തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിൽ പ്രതിസ്ഥാനത്തുണ്ടായിരുന്ന ഫാ. ജോസ് പൂതൃക്കയിലിനെ വെറുതെവിട്ട നടപടിക്കെതിരെ അപ്പീൽ നൽകാതെ അഴിമതി നടത്തിയെന്ന പരാതിയിൽ മുൻ ഡയറക്ടർ അലോക് വർമ ഉൾപ്പെടെ അഞ്ച് സി.ബി.െഎ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷിച്ച് നടപടി സ്വീകരിക്കാൻ നിർദേശം. കേന്ദ്ര പേഴ്സനൽ മന്ത്രാലയം സി.ബി.െഎ ഡയറക്ടറുടെ ചുമതല വഹിക്കുന്ന എം. നാഗേശ്വരറാവുവിനാണ് ഇൗ നിർദേശം നൽകിയത്.
ഫാ. ജോസ് പൂതൃക്കയിലിനെ സി.ബി.െഎ കോടതി വിചാരണ കൂടാതെ വെറുതെ വിട്ടതിനെതിരെ സി.ബി.െഎ ഹൈകോടതിയിൽ അപ്പീൽ നൽകാനുള്ള നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയുടെ ഒാഫിസും കേന്ദ്ര പേഴ്സനൽ മന്ത്രാലയം സെക്രട്ടറിയും രേഖാമൂലം നിർദേശം നൽകിയിട്ടും അപ്പീൽ നൽകിയില്ല. കൈക്കൂലി വാങ്ങിയാണ് ഇവർ അപ്പീൽ നൽകാത്തതെന്ന് ചൂണ്ടിക്കാട്ടി ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
സി.ബി.െഎ ഡയറക്ടറായിരുന്ന അലോക് വർമ, എസ്.പി. ഷിയാസ്, ഡിവൈ.എസ്.പി ദേവരാജ്, ഹൈകോടതിയിലെ സി.ബി.െഎ സ്റ്റാൻഡിങ് കൗൺസിൽ ശാസ്തമംഗലം എസ്. അജിത്കുമാർ, സി.ബി.െഎ പ്രോസിക്യൂട്ടർ മനോജ്കുമാർ എന്നിവർക്കെതിരെ നൽകിയ പരാതിയിലാണ് നടപടി. ഫാ. ജോസ് പൂതൃക്കയിലിനെ വെറുതെവിട്ടതിനെതിരെ ജോമോൻ നൽകിയ അപ്പീൽവാദം കഴിഞ്ഞ സെപ്റ്റംബർ 13ന് പൂർത്തിയാക്കി ഹൈകോടതി വിധി പറയാൻ മാറ്റിെവച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.