കാനഡയിലെ നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയവർക്കെതിരെ നടപടി പ്രതീക്ഷിക്കുന്നു -ജയ്ശങ്കർ

ന്യൂഡൽഹി: കാനഡയിലെ തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ പറഞ്ഞു. ടി.വി 9 നെറ്റ്‌വർക്ക് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് ജയ്ശങ്കർ ഇകാര്യം വ്യക്തമാക്കിയത്.

ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിങ് നിജ്ജറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ ഏജന്‍റുമാർക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കഴിഞ്ഞ വർഷം ആരോപിച്ചതിന് പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലെ നയതന്ത്ര ബന്ധം വഷളായിരുന്നു. ട്രൂഡോയുടെ ആരോപണത്തെ തുടർന്ന് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചിരുന്നു. എന്നിരുന്നാലും ആഴ്ചകൾക്ക് ശേഷം വിസ സേവനങ്ങൾ പുനഃസ്ഥാപിച്ചു.

ലണ്ടനിലെ ഹൈക്കമ്മീഷനും സാൻഫ്രാൻസിസ്‌കോയിലെ കോൺസുലേറ്റിനും നേരെ കഴിഞ്ഞ വർഷം നടന്ന ആക്രമണങ്ങളിൽ ഉൾപ്പെട്ടവർക്കെതിരെ യു.കെയും യു.എസും കർശന നടപടിയെടുക്കണമെന്ന് ഉച്ചകോടിയിൽ ജയ്ശങ്കർ പറഞ്ഞു. 'സാൻ ഫ്രാൻസിസ്കോയിലെ കോൺസുലേറ്റിന് നേരെയുണ്ടായ ആക്രമണത്തിലെ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ലണ്ടനിലെ ഞങ്ങളുടെ ഹൈകമീഷനിലേക്ക് ഇരച്ചുകയറിയ ആളുകൾക്കെതിരെ നടപടി പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ നയതന്ത്രജ്ഞരെ ഭീഷണിപ്പെടുത്തിയ ആളുകൾക്കെതിരെയും നടപടി പ്രതീക്ഷിക്കുന്നു' -ജയ്ശങ്കർ വ്യക്തമാക്കി.

'തങ്ങൾ ഒരു ജനാധിപത്യ രാജ്യമാണെന്ന് കാനഡ പറഞ്ഞുകൊണ്ടേയിരിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യമുള്ളതിനാൽ ആളുകൾ ഇതൊക്കെ പറയുന്നു. തങ്ങളുടെ കടമ നിർവഹിക്കുന്ന നയതന്ത്രജ്ഞരെ ഭീഷണിപ്പെടുത്തുന്നത് വളരെ ഖേദകരമാണ്. എംബസികൾക്കും കോൺസുലേറ്റുകൾക്കും പുക ബോംബ് എറിയുന്നത്, ഒരു സൗഹൃദ രാഷ്ട്രത്തിനെതിരെ അക്രമവും വിഘടനവാദവും നടത്തുന്നത് അഭിപ്രായ സ്വാതന്ത്ര്യമല്ല, അത് അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ ദുരുപയോഗമാണ്' -അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Action is expected against those who threatened Canadian diplomats - Jaishankar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.