അഹ്മദാബാദ്: അഹ്മദാബാദിലെ ബി.ജെ മെഡിക്കൽ കോളജ് ഹോസ്റ്റലിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ് അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ നാലുപേർ ബിരുദ വിദ്യാർത്ഥികളും ഒരാൾ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയുമാണ്. മെഡിക്കൽ കോളജിലെ വിദ്യാർഥികൾ ഉച്ചഭക്ഷണം കഴിച്ചു കൊണ്ടിരുന്ന സമയത്താണ് അപകടം നടന്നത്. ഹോസ്റ്റൽ കാന്റീനിലെ മേശകളിൽ ഭക്ഷണ പ്ലേറ്റുകളും ഗ്ലാസുകളും കിടക്കുന്നതും തകർന്ന മതിലിനടുത്ത് ആളുകൾ നിൽക്കുന്നതും സംഭവസ്ഥലത്ത് നിന്നുള്ള ചിത്രങ്ങളിൽ കാണാം. ഹോസ്റ്റലിനുള്ളിൽ വിമാനത്തിന്റെ ഒരു ഭാഗം കുടുങ്ങിക്കിടക്കുന്നതായും ചിത്രങ്ങളിലുണ്ട്.
ഡോക്ടർമാർ താമസിച്ചിരുന്ന അതുല്യ എന്ന ഹോസ്റ്റലിന്‍റെ മുകളിലേക്കാണ് വിമാനം തകർന്ന് വീണത്. ഹോസ്റ്റലിന്റെ നാല് കെട്ടിടങ്ങളും അപകടത്തിൽ തകർന്നു. അമ്പതിൽ കൂടുതൽ ഇന്റേൺ ഡോക്ടർമാർ ഹോസ്റ്റലിന് അകത്തുണ്ടായിരുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ.
'അഹമ്മദാബാദിൽ വിമാനം തകർന്നുവീണ വാർത്തയിൽ ഞങ്ങൾ വളരെ ഞെട്ടലിലാണ്. ബി.ജെ മെഡിക്കൽ കോളജ്, ഹോസ്റ്റൽ എന്നിവിടങ്ങളിൽ വിമാനം തകർന്നുവീണുവെന്നും നിരവധി എം.ബി.ബി.എസ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റുവെന്നും അറിഞ്ഞതോടെ വാർത്തകൾ കൂടുതൽ ഭയാനകമായി!!!! ഞങ്ങൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഏത് സഹായത്തിനും തയ്യാറാണ്' എഫ്.എ.ഐ.എം.എ ഡോക്ടർമാരുടെ അസോസിയേഷൻ എക്സിലെ പ്രസ്താവനയിൽ പറഞ്ഞു.
പരിക്കേറ്റ നിരവധി പേരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. അർധ സൈനിക വിഭാഗവും എൻ.ഡി.ആർ.എഫ് സംഘവും അഹ്മദാബാദിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അഗ്നിരക്ഷാസേനയും മെഡിക്കൽ സംഘവും 20ലേറെ ആംബലൻസും രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.