പട്നയിൽ വിദ്യാർഥി പ്രതിഷേധത്തിൽ സർക്കാറിനെതിരെ ആഞ്ഞടിച്ച് ആറു വയസ്സുകാരൻ, കസ്റ്റഡിയിലെടുത്ത് പൊലീസ്; വ്യാപക പ്രതിഷേധം -വിഡിയോ

പട്ന: ബിഹാർ പി.എസ്.സി (ബി.പി.എസ്.സി) പരീക്ഷ ക്രമക്കേടുകൾക്കെതിരെ ഉദ്യോഗാർഥികൾ നടത്തുന്ന പ്രതിഷേധത്തിൽ പങ്കെടുത്ത ആറു വയസ്സുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തതിൽ വ്യാപക പ്രതിഷേധം. ആദിത്യ എന്ന ബാലൻ മാതാവിനൊപ്പമാണ് പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയത്. വിദ്യാർഥി പ്രതിഷേധത്തെ പിന്തുണക്കുന്ന ഒരു പോസ്റ്ററും കൈയിലുണ്ടായിരുന്നു.

ഡാക് ബംഗ്ലാവ് ചൗക്കിലെ പ്രതിഷേധ സ്ഥലത്തുനിന്ന് പൊലീസ് ഉദ്യോഗസ്ഥർ കുട്ടിയെ കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ, കുട്ടിയുടെ സുരക്ഷ മുൻനിർത്തിയാണ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്നും പിന്നീട് മാതാവിന് കൈമാറിയെന്നും പൊലീസ് പറയുന്നു. നിരന്തരമായ ചോദ്യപ്പേപ്പർ ചോർച്ചയും അധ്യാപക നിയമനത്തിലെ സുതാര്യതയില്ലായ്മയും ചൂണ്ടിക്കാട്ടി ഒരുകൂട്ടം വിദ്യാർഥികൾ നടത്തുന്ന സമരത്തിന് സി.ജെ.പിയും യുവാക്കളും പിന്തുണ പ്രഖ്യാപിച്ചതോടെ ജനശ്രദ്ധ നേടിയിരുന്നു.

ആഴ്ചകളായി തുടരുന്ന സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുടെ വസതിയിലേക്ക് നടന്ന മാർച്ച് പൊലീസ് തടഞ്ഞതോടെ ലാത്തിച്ചാർജും കല്ലേറും ജലപീരങ്കി പ്രയോഗങ്ങളുമായി സംഘർഷത്തിൽ കലാശിച്ചിരുന്നു. ഇതിനിടെയാണ് കൈയിൽ ത്രിവർണപതാകയുമേന്തി ആറുവയസുകാരൻ എത്തുന്നത്. പൊലീസ് നടപടിക്കെതിരെ ആദിത്യ തുറന്നടിക്കുന്നതിന്‍റെയും പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിന്‍റെയും നിരവധി വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

“പൊലീസ് ലാത്തി വീശിയാൽ ഞാൻ ആദ്യ വരിയിലുണ്ടാകും. ഞങ്ങൾ എല്ലാവരും അറസ്റ്റിലാവുകയാണെങ്കിൽ, ജയിലിൽ പോകാനും തയാറാണ്” -ഒരു വിഡിയോയിൽ ആദിത്യ പറയുന്നുണ്ട്. സർക്കാറിനെതിരെ അഴിമതി ആരോപിച്ച അവൻ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, മിനിറ്റുകൾക്കകം, ഏതാനും വനിതാ പൊലീസ് ഉദ്യോഗസ്ഥരടക്കം കൂട്ടമായി വന്ന് ബാലനെയും മാതാവിനെയും സമരത്തിനിടയിൽനിന്ന് ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നു. എന്നാൽ, കുട്ടിയെ തടങ്കലിലാക്കിയെന്ന പ്രചാരണം വ്യാജമാണെന്നും തെറ്റിധരിപ്പിക്കുന്നതാണെന്നും പൊലീസ് പിന്നീട് പ്രതികരിച്ചു.

സമരത്തിനിടയിലെ സംഘർഷസാഹചര്യത്തിൽനിന്ന് പുറത്തേക്ക് കൊണ്ടുപോകുക മാത്രമായിരുന്നു ഉദ്ദേശ്യമെന്ന് പൊലീസ് വ്യക്തമാക്കി. ബിഹാർ പൊലീസിന്‍റെ നടപടിയെ അപലപിച്ച് സി.ജെ.പി പ്രതിനിധികളും മറ്റ് രാഷ്ട്രീയപാർട്ടികളും രംഗത്തെത്തി. മുദ്രാവാക്യം വിളിച്ചതിന്‍റെ പേരിൽ ചെറിയ കുട്ടിയെ പോലും പൊലീസ് തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് സി.ജെ.പി സ്ഥാപകൻ അഭിജിത്ത് ദീപ്കെ വിമർശിച്ചു. ഒരു പോസ്റ്റർ പിടിച്ചതിന്റെ പേരിൽ മാത്രം ജനാധിപത്യപരമായ അവകാശം വിനിയോഗിച്ച ആറുവയസുകാരനെ എന്തിനാണ് അവിടെനിന്ന് നീക്കം ചെയ്തത് എന്ന് ചോദിച്ച് സമൂഹമാധ്യമങ്ങളിൽ നിരവധി പേരാണ് പോസ്റ്റിട്ടത്. ബിഹാർ പി.എസ്.സി പരീക്ഷകളിലെ വ്യാപക ക്രമക്കേടിനെതിരെയും വർഷാദ്യത്തിൽ നടന്ന 70ാം നമ്പർ ബി.പി.എസ്.സി പരീക്ഷ റദ്ദാക്കണമെന്നും ഉൾപ്പെടെ നിരവധി ആവശ്യങ്ങളുമായാണ് പ്രതിഷേധക്കാർ മാർച്ച് നടത്തിയത്.

എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ ഉൾപ്പെടെ നിരവധി ഇടത് സംഘടനകളുടെ നേതൃത്വത്തിൽ പട്നയിലെ ഗാന്ധി മൈതാനിൽ വെച്ചായിരുന്നു പ്രതിഷേധ മാർച്ച് ആരംഭിച്ചത്. മുഖ്യമന്ത്രിയുടെ വസതിക്ക് കിലോമീറ്റർ അകലെനിന്നും ബാരിക്കേഡ് ഉപയോഗിച്ച് പ്രതിഷേധക്കാരെ തടഞ്ഞു. ലാത്തിച്ചാർജിലും പൊലീസ് നടപടിയിലും നിരവധി പ്രതിഷേധക്കാർക്ക് പരിക്കേറ്റു. നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Tags:    
News Summary - 6-year-old boy briefly detained during Patna student protest, later released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.