന്ധപ്പെട്ട് നേരേത്ത സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവുകൾ കേന്ദ്ര സർക്കാർ പലതവണ ലംഘിച്ചതായി ഹരജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാൻ ബോധിപ്പിച്ചു.
ഇത്തരം വിജ്ഞാപനങ്ങളിലൂടെ സുപ്രീംകോടതിയുടെ പദവി ഇടിച്ചുതാഴ്ത്തുകയാണ് കേന്ദ്ര സർക്കാർ ചെയ്തതെന്നും ദിവാൻ പറഞ്ഞു. എന്നാൽ, ആധാറുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും 2016ലെ ആധാർ നിയമം അനുസരിച്ചാണെന്ന് അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ വാദിച്ചു. അനധികൃത പണമിടപാട് തടയുന്ന 2002ലെ നിയമത്തിൽ ഭേദഗതി കൊണ്ടുവന്നാണ് ബാങ്ക് അക്കൗണ്ടുകളും പെർമനൻറ് അക്കൗണ്ട് നമ്പറും (പാൻ) ആധാറുമായി ബന്ധിപ്പിക്കണമെന്ന് സർക്കാർ വ്യവസ്ഥ വെച്ചതെന്നും വേണുഗോപാൽ പറഞ്ഞു. മുതിർന്ന അഭിഭാഷകരായ അരവിന്ദ് ദത്താർ, ഗോപാൽ സുബ്രഹ്മണ്യം എന്നിവരും ഹരജിക്കാർക്കുവേണ്ടി വാദങ്ങൾ ഉന്നയിച്ചു.
ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മാർച്ച് 31 വരെയായി കേന്ദ്ര സർക്കാർ നീട്ടിയിരുന്നു. മൊബൈൽ നമ്പറുകൾ അടുത്ത വർഷം ഫെബ്രുവരി ആറിനകം ആധാറുമായി ബന്ധിപ്പിച്ചാൽ മതിയെന്ന നിലപാടിൽ സർക്കാർ മാറ്റമൊന്നും വരുത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.