മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ്, വോട്ടെണ്ണൽ പ്രക്രിയകളിൽ ഗുരുതരമായ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് തെരഞ്ഞെടുപ്പ് കമീഷന് കത്തയച്ചു. വോട്ടർ പട്ടികയിൽ ഏകദേശം 47 ലക്ഷം വോട്ടർമാരുടെ വർധന ഉണ്ടായെന്നും, വോട്ടെടുപ്പിന്‍റെ അവസാന മണിക്കൂറിൽ അസാധാരണമായ 76 ലക്ഷം വോട്ടുകൾ രേഖപ്പെടുത്തിയെന്നും കത്തിൽ പറയുന്നു.
പല വോട്ടർമാരെയും ഏകപക്ഷീയമായി നീക്കുകയും അന്തിമ വോട്ടർ പട്ടികയിൽ നിന്ന് ഓരോ മണ്ഡലത്തിലും 10,000 വോട്ടർമാരെ വീതം ചേർക്കുകയും ചെയ്തിരിക്കുന്നു. തെരഞ്ഞെടുപ്പ് കമീഷന്‍റെ കണക്കുകൾ പരിശോധിക്കുമ്പോൾ വൈകിട്ട് 5 മുതൽ വോട്ടിങ് അവസാനിക്കുന്നത് വരെയുള്ള സമയത്ത് വോട്ടിങ്ങിൽ വൻ വർധന ഉണ്ടായി -മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ, സംസ്ഥാന യൂനിറ്റ് ഇൻചാർജ് രമേശ് ചെന്നിത്തല, പാർട്ടി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക് എന്നിവർ അയച്ച കത്തിൽ പറയുന്നു.
ജൂലൈ-നവംബർ കാലയളവിൽ വോട്ടർപട്ടികയിൽ 47 ലക്ഷം വോട്ടർമാരുടെ വർധനയുണ്ടായി. ഇത് ഭരണ കക്ഷികൾക്ക് അനുകൂലമായി. കത്തിൽ ആരോപിക്കുന്നു. ഇക്കാര്യങ്ങളിൽ വിശദമായ പ്രതികരണം നടത്തേണ്ടത് കമീഷന്‍റെ ബാധ്യതയാണെന്നും കത്തിൽ പറയുന്നു.
ശരാശരി 50,000 വോട്ടർമാരുടെ വർധനയുണ്ടായ 50 നിയമസഭാ മണ്ഡലങ്ങളിൽ 47ലും ഭരണകക്ഷിയും സഖ്യകക്ഷികളും വിജയം ഉറപ്പിച്ചിരുന്നു. വോട്ടർ പട്ടികയിൽ വ്യാജമായി ആളെച്ചേർക്കുന്നതിനെതിരെ ധാരാശിവ് സൈബർ പോലീസ് സ്റ്റേഷനിൽ രജിസ്‌റ്റർ ചെയ്‌ത എഫ്ഐആറിന്‍റെ പകർപ്പും കത്തിനൊപ്പം ചേർത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.