ബംഗളൂരു: രേണുക സ്വാമി വധക്കേസിൽ സുപ്രീംകോടതി ജാമ്യം റദ്ദാക്കിയതിനു പിന്നാലെ കന്നഡ നടൻ ദർശനെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിലെ ഹൊസകെരെഹള്ളിയിലുള്ള ഭാര്യയുടെ വസതിയിൽനിന്നാണ് പൊലീസ് ദർശനെ കസ്റ്റഡിയിലെടുത്തത്.
കേസിൽ നടനും നടി പവിത്ര ഗൗഡക്കും ഉൾപ്പെടെ ഏഴു പേർക്ക് കർണാടക ഹൈകോടതി അനുവദിച്ച ജാമ്യമാണ് പരമോന്നത കോടതി വ്യാഴാഴ്ച രാവിലെ റദ്ദാക്കിയത്. ജസ്റ്റിസ് പാർദിവാല, ആർ. മഹാദേവൻ എന്നിവരുൾപ്പെട്ട രണ്ടംഗ ബെഞ്ചിന്റേതാണ് തീരുമാനം. യാന്ത്രികമായ അധികാരപ്രയോഗത്തെയാണ് ഹൈകോടതി ഉത്തരവ് കാണിക്കുന്നതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. പ്രതികൾക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും അതുവഴി വിചാരണ അട്ടമറിക്കാനും സാധ്യതയുണ്ടെന്നും വ്യക്തമാക്കിയാണ് ജാമ്യം റദ്ദാക്കിയത്.
എത്ര ഉന്നതനായാലും അയാൾ നിയമത്തിന് മുകളിലല്ല. ദർശനും കൂട്ടാളികൾക്കും ജയിലിൽ പ്രത്യേക പരിഗണന നൽകുന്നതിനേയും കോടതി വിമർശിച്ചു. ദർശന് പഞ്ചനക്ഷത്ര സൗകര്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് വിവരമുണ്ട്. ഈ സംഭവത്തിൽ സൂപ്രണ്ടിനെതിരെ നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു. കർണാടക ഹൈകോടതി വിധിക്കെതിരെ കർണാടക സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.
ദർശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡക്ക് മോശം സന്ദേശങ്ങൾ അയച്ചതിന് രേണുകസ്വാമി എന്നയാളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്നതാണ് ദർശനെതിരെയുള്ള കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.