ബംഗാൾ കൂട്ടബലാൽസംഗം; മൂന്ന് പേർ അറസ്റ്റിൽ

കൊൽക്കത്ത: ദുർഗാപൂർ സ്വകാര്യ മെഡിക്കൽ കോളേജിലെ വിദ്യാർഥിനിയെ കൂട്ടബലാൽസംഘം ചെയ്ത കേസിൽ മൂന്ന് പേർ അറസ്റ്റിൽ. സംഭവത്തിലെ രണ്ട് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. സംഭവത്തിൽ മെഡിക്കൽ കോളേജ് ജീവനക്കാർ, സഹപാഠികൾ,എന്നിവരുൾപ്പെടെ നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

​കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പുരുഷ സുഹൃത്തിനോടൊപ്പം ഭക്ഷണം കഴിക്കാനായി പുറത്തു പോയ സമയത്താണ് വിദ്യാർഥിനി കൂട്ടബലാൽസംഘത്തിന് ഇരയായത്. ഇരുവരെയും പിന്തുടർന്ന യുവാക്കൾ അശ്ലീല പരാമർശങ്ങൾ നടത്തുകയും കൂടെയുണ്ടായിരുന്ന ആൺ സുഹൃത്തിനെ ഓടിച്ചു വിടുകയും ചെയ്തു. തുടർന്ന് വിദ്യാർഥിനിയെ ​കോളേജ് കാമ്പസിനടുത്തുള്ള വനപ്രദേശത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ടബലാൽസംഗത്തിന് ഇരയാക്കുകയായിരുന്നു.

പേടിച്ച് ഓടിയ ആൺ സുഹൃത്ത് കൂടുതൽ ആൾക്കാരുമായി ഓടിയെത്തിയപ്പോഴേക്കും പ്രതികൾ വിദ്യാർഥിനിയുടെ ഫോണും പൈസയും തട്ടിയെടുത്ത് രക്ഷപ്പെട്ടിരുന്നു. ഗുരുതര പരിക്കേറ്റ വിദ്യാർഥിനിയെ ഉടൻ തന്നെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തെ വെസ്റ്റ് ബംഗാൾ ഡോക്ടേർസ് ഫോറം (ഡബ്ല്യൂ. ബി. ഡി. എസ്. എഫ്) അപലപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്ത്രീകൾക്കെതിരെ നിരന്തരം നടന്നു കൊണ്ടിരിക്കുന്ന അതിക്രമങ്ങൾ ഗൗരവമായി കാണണമെന്നും അതിജീവിതർക്ക് എത്രയും പെട്ടന്ന് നീതി ഉറപ്പാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

2024 ൽ ആർജി കാർ മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടർ ബലാൽസംഘത്തിനിരയാവുകയും കൊല്ല​പ്പെടുകയും ചെയ്തിരുന്നു. ഇത് സംസ്ഥാനത്തുടനീളം പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തിരുന്നു. തുടരെ നടക്കുന്ന സ്ത്രീ അക്രമണങ്ങളെ പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചു. പശ്ചിമ ബംഗാളിൽ സ്‍ത്രീകൾ സുരക്ഷിതരല്ലെന്ന് ബി​.​ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ എക്സിൽ പോസ്റ്റ് ചെയ്തു.

അതേസമയം സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച ഒഡീഷ മുഖ്യമന്ത്രി സംഭവത്തിൽ കർശന നടപടികൾ സ്വീകരിക്കാനും കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാനും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയോട് ആവശ്യപ്പെട്ടു

Tags:    
News Summary - 3 arrested in rape of MBBS student in West Bengal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.