എല്ലാ കേസിലും സുപ്രീംകോടതി ഇടപെടരുത് -കേന്ദ്ര സർക്കാർ

ന്യൂഡൽഹി: മാവോവാദി ബന്ധം ആരോപിച്ച്​ തെലുഗു കവി വരവര റാവു അടക്കമുള്ള ആക്ടിവിസ്റ്റുകളെ മഹാരാഷ്​ട്ര പൊലീസ്​ അറ്​സറ്റ്​ ചെയ്​ത വിഷയത്തിൽ ഇടപെട്ട സുപ്രീംകോടതി നടപടിയെ വിമർശിച്ച് കേന്ദ്രസർക്കാർ. എല്ലാ കേസിലും കോടതി ഇടപെടുന്നത് തെറ്റായ കീഴ് വഴക്കമാവുമെന്ന് കേന്ദ്രസർക്കാർ അഭിഭാഷകൻ സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടി. ചരിത്രക്കാരി റോമില ഥാപ്പർ അടക്കം നാലുപേർ സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയത്.

അതേസമയം, കേസ് പരിഗണിക്കുന്നത് 19ലേക്ക് മാറ്റിയ സുപ്രീംകോടതി അന്നേദിവസം കേസ് ഡയറിയും മറ്റ് തെളിവുകളും കോടതിയിൽ ഹാജരാക്കാൻ അന്വേഷണ സംഘത്തോട് നിർദേശിച്ചു. ആക്ടിവിസ്റ്റുകളെ വീട്ടുതടങ്കൽ കാലാവധിയും 19ലേക്ക് നീട്ടിയിട്ടുണ്ട്.

കോടതിയിൽ കേന്ദ്ര സർക്കാറിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ മണീന്ദർ സിങ് ശക്തമായ വാദങ്ങളാണ് ഉന്നയിച്ചത്. എല്ലാ കേസുകളും പരമോന്നത കോടതിയിൽ വരാറില്ല. ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്ത വിഷയത്തിൽ കോടതി ഇടപെട്ടത് അപകടകരമാണ്. ഇത് തെറ്റായ കീഴ് വഴക്കവുമാണ്. കൂടുതൽ കേസുകൾ സുപ്രീംകോടതിയിലേക്ക് വരാൻ ഇത് കാരണമാകും. പൊലീസ് നടപടിക്കെതിരെ കുറ്റാരോപിതർക്ക് കീഴ് കോടതി, ഹൈകോടതി, മറ്റ് നീതിന്യായ സംവിധാനങ്ങളെ സമീപിക്കാവുന്നതാണെന്നും മണീന്ദർ സിങ് ചൂണ്ടിക്കാട്ടി.

അതേസമയം, പൗര സ്വതന്ത്ര്യം അടിസ്ഥാനമാക്കിയാണ് സുപ്രീംകോടതി കേസിൽ ഇടപെട്ടതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കോടതിയിൽ വ്യക്തമാക്കി. വിഷയത്തിൽ സ്വതന്ത്ര അന്വേഷണം ആകാം. ഭരണഘടനയുടെ ആർട്ടിക്കിൾ മൂന്നുമായോ സി.ആർ.പി.സിയുമായോ കേസിന് ബന്ധമുണ്ടോയെന്നാണ് കോടതി പരിശോധിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

ആക്ടിവിസ്റ്റുകൾക്കെതിരായ കേസിന്‍റെ അന്വേഷണം സുപ്രീംകോടതിയുടെ നിരീക്ഷണത്തിൽ വേണമെന്ന് ഹരജിക്കാരുടെ അഭിഭാഷകൻ മനു അഭിഷേഖ് സിങ് വി ആവശ്യപ്പെട്ടു. മുൻപും നിരവധി കേസുകളുടെ അന്വേഷണം നടത്തിയ പ്രത്യേക അന്വേഷണ സംഘങ്ങളെ കോടതി നിരീക്ഷിച്ചിട്ടുണ്ട്. സി.ബി.ഐക്കോ എൻ.ഐ.എക്കോ കുറ്റാരോപിതരുടെ പങ്കിനെ കുറിച്ച് അന്വേഷിക്കാമെന്നും സിങ് വി വ്യക്തമാക്കി.

എല്‍ഗാര്‍ പരിഷത്തിന്‍റെ പരിപാടിയിൽ അറസ്റ്റിലായ ആക്ടിവിസ്റ്റുകൾ പങ്കെടുത്തിട്ടില്ല. മുംബൈയിൽ നടന്ന സംഘർഷത്തിൽ ആക്ടിവിസ്റ്റുകളുടെ ഇടപെടൽ ഉള്ളതായി കേസിന്‍റെ എഫ്.ഐ.ആറിൽ ആരോപിക്കുന്നില്ല. വരവര റാവുനെതിരെ 25ഉം വെര്‍നന്‍ ഗോണ്‍സാല്‍വസിനെതിരെ 17ഉം അരുണ്‍ ഫെരെറിനെതിരെ 11ഉം േകസുകളാണ് എടുത്തിട്ടുള്ളതെന്നും സിങ് വി ചൂണ്ടിക്കാട്ടി.

റോമില ഥാപ്പറിനെ കൂടാതെ ദേവ്​കി ജെയ്​ൻ, പ്രഭാത്​ പട്​നായ്​ക്​, സതീഷ്​ ദേശ്​പാണ്ഡെ, മായ ദരുവാല എന്നിവരാണ്​ ഹരജി സമർപ്പിച്ചത്​. ആക്​ടിവിസ്​റ്റുകളുടെ അറസ്​റ്റ്​ സ്​റ്റേ ചെയ്യുക, സ്വതന്ത്ര അന്വേഷണം പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ്​ ഹരജി​. ആക്​ടിവിസ്​റ്റുകളുടെ അറസ്​റ്റിൽ മഹാരാഷ്​ട്ര സർക്കാറിനോട്​ വിശദീകരണം ആവശ്യപ്പെടണമെന്നും ഹരജിയിൽ പറയുന്നു.

ദലിതുകളും സവര്‍ണ്ണരും ഏറ്റമുട്ടിയ ഭീമ-കൊരെഗാവ് സംഘര്‍ഷ കേസിൽ മാവോവാദി ബന്ധം ആരോപിച്ചാണ് തെലുഗു കവി വരവര റാവു, മനുഷ്യാവകാശ പ്രവര്‍ത്തകരും അഭിഭാഷകരുമായ വെര്‍നന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരെറ, മനുഷ്യാവകാശ പ്രവര്‍ത്തകയും അഭിഭാഷകയുമായ സുധ ഭരദ്വാജ്, പ്രമുഖ പത്രപ്രവര്‍ത്തകന്‍ ഗൗതം നവ്ലഖ എന്നിവരെ മഹാരാഷ്ട്ര പൊലിസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ്​​​. ക്രിമിനൽ ഗൂഢാലോചന, സമൂഹത്തിൽ സംഘർഷം സൃഷ്​ടിക്കൽ, നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയായിരുന്നു അറസ്​റ്റ്​​.

ഇതിന് പിന്നാലെ റോമില ഥാപ്പർ അടക്കമുള്ളവർ നൽകിയ ഹരജിയുടെ അടിസ്ഥാനത്തിൽ വരവര റാവു അടക്കമുള്ളവരെ ഹരജിയില്‍ വിധി തീര്‍പ്പാക്കുംവരെ വീട്ടുതടങ്കലിൽ പാർപ്പിക്കാൻ സുപ്രീംകോടതി നിർദേശം നൽകുകയായിരുന്നു. കേസ്​ ഭരണഘടനാ ബെഞ്ച്​ പരിഗണിക്കണമെന്ന്​ ആവശ്യപ്പെട്ട്​ മുതിർന്ന അഭിഭാഷകരായ അഭിഷേക്​ മനു സിങ്​വി, ദുഷ്യന്ത്​ ദേവ്​, ഇന്ദിര ജെയ്​സിങ്​ എന്നിവർ ചീഫ്​ ജസ്​റ്റിസിന് മുന്നിൽ ഹാജരാവുകയും ചെയ്തു.

1818ല്‍ ഉന്നത ജാതരായ പെഷ്വാ സൈന്യത്തിന് എതിരെ ദലിത്​ വിഭാഗത്തിലെ മെഹറുകള്‍ നേടിയ ഭിമ-കൊരെഗാവ് യുദ്ധ വിജയത്തിന്‍െറ 200 ാം ആഘോഷ ദിനത്തിലാണ് ജനുവരി ഒന്നിന് പൂണെയില്‍ ദലിത്​-സവര്‍ണ്ണ സംഘര്‍ഷമുണ്ടായത്. രാജ്യത്തിന്‍റെ വിവധ ഭാഗങ്ങളില്‍ നിന്ന് ദലിതുകളും സാമൂഹിക പ്രവർത്തകരും ആഘോഷത്തിന് ഒത്തുകൂടിയതായിരുന്നു. ദലിതുകള്‍ക്ക് പിന്തുണ നല്‍കിയും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിന് എതിരെ ചോദ്യങ്ങളുയര്‍ത്തിയും വിവിധ ഇടത്, ദലിത്, മറാത്ത സംഘടനകള്‍ ഒന്നിച്ചിരുന്നു.

ഇവര്‍ 2017 ഡിസംബര്‍ 31ന് നടത്തിയ എല്‍ഗാര്‍ പരിഷത്ത് വന്‍ വിജയവുമായിരുന്നു. എല്‍ഗാര്‍ പരിഷത്തിലെ പ്രഭാഷണങ്ങളാണ് കലാപത്തില്‍ കലാശിച്ചതെന്ന് ആരോപിച്ച് തുഷാര്‍ ദംഗുഡെ നല്‍കിയ പരാതിയിലാണ് മാവോവാദി ബന്ധം ആരോപിച്ച് എഴുത്തുകാര്‍, അഭിഭാഷകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ പൂണെ പൊലിസ് അറസ്റ്റ് ചെയ്​തത്. മാവോവാദികളാണ് എല്‍ഗാര്‍ പരിഷത്തിന് പിന്നിലെന്നാണ് പൊലിസിന്‍റെ ആരോപണം.

Tags:    
News Summary - Activists arrest: The government opposed what it called the Supreme Court's "interference" -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.