ഹൈദരബാദ്: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ പാർട്ടിയുടെ പകുതി സ്ഥാനങ്ങളിലും 50 വയസിൽ താഴെയുള്ള ആളുകളെ പരിഗണിക്കണമെന്ന നിർദേശം നടപ്പിലാക്കുമെന്ന് മല്ലികാർജുൻ ഗാർഖെ. ഹൈദരബാദിൽ തെലങ്കാന പ്രദേശ് കോൺഗ്രസ് ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിലർ പാർട്ടിമാറിയത് സി.ബി.ഐയെയും ഇ.ഡിയെയും ഭയന്നിട്ടാണെന്നും അല്ലാതെ സ്ഥാനമാനങ്ങൾക്ക് വേണ്ടിയല്ലെന്നും അദ്ദേഹം പറഞ്ഞു.
'ഉദയ്പൂർ പ്രഖ്യാപനത്തിൽ പാർട്ടിയിലെ 50ശതമാനം സീറ്റുകളും 50 വയസിനുതാഴെയുള്ള ആളുകൾക്ക് നൽകുമെന്ന് ഞങ്ങൾ ഉറപ്പ് നൽകിയിരുന്നു. ഞാനത് ചെയ്യും.'-ഗാർഖെ പറഞ്ഞു.
ബി.ജെ.പിക്കെതിരെ രൂക്ഷവിമർശനം ഉയർത്തിയ ഗാർഖെ, രാജ്യത്ത് തൊഴിലില്ലായ്മയും വിലക്കയറ്റവും വർധിക്കുകയാണെന്നും പറഞ്ഞു. കർഷകർ, തൊഴിലാളികൾ, എസ്‌സി, എസ്‌ടി, ഒബിസി, ന്യൂനപക്ഷങ്ങൾ, ചെറുകിട വ്യവസായികൾ തുടങ്ങിയവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒക്ടോബർ 17നാണ് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. 19ന് വോട്ടെണ്ണൽ നടക്കും. രഹസ്യ ബാലറ്റ് സമ്പ്രദായമായിരിക്കും തെരഞ്ഞെടുപ്പിനെന്നാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.