ന്യൂഡൽഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കുമെന്ന റിപ്പോർട്ടുകൾ തള്ളി ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ. സ്വന്തം കരുത്തിൽ ആം ആദ്മി പാർട്ടി പോരാടുമെന്നും കോൺഗ്രസുമായി സഖ്യത്തിനുള്ള സാധ്യതയില്ലെന്നും കെജ്രിവാൾ പറഞ്ഞു.
2025ന്റെ തുടക്കത്തിൽ ഡൽഹിയിൽ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇൻഡ്യ സഖ്യത്തിലെ പാർട്ടികളായ കോൺഗ്രസും എ.എ.പിയും തമ്മിലുള്ള വാക്പോര് കടുക്കുകയാണ്. ഇരു പാർട്ടികളും ഡൽഹിയിൽ സഖ്യമില്ലെന്ന് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.
കോൺഗ്രസുമായുള്ള സഖ്യം എ.എ.പി ഇതുവരെ ചർച്ച ചെയ്തിട്ടില്ലെന്ന് മുതിർന്ന നേതാവ് ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ സഖ്യമില്ലാതെ മത്സരിച്ചിരുന്നുവെങ്കിൽ ഒന്നോ രണ്ടോ സീറ്റിലെങ്കിലും പാർട്ടിക്ക് വിജയിക്കാൻ സാധിക്കുമെന്നായിരുന്നുവെന്നാണ് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ദേവേന്ദർ യാദവിന്റെ പ്രതികരണം.
എ.എ.പിക്കെതിരെ ഭരണവിരുദ്ധ വികാരമുണ്ട്. കോൺഗ്രസിന്റെ ന്യായ് യാത്രയിൽ ഇത് വ്യക്തമായതാണ്. അവർക്കൊപ്പം മത്സരിച്ച് ഭരണവിരുദ്ധ വികാരത്തിന്റെ പ്രശ്ങ്ങൾ തങ്ങൾ എന്തിന് അനുഭവിക്കണം. അതിനേക്കാൾ നല്ലത് ഒറ്റക്ക് തെരഞ്ഞെടുപ്പിനെ നേരിടുന്നതാണെന്നും ദേവേന്ദർ യാദവ് പറഞ്ഞു. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഡൽഹിയിലെ മുഴുവൻ സീറ്റിലും ബി.ജെ.പി ജയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.