ദൂരം 292 കിലോമീറ്റർ; സൂറത്തിൽനിന്ന് 'കൈകൾ' മുംബൈയിലെത്തിയത് 75 മിനിറ്റിൽ; 35കാരിയിൽ ചലിച്ചു തുടങ്ങി

അഹ്മദാബാദ്: സൂറത്തിൽ മസ്തിഷ്ക മരണം സംഭവിച്ച 67 കാരന്‍റെ കൈകൾ മുംബൈയിലെ 35കാരിയിൽ വിജയകരമായി വെച്ചുപിടിപ്പിച്ചു. 292 കിലോമീറ്റർ ദൂരം 75 മിനിറ്റ് കൊണ്ട് സഞ്ചരിച്ചാണ് ജീവൻ തുടിക്കുന്ന കൈകൾ സൂറത്തിൽനിന്ന് മുംബൈയിലെത്തിയത്.

കഴിഞ്ഞ 18ന് ഹൃദയാഘാതത്തെ തുടർന്നാണ് സൂറത്ത് സ്വദേശിയായ കാനു വശ്രംഭായ് പട്ടേലിനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തലച്ചോറിൽ രക്തസ്രാവത്തിനു പുറമെ, ഗുരുതരമായ നിലയിൽ രക്തം കട്ടപിടിച്ചതായും സി.ടി സ്കാൻ പരിശോധനയിൽ കണ്ടെത്തി. പിന്നീട് ശസ്ത്രക്രിയ നടത്തി രക്തം കട്ടപിടിച്ചത് നീക്കി.

എന്നാൽ, പട്ടേലിന് മസ്തിഷ്ക മരണം സംഭവിച്ചതായി 20ന് ഡോക്ടർമാർ കുടുംബത്തെ അറിയിച്ചു. ഡൊനേറ്റ് ലൈഫ് വളന്‍റിയർമാരും ഡോക്ടർമാരും സംസാരിച്ചതിന്‍റെ അടിസ്ഥാനത്തിൽ പട്ടേലിന്‍റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബാംഗങ്ങൾ തയാറായി. ഇരു കൈകളും വൃക്കയും കരളും കണ്ണും ദാനം ചെയ്യാൻ ബന്ധുക്കൾ സമ്മതം അറിയിച്ചു.

മഹാരാഷ്ട്രയിലെ ബുൽധാന സ്വദേശിനിയായ 35കാരിക്ക് കൈകൾ ദാനം ചെയ്യാനായിരുന്നു തീരുമാനം. എന്നാൽ, ആറ്-എട്ട് മണിക്കൂറിനുള്ളിൽ കൈകകളുടെ പ്രവർത്തനം നിലക്കുമെന്നതിനാൽ എത്രയും വേഗത്തിൽ മുംബൈയിലെത്തിക്കുകയെന്നത് വെല്ലുവിളിയായിരുന്നു. ഇതിനായി ഹരിത ഇടനാഴി ഒരുക്കുകയായിരുന്നു. സൂറത്തിൽനിന്ന് മുംബൈയിലേക്ക് ആകാശമാർഗമാണ് കൈകൾ കൊണ്ടുപോയത്.

മുംബൈയിലെ ഗ്ലോബൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു യുവതിയിൽ കൈകൾ വിജയകരമായി വെച്ചുപിടിപ്പിച്ചു. അലക്കിയ വസ്ത്രം ഉണക്കാനിടുന്നതിനിടെ വൈദ്യുതാഘാതമേറ്റാണ് യുവതിയുടെ ഇരുകൈകളും നഷ്ടപ്പെട്ടത്. സൂറത്തിൽനിന്ന് ഇത് രണ്ടാംതവണയാണ് കൈകൾ ദാനം ചയ്യുന്നത്. ഇന്ത്യയിൽ ഇതുവരെ 20 തവണ കൈ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്.

Tags:    
News Summary - 292 km in just 75 minutes: Brain-dead Gujarat man's hands flown to Maharashtra, donated to woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.