ലൈംഗികാതിക്രമം; സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി എ.എ.പി

ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ലൈംഗികാതിക്രമം ആരോപിച്ച് ഡൽഹി ജന്തർമന്തറിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി ആം ആദ്മി പാർട്ടി. എ.എ.പിയുടെ മുതിർന്ന നേതാവും ദേശീയ വക്താവുമായ റീന ഗുപ്ത ചൊവ്വാഴ്ച ജന്തർമന്തറിലെത്തി സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ കണ്ട് പാർട്ടി പിന്തുണ ഉറപ്പ് നൽകി.

കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാർ പ്രതികളെ സംരക്ഷിക്കുകയാണെന്ന് റീന ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു. "ഒന്നിലധികം പരാതികൾ നൽകിയിട്ടും ആയിരക്കണക്കിന് പെൺകുട്ടികൾക്ക് ദ്രോഹമുണ്ടാക്കിയ ബി.ജെ.പിയിൽ നിന്നുള്ള വ്യക്തിക്കെതിരെ എഫ്‌.ഐ.ആർ പോലും രജിസ്റ്റർ ചെയ്യാത്തതിൽ ഒരു രാഷ്ട്രമെന്ന നിലയിൽ നാം ഭയക്കണം. ഇരകൾക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഒളിമ്പിക്‌സ് മെഡൽ ജേതാക്കൾ ജന്തർ മന്തറിൽ പ്രതിഷേധം സംഘടിപ്പിച്ചിട്ടും ബി.ജെ.പി എന്താണ് ചെയ്യുന്നത്‍. സർക്കാർ കുറ്റവാളികളെ സംരക്ഷിക്കുന്നതും എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യാൻ അനുവദിക്കാത്തതും ലജ്ജാകരമാണ്"- റീന ഗുപ്ത പറഞ്ഞു. ഞങ്ങൾ ഗുസ്തി താരങ്ങൾക്കും രാജ്യത്തെ സ്ത്രീകൾക്ക് നീതിയും സമത്വവും ആവശ്യപ്പെടുന്ന എല്ലാവർക്കുമൊപ്പം നിൽക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

പരാതിയിൽ അന്വേഷണം നടത്തി പ്രതികളെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഗുസ്തി താരങ്ങൾ ജന്തർ മന്തറിൽ ക്യാമ്പ് ചെയ്യുന്നത്. മേൽനോട്ട സമിതിയുടെ റിപ്പോർട്ടിൽ എന്താണ് പറയുന്നതെന്ന് അറിയില്ലെന്ന് ഗുസ്തി താരം സാക്ഷി മാലിക് പറഞ്ഞു. ഞങ്ങൾ കള്ളം പറഞ്ഞതായാണ് ആളുകൾ കരുതുന്നതെന്നും മേൽനോട്ട സമിതിയിൽ അംഗങ്ങളായവരെ തങ്ങൾക്ക് വിശ്വാസമില്ലെന്നും സാക്ഷി മാലിക് കൂട്ടിച്ചേർത്തു.

Tags:    
News Summary - AAP extends support to wrestlers protesting at Jantar Mantar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.