1971ൽ പാകിസ്താനെ പരാജയപ്പെടുത്താൻ ഇന്ത്യയെ സഹായിച്ച മുസ്‍ലിം ചാര വനിതയുടെ അസാധാരണ ജീവിത കഥ

2018ലെ ഒരു വേനൽക്കാലത്ത് പഞ്ചാബിലെ മലേർകോട്‌ലയിൽ ഒരു സൈനിക ഉദ്യോഗസ്ഥൻ തന്റെ മാതാവിന്റെ മരണത്തിൽ അതിയായ ദുഃഖത്തിലമർന്നു. തങ്ങളുടെ ജീവിതം മാറ്റിമറിച്ച ഒരു വനിതയെ നഷ്ടപ്പെട്ടതിൽ  ആ ദേശത്തെ നിരവധിയാളുകൾ ദുഃഖിതരായിരുന്നു. മറ്റു സ്ത്രീകളെയും പിന്നാക്ക വിഭാഗക്കാരെയും സമൂഹത്തിൽ ഉയർന്നുവരാനും മാന്യമായ ജീവിതം നയിക്കാനും സഹായിച്ച ഒരു സ്ത്രീയായിരുന്നു അവർ. എന്നാൽ, മാതാവിന്റെ വീരോചിതമായ ഭൂതകാലത്തെക്കുറിച്ച്  മകനു മാത്രമേ അറിയുമായിരുന്നുള്ളൂ. 

ഡൽഹി സർവകലാശാലയിൽ സാധാരണ വിദ്യാർത്ഥിയായിരുന്ന ഒരു പെൺകുട്ടിയുടെ ജീവിതം 1969ലാണ് തലകീഴായി മറിഞ്ഞത്. അവളുടെ രോഗിയായ പിതാവ് ഹിദായത്ത് ഖാൻ (യഥാർത്ഥ പേരല്ല) തന്റെ അന്ത്യാഭിലാഷം നിറവേറ്റാൻ ജമ്മു കശ്മീർ സന്ദർശിക്കാൻ അവളെ വിളിച്ചപ്പോഴായിരുന്നു അത്. സെഹ്മത്തിന് രാഷ്ട്രത്തോടുള്ള തന്റെ പിതാവിന്റെ അചഞ്ചലമായ പ്രതിബദ്ധതയെ ആദരിക്കുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നു. 

ഹരീന്ദർ സിങ് സിക്ക യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി 2008ൽ ആദ്യമായി എഴുതിയ ‘കോളിങ് സെഹ്മത്ത്’ എന്ന ത്രസിപ്പിക്കുന്ന നോവലിലൂടെയാണ് ഈ സംഭവം പുറംലോകത്തെത്തുന്നത്. കഥാനായികയുടെ യഥാർത്ഥ പേരല്ല സെഹ്മത്ത്. സിക്ക നോവലിൽ വിവരിച്ചിരിക്കുന്നതുപോലെ ബിരുദത്തിനൊപ്പം ക്ലാസിക്കൽ നൃത്തവും വയലിനും പഠിച്ചുകൊണ്ടിരുന്ന 20 വയസ്സുള്ള പെൺകുട്ടിയോട് അവളുടെ പിതാവ് വിദ്യാഭ്യാസം ഉപേക്ഷിച്ച് രാജ്യത്തിനുവേണ്ടി പാകിസ്താനിൽ ചാരപ്പണി ചെയ്യാൻ ആവശ്യപ്പെട്ടു. പാകിസ്താനിലെ മുതിർന്ന ഉദ്യോഗസ്ഥനും ബ്രിഗേഡിയർ പർവേസ് സയ്യിദിന്റെ മകനുമായ ഇഖ്ബാൽ സയ്യിദുമായുള്ള വിവാഹമായിരുന്നു അതിന് തയ്യാറാക്കിയ പദ്ധതി. 

സെഹ്മത്തിന്റെ പിതാവ് ഒരു സാധാരണക്കാരനല്ലായിരുന്നു. കച്ചവടക്കാരനായിരുന്ന അദ്ദേഹം ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ ‘റോ’ക്ക് വേണ്ടിയും ജോലി ചെയ്തു. അതിർത്തിക്കപ്പുറത്തുള്ള പ്രൊഫഷണൽ ബന്ധങ്ങൾ കാരണം 1965ൽ പാകിസ്തനെതിരായ യുദ്ധത്തിൽ ഇന്ത്യയുടെ സന്ദേശവാഹകനായി പ്രവർത്തിച്ചു. അർബുദം പിടിപെട്ട ഘട്ടത്തിലും  രാജ്യത്തെ സേവിക്കുന്നത് തുടർന്നു.

ഹരീന്ദർ സിങ് സിക്ക സെഹ്മത്തിനെ വിശേഷിപ്പിക്കുന്നതുപോലെ ആ പെൺകുട്ടിക്ക് അവളുടെ പിതാവിന്റെ പിൻഗാമിയായി രഹസ്യാന്വേഷണ ഏജൻസിയുടെ ഏജന്റായി പ്രവർത്തിക്കേണ്ടി വന്നു. അവളുടെ മുന്നിലുള്ള ദൗത്യം വളരെ അപകടകരവും ഒരോ രാത്രിയും അടുത്ത പ്രഭാതം കാണാൻ ജീവിച്ചിരിക്കുമോയെന്ന ഭീതിയിൽ മുങ്ങിയതുമായിരുന്നു.

സെഹ്മത്തിനെ ആദ്യം പരിശീലിപ്പിച്ചത് ആ സമയത്ത്  റോയുടെയും എ.ഡബ്ല്യുവിന്റെയും തലവനായ, ‘മിർ’ എന്ന കോഡ് നാമത്തിൽ അറിയപ്പെട്ടിരുന്ന മാനവ് ചൗധരിയാണ്. പാകിസ്താൻ സൈന്യത്തിന്റെ ഉന്നത വൃത്തങ്ങളിൽ നടക്കുന്ന പദ്ധതികളെക്കുറിച്ചും ചർച്ചകളെക്കുറിച്ചും സാധ്യമായ എല്ലാ വിവരങ്ങളും ചോർത്തി നൽകുക എന്ന അവളുടെ ദൗത്യത്തെ അദ്ദേഹം വിശദീകരിച്ചു.

സെഹ്മത്ത് ഇഖ്ബാലിനെ വിവാഹം കഴിച്ചു. അദ്ദേഹത്തിന്റെ കുടുംബം അവളെ തുറന്ന മന​സ്സോടെ സ്വീകരിച്ചു. കേൾക്കാനും നിരീക്ഷിക്കാനും മാത്രമേ അവളോട് തലപ്പത്തുള്ളവർ നിർദേശിച്ചിരുന്നുള്ളൂ. അടിയന്തര സാഹചര്യങ്ങളിൽ ‘മോഴ്സ്’ കോഡ് ഉപയോഗിച്ച് ‘SOS’ സന്ദേശങ്ങൾ ഇൻസ്റ്റാൾ ചെയ്യാനും അയക്കാനുമുള്ള പരിശീലനവും നൽകി.

സെഹ്മത്ത് ബന്ധങ്ങൾ കെട്ടിപ്പടുക്കുക മാത്രമല്ല, അവളുടെ കുടുംബാംഗങ്ങളുടെയും  സൈനിക ക്വാർട്ടേഴ്സുകളിലെ സേവകരുടെയും അയൽക്കാരുടെയും വിശ്വാസം നേടുകയും ചെയ്തു. ജനറൽ യഹ്‍യ ഖാന്റെ പേരക്കുട്ടികൾ ഉൾപ്പെടെ പാകിസ്താൻ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ കുട്ടികൾ പഠിച്ച സൈനിക സ്കൂളിൽ കുട്ടികളെ പരിശീലിപ്പിക്കാൻ സംഗീത, നൃത്ത കഴിവുകൾ സഹായിച്ചു. പാക് പ്രതിരോധ വൃത്തങ്ങളിലേക്കും രഹസ്യാന്വേഷണ വിഭാഗങ്ങളിലേക്കും  പ്രവേശനം ലഭിച്ചു. അവളുടെ സ്വാധീനം ബ്രിഗേഡിയർ സയ്യിദിന് പാകിസ്താൻ രഹസ്യാന്വേഷണ ശൃംഖലകളിൽ സ്ഥാനക്കയറ്റങ്ങളും ഉയർന്ന പദവികളും നേടാൻ തുണച്ചു.

കിഴക്കൻ പാകിസ്താനിൽ (ഇന്നത്തെ ബംഗ്ലാദേശ്) സ്വാതന്ത്ര്യത്തിനായുള്ള മുറവിളികളുടെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം ദിനംപ്രതി വർധിച്ചുകൊണ്ടിരുന്നു. 1971ൽ കിഴക്കൻ പാകിസ്താന് സ്വാതന്ത്ര്യം നേടാൻ ഇന്ത്യ ഇടപെടാനും സഹായിക്കാനും തീരുമാനിച്ചതോടെ ഒരു യുദ്ധത്തിന്റെ സാധ്യതകൾ ഉയർന്നു.

ആ സമയത്ത്, ഇന്ത്യക്ക് ഒരു തദ്ദേശീയ വിമാനവാഹിനിക്കപ്പൽ (ഐ.എൻ.എസ് വിക്രാന്ത്) ഉണ്ടായിരുന്നു. അത് ആത്യന്തികമായി ഇന്ത്യൻ വിജയത്തിനും ബംഗ്ലാദേശ് രൂപീകരണത്തിനും തന്ത്രപരമായ സ്ഥാനം സൃഷ്ടിച്ചു. ഇന്ത്യക്കുള്ള ഈ ശേഷിയെക്കുറിച്ച് പാകിസ്താന് അറിയാമായിരുന്നു. ബംഗാൾ ഉൾക്കടലിൽ നങ്കൂരമിട്ടിരിക്കുന്ന കപ്പൽ ലക്ഷ്യമിടാൻ അവർ തീരുമാനിച്ചു. മിസൈലുകൾ ഘടിപ്പിച്ച പാകിസ്താൻ അന്തർവാഹിനിയായ പി.എൻ.എസ് ഘാസിയെ ഇന്ത്യയുടെ ഭീമൻ കപ്പൽ മുക്കുന്ന ദൗത്യമേൽപിച്ചു.

അപ്പോഴാണ് സെഹ്മത്ത് ഇന്ത്യൻ യുദ്ധക്കപ്പലിനെ ആക്രമിക്കാനുള്ള പാകിസ്താന്റെ പദ്ധതികളെക്കുറിച്ച് അറിഞ്ഞത്. പി.എൻ.എസ് ഘാസിയുടെ സ്ഥാനനിർണയത്തെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ അവൾ കൈമാറി. പി.എൻ.എസ് ഘാസി മുക്കുന്നതിന് ഇന്ത്യൻ നാവികസേന അതിവേഗം പ്രവർത്തിച്ചു. ആ കപ്പലിലുള്ളവരെ അടക്കമായിരുന്നു അത്.

സെഹ്മത്തിന്റെ ധീരത അസാധാരണമായിരുന്നു. ഓരോ നിമിഷവും അത് അപകടം നിറഞ്ഞതായിരുന്നു. സയ്യിദ് കുടുംബത്തിന്റെ അടുത്ത സഹായിയായ അബ്ദുൽ, സെഹ്മത്തിന്റെ യഥാർത്ഥ വ്യക്തിത്വത്തെക്കുറിച്ച് സംശയാലുവായി. തുടർന്ന് സെഹ്മത്ത് അയാളുടെ മേൽ ഒരു ട്രക്ക് ഇടിച്ചു കയറ്റി കൊലപ്പെടുത്തി. ഭർത്താവ് ഇഖ്ബാൽ സയ്യിദ് അവളെ തിരിച്ചറിയാൻ തുടങ്ങിയപ്പോൾ അവൾക്കു പിന്നിലുള്ളവർ അയാളെയും വകവരുത്തി. അബ്ദുലിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ തുടങ്ങിയതിനു പിന്നാലെ സെഹ്മത്ത് തന്റെ ഭർതൃസഹോദരിയുടെ ഭർത്താവ് മെഹബൂബ് സയ്യിദിനെ ആസൂത്രിതമായി ഇല്ലാതാക്കി. 

ഇഖ്ബാലിന്റെ മകനെ ഗർഭം ചുമക്കവെ, സെഹ്മത്തിനെ സുരക്ഷിതമായി ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നു. ആദ്യകാലം ചെലവഴിച്ച സ്ഥലമായ പഞ്ചാബിലെ മലേർകോട്‌ലയിൽ തന്റെ ജീവിതകാലം മുഴുവൻ കഴിയാൻ അവൾ തീരുമാനിച്ചു. ഡൽഹിയിലെ അവളുടെ ആദ്യ പ്രണയത്തിലെ അഭിനവ് (യഥാർത്ഥ പേരല്ല) സെഹ്മത്തിനെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തു. പക്ഷേ, കുറ്റബോധത്തോടെ ആ സ്ത്രീ അതിന് വിസമ്മതിച്ചു. മകന്റെ കണ്ണിൽ ഒരു കൊലപാതകിയായി കാണപ്പെടാൻ ആഗ്രഹിക്കാത്തതിനാൽ അവൾ മകനെ വളർത്താനും വിസമ്മതിച്ചു. അഭിനവ് ഒരു സൈനിക ഉദ്യോഗസ്ഥനായി മാറുന്നതിനു മുമ്പ് അവളുടെ കുഞ്ഞിനെ ദത്തെടുത്ത് വളർത്തി.

കാർഗിൽ യുദ്ധം റിപ്പോർട്ട് ചെയ്യുന്നതിനിടെ സെഹ്മത്തിന്റെ കഥ ആദ്യമായി കണ്ടെത്തിയ ഹരീന്ദർ സിക്ക, അവരുടെ യഥാർത്ഥ പേര് വെളിപ്പെടുത്താൻ മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല ഉൾപ്പെടെ നിരവധി പേരോട് അനുമതിക്കായി ശ്രമിച്ചെങ്കിലും മകന്റെ സുരക്ഷക്കായി അങ്ങനെ ചെയ്യുന്നതിൽ നിന്ന് തടയപ്പെട്ടു.

‘സെഹ്മത്തിന്റെ കഥ അാധാരണ ധൈര്യത്തിന്റെ കഥയാണ്. അവരുടെ വെളിപ്പെടുത്തലുകൾ ആയിരക്കണക്കിന് ജീവൻ രക്ഷിച്ചു. ഇന്ത്യ വീണ്ടും വിജയിച്ചു. എന്നാൽ, പാകിസ്താന്റെ ആക്രമണത്തിനും അബദ്ധത്തിനും ഇരുപക്ഷവും കനത്ത വില നൽകി. തൽഫലമായി രണ്ടു കുടുംബങ്ങളും നശിപ്പിക്കപ്പെട്ടു. പാകിസ്താനിൽ നിന്ന് ആഴമേറിയ വിഷാദാവസ്ഥയിൽ തിരികെ കൊണ്ടുവന്ന സെഹ്മത്തും’ - സിക്ക എഴുതി. 

മലേർക്കോട്ട്ലയിലെ ജനങ്ങളുടെ പുരോഗതിക്കായി ആ രഹസ്യ ഏജന്റ് തന്റെ ജീവിതത്തിന്റെ ബാക്കി സമയം ചെലവഴിച്ചു. ‘അവൾക്ക് ചുറ്റും അത്രയും സൗമ്യമായ ഒരു അന്തരീക്ഷം നേരത്തെ ഉണ്ടായിരുന്നു. ഒരു മനുഷ്യനെ ക്രൂരമായി കൊല്ലുന്നതു പോയിട്ട്, ഒരു അണ്ണാൻ കുഞ്ഞിനെ ഉപദ്രവിക്കാൻ പോലും കഴിയുമെന്ന് സങ്കൽപ്പിക്കാൻപോലും ആ പെൺകുട്ടിക്ക് പ്രയാസമായിരുന്നു’വെന്ന് സിക്ക എഴുതി. എന്നിരുന്നാലും, സെഹ്മത്തിന്റെ പ്രവൃത്തികൾ കശ്മീരിലെ മുസ്‍ലിംകളുടെ ദേശസ്‌നേഹത്തെ ചോദ്യം ചെയ്യുന്ന ഏതൊരാളുടെയും കണ്ണു തുറപ്പിക്കണമെന്നും അദ്ദേഹം പറയുന്നു.

ഈ യഥാർഥ സംഭവത്തെ ആസ്പദമാക്കി നോവലിനു പുറമെ ഹിന്ദി ചലച്ചിത്രവും ഇറങ്ങിയിട്ടുണ്ട്. 2018ൽ മേഘ്ന ഗുൽസാർ സംവിധാനം ചെയ്ത് ആലിയ ഭട്ട് നായികയായ ‘റാസി’ എന്ന ചിത്രമാണ് അത്. 

Tags:    
News Summary - A Muslim woman spy who helped India defeat Pakistan in 1971

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.