ന്യൂഡൽഹി: ദുർബലരായ ആദിവാസി വിഭാഗങ്ങളുടെ (പി.വി.ടി.ജി) സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള 24,000 കോടി രൂപയുടെ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഝാർഖണ്ഡിൽ 'ജൻജാതിയ ഗൗരവ് ദിവസ്' വേളയിൽ ഉദ്ഘാടനം ചെയ്യുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനോടൊപ്പം ദളിതർക്കും പിന്നാക്ക വിഭാഗങ്ങൾക്കും ആദിവാസികൾക്കും ദരിദ്രർക്കും സംവരണം ഉറപ്പാക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.
ബിർസ മുണ്ടയുടെ ജന്മദിനം 'ജൻജാതിയ ഗൗരവ് ദിവസ്' ആയി ആചരിക്കുമെന്ന് 2021ൽ പ്രഖ്യാപിച്ചിരുന്നു. 2023-24 ബജറ്റിലാണ് സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പി.വി.ടി.ജി വികസന മിഷൻ പ്രഖ്യാപിച്ചത്. 220 ജില്ലകളിലായി 28 ലക്ഷത്തോളം ജനസംഖ്യയുള്ള 22,544 ഗ്രാമങ്ങളിലായി 18 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 75 പി.വി.ടി.ജികൾ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. റോഡ്, ടെലികോം കണക്റ്റിവിറ്റി, വൈദ്യുതി, സുരക്ഷിതമായ പാർപ്പിടം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളോടെ പി.വി.ടി.ജി കുടുംബങ്ങളെയും ആവാസ വ്യവസ്ഥകളെയും സംരക്ഷിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
കുടിവെള്ളം, ശുചിത്വം, വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം,സുസ്ഥിരമായ ഉപജീവന അവസരങ്ങൾ എന്നിവ ഉറപ്പാക്കാനും ഈ പദ്ധതി സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഗ്രാമീണ റോഡുകൾ, ഗ്രാമീണ ഭവനങ്ങൾ തുടങ്ങിയ നിലവിലുള്ള ക്ഷേമ പരിപാടികൾക്ക് കീഴിൽ ഒമ്പത് മന്ത്രാലയങ്ങളുടെ പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന, അരിവാൾ കോശ രോഗ നിർമാർജനം, ക്ഷയരോഗ നിർമാർജനം, 100 ശതമാനം പ്രതിരോധ കുത്തിവയ്പ്പ്, പി.എം സുരക്ഷിത് മാതൃത്വ യോജന, പി.എം മാതൃ വന്ദന യോജന, പി.എം പോഷൺ, പി.എം ജൻ ധൻ യോജന തുടങ്ങിയവക്ക് സാച്ചുറേഷൻ കവറേജ് ഉറപ്പാക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.