എയർ ഇന്ത്യ അഴിമതിക്കേസിൽ ഊരിപ്പോരാൻ പ്രഫുൽ പട്ടേലിനെ സഹായിച്ചത് എൻ.ഡി.എ ബാന്ധവം

മുംബൈ: എയർ ഇന്ത്യക്ക് വിമാനങ്ങൾ പാട്ടത്തിന് നൽകിയതുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ എൻ.സി.പി നേതാവും ഇപ്പോൾ എൻ.ഡി.എയുടെ ഭാഗവുമായ പ്രഫുൽ പട്ടേലിന് സി.ബി.ഐയുടെ ക്ലീൻ ചിറ്റ് നൽകിയതിന് ഒരോയൊരു കാരണം മാത്രം. എൻ.ഡി.എയിൽ ചേർന്നതിന് പ്രഫുൽ പട്ടേലിന് ലഭിച്ച പ്രതിഫലമാണിതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. എട്ടു മാസമായിട്ടേ ഉള്ളൂ പ്രഫുൽ മഹാരാഷ്ട്രയിലെ ബി.ജെ.പി സർക്കാരിന്റെ ഭാഗമായിട്ട്. 

യു.പി.എ സർക്കാരിന്റെ കീഴിൽ വ്യോമയാന മന്ത്രിയായിരുന്ന പ്രഫുൽ പട്ടേൽ പദവി ദുരുപയോഗം ചെയ്ത് എയർ ഇന്ത്യക്ക് വലിയ വിമാനങ്ങൾ പാട്ടത്തിന് നൽകിയെന്നായിരുന്നു കേസ്. ഏഴുവർഷത്തെ ​അന്വേഷണത്തിന് ശേഷമാണ് സി.ബി.ഐ കേസ് അവസാനിപ്പിക്കുന്നത്. പ്രഫുൽ പട്ടേലിനും അന്നത്തെ എയർ ഇന്ത്യ ഉദ്യോഗസ്ഥർക്കും വ്യോമയാന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്കും സി.ബി.ഐ ക്ലീൻ ചിറ്റ് നൽകി. കേസിൽ അന്വേഷണം അവസാനിപ്പിക്കുന്നതായി കാണിച്ച് 2024 മാർച്ചിൽ സി.ബി.ഐ ഡൽഹി റോസ് അവന്യൂ കോടതിയിൽ റിപ്പോർട്ട് നൽകി. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സി.ബി.ഐയുടെ നീക്കം.

2017 മേയിൽ സുപ്രീംകോടതിയുടെ ഉത്തരവനുസരിച്ചാണ് എയർ ഇന്ത്യയ്ക്ക് വിമാനം പാട്ടത്തിനെടുത്തതിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തത്. വ്യോമയാന മന്ത്രാലയത്തിലെയും എയർ ഇന്ത്യയുടെയും നിരവധി ഉദ്യോഗസ്ഥരെ അന്വേഷണത്തിന്റെ ഭാഗമായി സി.ബി.ഐ ചോദ്യം ചെയ്തു.

പട്ടേലിനെ കേസിലെ പ്രധാന പ്രതികളിൽ ഒരാളെന്ന നിലയിൽ സി.ബി.ഐയും ഇ.ഡിയും ചോദ്യം ചെയ്തിരുന്നു. 2008-09 കാലത്ത് എയർഇന്ത്യയുടെ ലാഭം കൊയ്യുന്ന റൂട്ടുകൾ സ്വകാര്യ വിമാനക്കമ്പനികൾക്ക് പാട്ടത്തിന് നൽകാനായി ഇടനിലക്കാരനായി നിന്ന ദീപക് തൽവാറിന്റെ അടുത്ത സുഹൃത്താണ് പ്രഫുൽ പട്ടേൽ എന്ന് ഇ.ഡി 2019 മേയിൽ പ്രത്യേക കോടതിയെ അറിയിച്ചിരുന്നു.

കഴിഞ്ഞ വർഷം ജൂണിൽ എൻ.സി.പി നേതാവ് ശരദ് പവാറിനൊപ്പം പട്‌നയിൽ നടന്ന പ്രതിപക്ഷ സഖ്യ യോഗത്തിൽ പട്ടേൽ പങ്കെടുത്തിരുന്നു. എന്നാൽ തൊട്ടടുത്ത മാസം തന്നെ പ്രഫുൽ അജിത് പവാറിനും ഛഗൻ ഭുജ്ബൽ ഉൾപ്പെടെയുള്ള മറ്റ് അംഗങ്ങൾക്കുമൊപ്പം എൻ.ഡി.എയിൽ ചേർന്നു. എൻ.സി.പിയിലെ അജിത് വിഭാഗം ഇപ്പോൾ മഹാരാഷ്ട്രയിലെ ഷിൻഡെ സർക്കാരിന്റെ ഭാഗമാണ്.

രണ്ടാം യു.പി.എ സർക്കാരിന്റെ കാലത്ത് ബി.ജെ.പി ഉയർത്തിക്കൊണ്ടുവന്ന വിവാദത്തിൽ കഴമ്പില്ലെന്ന് സി.ബി.ഐ തന്നെ കണ്ടെത്തിയതോടെ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പുപറയണമെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പ്രതികരിച്ചു.

Tags:    
News Summary - 8 months after he joined NDA, CBI files closure in case against Praful Patel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.