ചാറ്റ് ജി.പി.ടി ഇമേജ്

യെറായ നീയെവിടെ..... അപകടകാരിയായ മാർലിൻ മത്സ്യവുമാ‍യി ഏറ്റുമുട്ടി കാണാമറയത്ത് പോയ യുവാവിനെ കാത്ത് ഒരു ഗ്രാമം

അമരാവതി: വടക്കൻ ആന്ധ്ര തീരത്ത് അപകടകാരിയായ മത്സ്യവുമായുള്ള ഏറ്റു മുട്ടലിൽ കടലിലേക്ക് വലിച്ചെറിയപ്പെട്ട് കാണാതായ യെറായ എന്ന 28കാരൻ ഇന്നും കാണാമറയത്താണ്. മത്സ്യത്തൊഴിലാളിയായ ചൊടാപളളി യെറായക്ക് വേണ്ടി ഉറ്റവർ ഇങ്ങ് തീരത്ത് പ്രതീക്ഷ‍കൾ നഷ്ടപ്പെട്ട് വേദനയോടെ കഴിയുന്നു. വടക്കൻ ആന്ധ്രാ തീരത്തു നിന്ന് 20 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം ഉണ്ടാകുന്നത്. സമുദ്രത്തിലെ ഏറ്റവും അപകടകാരിയായ മത്സ്യങ്ങളിലൊന്നായ മാർലിനുമായുള്ള ഏറ്റുമുട്ടലിലാണ് യെറായയെ കാണാതാകുന്നത്.

ജൂലൈ മൂന്നിന് യെറായ തന്‍റെ 26 വയസ്സുള്ള സഹോദരൻ കോറലായയും മറ്റു രണ്ടു പേർക്കുമൊപ്പം ബോട്ടിൽ മത്സ്യ ബന്ധനത്തിനായി പുടിമടക്ക് ഗ്രാമത്തിൽ നിന്ന് പുറപ്പെട്ടു. പുലർച്ചെ രണ്ടു മണിക്ക് തുടങ്ങിയ പണിയിൽ രാവിലെ ഒമ്പത് മണിക്കാണ് വലയിൽ 200 കിലോയോളം വരുന്ന മാർലിൻ മത്സ്യം കുടുങ്ങുന്നതെന്ന് കോരലായ പറയുന്നു. മറ്റുളളവർ വല മുറിച്ച് മത്സ്യത്തെ കടലിലേക്കെറിയാൻ പറഞ്ഞെങ്കിലും യെറായ അതിനു തയാറായില്ല. ഏഴാം വയസ്സു മുതൽ മീൻ പിടിച്ചു തുടങ്ങിയ തന്‍റെ അനുഭവ സമ്പത്ത് തന്നെ പിന്തുണക്കുമെന്ന് അവൻ കരുതി.

വലയിൽ കുടുങ്ങിയ ഭീമാകാരനായ മാർലിൻ മത്സ്യം ഒരറ്റത്ത് വലക്കുള്ളിൽ പിടച്ചപ്പോൾ മറ്റേ അറ്റത്ത് യെറായ വല ബോട്ടിലേക്ക് വലിച്ചു കയറ്റാൻ പരിശ്രമിച്ചു കൊണ്ടിരുന്നു. പക്ഷേ കാൽ വലയിൽ കുടുങ്ങുകയും മത്സ്യം വെള്ളത്തിലേക്ക് അയാളെ വലിച്ചിടുകയും ചെയ്തു. കൂടെയുണ്ടായിരുന്നവർ യെറായയെ രക്ഷിക്കാൻ കഴിവതും ശ്രമിച്ചെങ്കിലും നടന്നില്ല. 30 മിനിറ്റോളം വെള്ളത്തിൽ തിരഞ്ഞെങ്കിലും ആളെ കിട്ടിയില്ലെന്ന് സഹോദരൻ പറ‍യുന്നു. കോസ്റ്റ് ഗാർഡ് നടത്തിയ അന്വേഷണവും പരാജയപ്പെട്ടു. എന്നാൽ, സംഭവത്തിൽ അസ്വാഭാവികത ഒന്നും ഇല്ലെന്ന നിഗമനത്തിലാണ് അവർ.

വടക്കൻ ആന്ധ്രാ തീരത്ത് ഇതാദ്യമായല്ല മാർലിൻ മത്സ്യത്തിന്‍റെ ആക്രമണം ഉണ്ടാകുന്നത്. ഇതിനു മുമ്പും മത്സ്യത്തൊഴിലാളികളുടെ വലയിൽ 800 ഗ്രാം മുതൽ വലിപ്പം വരുന്ന മത്സ്യം കുടുങ്ങിയിട്ടുണ്ട്. 2022ൽ ആനക്കപ്പള്ളി തീരത്ത് മോളി ജോഗന്ന എന്ന മത്സ്യത്തൊഴിലാളിയും മാർലിന്‍റെ ആക്രമണത്തിനിരയായിട്ടുണ്ട്. വലയിൽ കുടുങ്ങിയ മത്സ്യത്തെ വലിച്ചെടുക്കുന്നതിനിടെ അതിന്‍റെ കൂർത്ത മുള്ള് ശരീരത്തിൽ തളച്ചു കയറുകയായിരുന്നു. പിന്നീട് അയാളുടെ മൃതദേഹം കടലിൽ നിന്നു കണ്ടെത്തി. ഇവിടെ മൃതദേഹമെങ്കിലും കിട്ടി എന്നുള്ളതാണ് ഏക ആശ്വാസമെന്ന് സഹോദരി ദേവി പറയുന്നു.

വിപണിയിൽ നല്ല വിലയുള്ള മത്സ്യമാണ് മാർലിൻ.ഒരെണ്ണം കിട്ടിയാൽ തന്നെ മത്സ്യത്തൊഴിലാളികൾക്കതു ബോണസായി കണക്കാക്കുന്നു. കിലോക്ക് 1000 രൂപ വരെ വില കിട്ടും. സ്പോർട്സിനായി ഇവയെ വ്യാപകമായി വേട്ടയാടുന്നുണ്ട്. മാർലിനെ വലിയിൽ കുടുക്കി തീരത്തെത്തിക്കുക എന്നത് ഒരു സാഹസിക പ്രവൃത്തിയാണ്. യെറായ ചിലപ്പോൾ ഇതൊരു വെല്ലു വിളിയായി ഏറ്റെടുത്തിട്ടുണ്ടാവണം.

ആന്ധ്ര പരമ്പരാഗത മത്സ്യത്തൊഴിലാളി യൂണിയൻ നൽകുന്ന വിവരമനുസരിച്ച് 2015നും 2025നും ഇടക്ക് ഏകദേശം 200 മത്സ്യ ത്തൊഴിലാളികളാണ് ആഴക്കടൽ മത്സ്യ ബന്ധനത്തിനിടെ കാണാതായിട്ടുള്ളത്. റിപ്പോർട്ട് ചെയ്യാത്ത കേസുകൾ വേറെ. വേദനയോടെയാണ് യെറായയെ സഹപ്രവർത്തകൻ ഓർമിക്കുന്നത്. മീൻ പിടുത്തത്തിനപ്പുറം ബോക്സിങിലും, ബോഡി ബിൽഡിങിലും ഒക്കെ പ്രാഗത്ഭ്യം ഉണ്ടായിരുന്നു യെറായക്ക്. സിനിമാ താരം പവൻ കല്യാണിനെ ഏറെ ഇഷ്ടപ്പെട്ടിരുന്ന യെറായ അദ്ദേഹത്തിന്‍റെ സുരക്ഷാ ഗാർഡായും പ്രവർത്തിച്ചിട്ടുണ്ട്.

മൃതദേഹം കണ്ടെത്താനായില്ലെങ്കിലും പുടിമടക്കയിലെ വീട്ടിൽ അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങൾ മരണാനന്തര ചടങ്ങുകൾ നടത്തി. "ആരും അവനു വേണ്ടി തിരച്ചിൽ നടത്തുന്നില്ല. കടലിൽ തന്നെ അവൻ അടങ്ങി. ഇനി തിരിച്ചു വരുമെന്ന പ്രതീക്ഷയില്ല."  നിരാശയോടെ ദേവി പറഞ്ഞു.

Tags:    
News Summary - 28-year-old missing after duel with marlin fish

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.