ന്യൂഡൽഹി: ബി.ജെ.പി നേതാക്കളുടെ പ്രവാചക നിന്ദയിൽ പ്രതിഷേധിച്ച് ഡൽഹി ജുമാ മസ്ജിദിൽ പ്രകടനം നടത്തിയതിന് 72കാരനെ വേട്ടയാടി ഡൽഹി പൊലീസ്. നിയമവിരുദ്ധമായി ജനങ്ങളെ സംഘടിപ്പിച്ചു, വിവിധ ജനങ്ങൾക്കിടയിൽ മതസ്പർധ വളർത്താൻ ഇടയാക്കി എന്നീ കുറ്റങ്ങളാണ് അൻവാറുദ്ദീനെതിരെ ചുമത്തിയത്.
കലാപക്കേസ് ചുമത്തി അൻവാറുദ്ദീനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ജുമാ മസ്ജിദിനടുത്ത് താമസിക്കുന്ന ഇദ്ദേഹം മോട്ടോർ വർക് ഷോപ് നടത്തുകയാണെന്ന് ഡി.സി.പി ശ്വേത ചൗഹാൻ പറഞ്ഞു. പ്രതിഷേധവുമായി ബന്ധപ്പെട്ട് നേരത്തേ അറസ്റ്റ് ചെയ്ത മുഹമ്മദ് നദീം(42), ഫഹീം ഖാൻ(37) എന്നിവർക്കെതിരെ മതസ്പർധ വളർത്താൻ ശ്രമിച്ചു എന്നതിന് 153 എ വകുപ്പനുസരിച്ച് കേസെടുത്തതായും അവർ വ്യക്തമാക്കി. കേസിൽ പ്രതിചേർക്കപ്പെട്ട കൂടുതൽ ആളുകൾക്കായി തിരച്ചിൽ തുടരുകയാണെന്നും ഡി.സി.പി പറഞ്ഞു.
പ്രതിഷേധത്തെ പിന്തുണക്കുന്നതിനായി അൻവാറുദ്ദീൻ കടയുടമകളെ നിർബന്ധിച്ചു കടയടപ്പിച്ചുവെന്നും പൊലീസ് ആരോപിക്കുന്നു. പ്രദേശത്തെ മോശം സ്വഭാവത്തിന് ഉടമ എന്നാണ് പൊലീസ് അൻവാറുദ്ദീനെ മുദ്രകുത്തിയിരിക്കുന്നത്. ക്രിമിനൽ പശ്ചാത്തലമുള്ള ഇയാൾക്കെതിരെ 10 ഓളം കേസുകളുണ്ട്. ഇതിൽ മൂന്നെണ്ണം കൊലപാതകക്കേസുകളും മൂന്നെണ്ണം കലാപക്കേസുകളുമാണെന്ന് ഡി.സി.പി കൂട്ടിച്ചേർത്തു.
പ്രവാചക നിന്ദ നടത്തിയ ബി.ജെ.പി ദേശീയ വക്താവ് നൂപുർ ശർമയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വെള്ളിയാഴ്ചയാണ് 300 ഓളം ആളുകൾ ഡൽഹി ജുമാമസ്ജിദിനു സമീപം പ്രതിഷേധപ്രകടനം നടത്തിയത്. അനുമതിയില്ലാതെ പ്രകടനം നടത്തിയെന്നാരോപിച്ച് ഡൽഹി പൊലീസ് ഉടൻ തന്നെ ആളുകളെ നീക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.