ഭുവനേശ്വർ: വ്യത്യസ്ത ജാതിയിൽ നിന്ന് വിവാഹം ചെയ്തതിന് ഒഡിഷയിൽ യുവതിയുടെ കുടുംബാംഗങ്ങളുടെ തല മുണ്ഡനം ചെയ്തു. മിശ്ര ജാതി വിവാഹത്തിന്‍റെ പേരിൽ സാമുദായിക വിലക്ക് നേരിട്ട കുടുംബത്തിന്‍റെ വിലക്ക് നീക്കുന്നതിനു വേണ്ടിയായിരുന്നു ഈ നടപടി.
ഒഡിഷയിലെ ബൈഗനഗുഡ ഗ്രാമത്തിലാണ് സംഭവം നടന്നത്. പട്ടിക വർഗത്തിൽപ്പെട്ട സ്ത്രീ പട്ടിക ജാതിയിൽ നിന്നുള്ള യുവാവിനെ വിവാഹം ചെയ്തത് മുതലാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിക്കുന്നത്. വിവാഹത്തിൽ പ്രകോപിതരായ ഗ്രാമവാസികൾ കുടുംബത്തെ സമുദായത്തിൽ നിന്ന് പുറത്താക്കി. ഇവരെ ശുദ്ധി ചെയ്ത് തിരികെ പ്രവേശിപ്പിക്കാനാണ് തല മുണ്ഡനം ചെയ്യിച്ചതെന്നാണ് ലഭിക്കുന്ന വിവരം. വിസമ്മതിച്ചാൽ വിലക്ക് തുടരുമെന്ന് ഗ്രാമീണർ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
നാട്ടുകാരിൽ നിന്നുള്ള സമ്മർദത്തെ തുടർന്നാണ് യുവതിയുടെ കുടുംബാംഗങ്ങൾ തലമുണ്ഡനം ചെയ്യാൻ തീരുമാനിക്കുന്നത്. കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന തലമുടി കളയുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.
സംഭവത്തിൽ ഉചിതമായി നടപടി എടുക്കുമെന്ന് ദൃശ്യങ്ങൾ പരിശോധിച്ച ശേഷം അധികൃതർ അറിയിച്ചു. ഈ വർഷമാദ്യം ബർഗാ ജില്ലയിൽ വ്യത്യസ്ത മതത്തിൽ നിന്ന് വിവാഹം ചെയ്തതയാളുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ കുടുംബാംഗങ്ങളെ അനുവദിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.