ഷാരൂഖ് ഖാൻ, തുക്കാറാം മുണ്ടെ, അജയ് ദേവ്ഗൺ

ഷാരൂഖ് ഖാനെയും അജയ് ദേവ്ഗണിനെയും ലക്ഷ്യമിട്ടത് പബ്ലിസിറ്റിക്കല്ല; നിയമം എല്ലാവർക്കും ബാധകമെന്ന് തുക്കാറാം മുണ്ടെ ഐഎഎസ്

മുംബൈ: പാൻ മസാല ബ്രാൻഡുകളുടെ പരസ്യങ്ങളിൽ അഭിനയിച്ചതുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്രോഫ് എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചത് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന ആരോപണങ്ങൾ തള്ളി മഹാരാഷ്ട്ര എഫ്ഡിഎ കമ്മീഷണർ തുക്കാറാം മുണ്ടെ. നിരോധിത ഉൽപ്പന്നങ്ങളുടെ 'പരോക്ഷ പരസ്യ'ങ്ങളിൽ അഭിനയിക്കുന്ന പ്രമുഖർക്കും ഭക്ഷ്യസുരക്ഷാ നിയമപ്രകാരം തുല്യ ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. 

"ഇത് എന്റെ വ്യക്തിപരമായ തീരുമാനമല്ല, മറിച്ച് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് (എഫ്.എസ്.എസ്.എ.ഐ) പരസ്യ ചട്ടങ്ങളിലെ നിയമപരമായ വ്യവസ്ഥയാണ്. പരസ്യപ്പെടുത്തുന്ന ഉൽപ്പന്നങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാകരുത്. നിരോധിത ഉൽപ്പന്നങ്ങൾ നിർമിക്കുന്ന കമ്പനികൾക്കെതിരെയും വിൽക്കുന്നവർക്കെതിരെയും ഞങ്ങൾ ഇതിനകം നടപടിയെടുക്കുന്നുണ്ട്. ഇതിലെ മൂന്നാമത്തെ കണ്ണിയാണ് ഈ ഉൽപ്പന്നങ്ങൾക്ക് പ്രചാരണം നൽകുന്ന സെലിബ്രിറ്റികൾ. അതുകൊണ്ട് നിയമം അവർക്കും ഒരുപോലെ ബാധകമാണ്" എന്ന് ഒരു അഭിമുഖത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. 

'വിമൽ ഏലച്ചി'യുടെ പേരിലാണ് താരങ്ങൾ പരസ്യത്തിൽ പ്രത്യക്ഷപ്പെടുന്നതെങ്കിലും, പാൻ മസാലയും പുകയില ഉൽപ്പന്നങ്ങളും പ്രോത്സാഹിപ്പിക്കാനുള്ള മറയായി ഇത് ഉപയോഗിക്കപ്പെടുന്നുവെന്നാണ് എഫ്ഡിഎയുടെ കണ്ടെത്തൽ. മഹാരാഷ്ട്രയിൽ നിരോധിക്കപ്പെട്ട ഉൽപ്പന്നങ്ങൾ മറ്റ് സംസ്ഥാനങ്ങളിൽ നിർമിച്ച് വ്യാജ പരസ്യങ്ങളിലൂടെ വിപണനം ചെയ്യുന്നത് അനുവദിക്കാനാകില്ലെന്നും, ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിൽ പങ്കാളികളാകുന്നവർക്ക് 10 ലക്ഷം രൂപ വരെ പിഴയും പരസ്യം പിൻവലിക്കലും ഉൾപ്പെടെയുള്ള നിയമനടപടികൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Tukaram Mundhe Clarifies FDA Notices to SRK, Ajay Devgn: "Celebrities Also Accountable for Surrogate Ads"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.