ശ്രീനഗര്‍: ജമ്മു കശ്മീരിലെ നൗഗാം പൊലിസ് സ്റ്റേഷനിലുണ്ടായ വൻ സ്ഫോടനത്തിൽ ഒൻപത് പേർ മരിച്ചു. 30 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്. സ്ഫോടനത്തിൽ സ്റ്റേഷനും വാഹനങ്ങളും കത്തിയമര്‍ന്നു.
ഫരീദാബാദിൽ ഭീകരരിൽ നിന്ന് പിടിച്ചെടുത്ത സ്ഫോടന വസ്തുക്കള്‍ പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഭീകരരിൽ നിന്ന് പിടിച്ച അമോണിയം നൈട്രേറ്റ് ഉൾപ്പടെ ഇവിടെ സൂക്ഷിച്ചിരുന്നു. തഹസീൽദാർ അടക്കം ഉദ്യോഗസ്ഥരും സ്റ്റേഷനിൽ ഉണ്ടായിരുന്നു. ഫൊറൻസിക് സംഘത്തിലെ അംഗങ്ങളും പൊലീസുകാരുമടക്കം 30ലധികം പേർക്ക് പരിക്കേറ്റു.
ഇന്നലെ രാത്രി 11.20ഓടെയായിരുന്നു സംഭവം. പരിശോധനക്കായി സാമ്പിൾ ശേഖരിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. ശ്രീനഗറിലേക്ക് കൊണ്ടുപോയ സ്‌ഫോടക വസ്തുക്കളിൽ ഒരു ഭാഗം പൊലീസ് ഫോറൻസിക് ലാബിലേക്ക് അയച്ചിരുന്നെങ്കിലും 360 കിലോ പരിശോധനക്കായി പൊലീസ് സ്റ്റേഷനിലാണ് സൂക്ഷിച്ചിരുന്നത്. പൊട്ടിത്തെറിയുടെ കാരണം സംബന്ധിച്ച് വ്യക്തമല്ല. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സ്‌ഫോടനം ഭീകരാക്രമണമല്ലെന്ന് ജമ്മു കശ്മീർ പൊലീസ് സ്ഥിരീകരിച്ചു. സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചതാണെന്ന് പൊലീസും സൈന്യവും വിശദീകരിച്ചു. ശ്രീനഗറിലെ പ്രധാന പൊലീസ് സ്റ്റേഷനായതിനാൽ ഏത് സമയവും നിരവധി പൊലീസുകാരുണ്ടാകുന്ന സ്റ്റേഷനാണിത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടരുകയാണ്.
അതേസമയം, കഴിഞ്ഞദിവസം, 3000 കിലോ സ്ഫോടക വസ്തുക്കൾ കണ്ടെടുക്കുകയും ഭീകരവാദികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് ഡോക്ടർമാർ അടക്കം പിടിയിലാവുകയും ചെയ്ത പശ്ചാത്തലത്തിൽ ഹരിയാനയിലെ ഫരീദാബാദിൽ പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിരുന്നു.
തിങ്കളാഴ്ച രാത്രി ഡൽഹിയിലുണ്ടായ സ്ഫോടനവുമായും കഴിഞ്ഞദിവസത്തെ അറസ്റ്റിന് ബന്ധമുള്ളതായി അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ട്. കഴിഞ്ഞദിവസം പിടിയിലായ രണ്ട് ഡോക്ടർമാരും അൽ ഫലാഹ് യൂനിവേഴ്സിറ്റിയിലാണ് പ്രവർത്തിച്ചിരുന്നത്.
സ്ഫോടനത്തിൽ ചാവേറായതായി കരുതപ്പെടുന്ന ഡോക്ടർ ഉമർ നബിയും ഇവിടെ പ്രവർത്തിച്ചതായി വിവരമുണ്ട്. അതുകൊണ്ടുതന്നെ, മേഖലയിൽ സ്ഫോടക വസ്തുക്കൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെത്താൻ സാധ്യത മുന്നിൽക്കണ്ടായിരുന്നു റെയ്ഡ്.
ധൗജ് പൊലീസ് സ്റ്റേഷൻ പരിധി കേന്ദ്രീകരിച്ചായിരുന്നു പ്രധാന പരിശോധന. സാഹചര്യം നിലവിൽ ശാന്തമാണെങ്കിലും ജാഗ്രത തുടരുകയാണെന്ന് ഹരിയാന പൊലീസ് മേധാവി ഒ.പി. സിങ് പറഞ്ഞു. അതേസമയം, ഉച്ചവരെയുള്ള പരിശോധനയിൽ സ്ഫോടന വസ്തുക്കൾ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റെയിൽവേ സ്റ്റേഷനുകൾ അടക്കമുള്ള പൊതുയിടങ്ങളിൽ സുരക്ഷാ പരിശോധന കർശനമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.