മുംബൈ: മഹാരാഷ്ട്രയിലെ പ്രമുഖ കോൺഗ്രസ് നേതാവ് പവൻരാജെ നിംബാൽക്കർ വധക്കേസിലെ പ്രതികളെ വെറുതെവിട്ടു. 20ത്തിലേറെ വർഷം നീണ്ടുനിന്ന വിചാരണക്ക് ശേഷമാണ് മുംബൈയിലെ പ്രത്യേക കോടതി കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കി വിധി പുറപ്പെടുവിച്ചത്. 2006 ജൂൺ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. മുംബൈയിൽ നിന്ന് ഇപ്പോൾ ധാരാശിവ് എന്നറിയപ്പെടുന്ന ഉസ്മാനാബാദിലേക്ക് കാറിൽ യാത്ര ചെയ്യുകയായിരുന്ന 41കാരനായ നിംബാൽക്കറിനും ഡ്രൈവർ സമദ് ഖാസിനും നവി മുംബൈയിലെ കലാംബോളി മേഖലയിൽ വെച്ച് വെടിയേൽക്കുകയായിരുന്നു. മുൻ എൻ.സി.പി എം.പിയും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിന്റെ സഹോദരനുമായ പദംസിൻഹ് പാട്ടീൽ (86) അടക്കം പത്ത് പേരാണ് പ്രതിപട്ടികയിൽ ഉൾപ്പെട്ടിരുന്നത്. നിംബാൽക്കറെ വധിക്കാൻ 30 ലക്ഷം രൂപയുടെ കരാർ ഏറ്റെടുത്ത പരാസ്മൽ ജെയിൻ എന്നയാളെ പിന്നീട് മാപ്പ് സാക്ഷിയാക്കി.
നവി മുംബൈ പൊലീസിന്റെ അന്വേഷണത്തിൽ അതൃപ്തരായിരുന്ന നിംബാൽക്കറുടെ കുടുംബം ബോംബെ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് കേസ് സി.ബി.ഐക്ക് കൈമാറിയത്. തുടർന്ന് 2009ൽ പദംസിൻഹ് പാട്ടീലിനെ മുഖ്യപ്രതിയാക്കി സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. രാഷ്ട്രീയ വൈരാഗ്യവും തർന ഷുഗർ എന്ന വ്യവസായ സ്ഥാപനത്തിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സി.ബി.ഐ റിപ്പോർട്ടിൽ പറയുന്നു. 2011ൽ ആരംഭിച്ച് 20 വർഷത്തിലേറെ നീണ്ട വിചാരണക്കൊടുവിലാണ് കേസിന്‍റെ വിധി ഇപ്പോൾ വന്നിരിക്കുന്നത്. വിചാരണയുടെ ആദ്യഘട്ടങ്ങളിൽ സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ ഉൾപ്പെടെ 128 സാക്ഷികളെ കോടതി വിസ്തരിച്ചു. അണ്ണാ ഹസാരെയെ വധിക്കാൻ പാട്ടീൽ ക്വട്ടേഷൻ നൽകിയെന്ന പാരസ്മൽ ജെയിന്‍റെ വെളിപ്പെടുത്തൽ ഏറെ ചർച്ചയായിരുന്നു. സ്പെഷ്യൽ സി.ബി.ഐ കോടതി ജഡ്ജി സത്യനാരായൺ നവാന്ദറാണ് കേസിൽ വിധി പറഞ്ഞത്. അതേ സമയം കോടതിയുടെ വിധിയിൽ തൃപ്തരല്ലെന്നും പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ ഹാജരാക്കിയിട്ടുണ്ടെന്നും സി.ബി.ഐ അറിയിച്ചു. വിധി ഹൈക്കോടതിയിൽ ചോദ്യം ചെയ്യുമെന്നും സി.ബി.ഐ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.