കാർഗിൽ യുദ്ധവിജയത്തിന് 27 വയസ്; ധീരോജ്ജ്വല സ്മരണയിൽ രാജ്യം

ന്യൂഡൽഹി: കാർഗിൽ യുദ്ധ വിജയത്തിന് ഇന്നേക്ക് 27 വർഷം. ദുർഘട ഭൂപ്രദേശങ്ങളിൽ നടന്ന ലോകത്തിലെ ആദ്യത്തെ യുദ്ധമെന്ന് വിശേഷിപ്പിക്കാവുന്ന കാർഗിൽ യുദ്ധത്തിൽ പാകിസ്താന്‍ പിടിച്ചെടുത്ത തന്ത്രപ്രധാനകൊടുമുടികൾ ഇന്ത്യ യുദ്ധത്തിലൂടെ ഒന്നൊന്നായി തിരിച്ചുപിടിച്ചു. വിജയദിനാഘോഷത്തിന്‍റെ ഭാഗമായുള്ള രാജ്യത്തെ ഒദ്യോഗിക പരിപാടികൾ ദ്രാസിലെ യുദ്ധ സ്മാരകത്തിൽ നടക്കും. ചടങ്ങിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് മുഖ‍്യാഥിതിയാവും. സ്മാരകങ്ങളിൽ പുഷ്പ ചക്രം അർപ്പിച്ച ശേഷം പ്രതിരോധമന്ത്രി വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങളെ ആദരിക്കും.

1999 മേയ് മൂന്നിനാണ് ജമ്മു-കശ്​മീരി​ലെ കാർഗിലിൽ ഇന്ത്യയും പാകിസ്​താനും തമ്മിൽ യുദ്ധം തുടങ്ങുന്നത്. ജൂലൈ 26 വരെ രണ്ടര മാസത്തോളം നീണ്ട യുദ്ധത്തിൽ ഔദ്യോഗിക കണക്കു പ്രകാരം 527 ഇന്ത്യൻ ജവാൻമാർ വീരമൃത്യു വരിച്ചു. 1363 പേർക്ക് പരിക്കേറ്റു. ഏകദേശം രണ്ട്​ ലക്ഷത്തോളം ജവാൻമാരാണ്​ യുദ്ധത്തിൽ പ​ങ്കെടുത്തത്​. അർധ സൈനിക വിഭാഗങ്ങളും വ്യോമസേനയും പ്രത്യേക സേനാവിഭാഗങ്ങളുമൊക്കെയായി ഏകദേശം 30,000ത്തോളം സൈനികർ നേരിട്ട്​ പങ്കാളികളായി. ആളും ആയുധങ്ങളുമായി ഇരു രാജ്യങ്ങൾക്കും കനത്ത നഷ്​ടങ്ങളാണ് യുദ്ധം​ സമ്മാനിച്ചത്​.

ചെറുതും വലുതുമായ അനേകം ​കുന്നുകളും മലകളുമടങ്ങിയ കാർഗിൽ ദുർഘടം പിടിച്ച വഴികൾ നിറഞ്ഞ പ്രദേ​ശമാണ്​. ഈ പ്രദേശത്ത്​ അതിർത്തിക്കപ്പുറത്തു നിന്ന്​ നുഴഞ്ഞു കയറ്റം ആരംഭിച്ചതോ​െടയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള​ പ്രശ്​നങ്ങൾക്ക്​ തുടക്കമായത്​. പ്രദേശത്ത്​ ആടിനെ മേയ്​ക്കാനായി പോയ ഗ്രാമീണരാണ്​ ആയുധധാരികളായ അജ്ഞാതരെ കുറിച്ച്​ ഇന്ത്യൻ സേനക്ക്​ വിവരം നൽകിയത്​. തെരച്ചിലിനായി പോയ ക്യാപ്​റ്റൻ സൗരഭ്​ കാലിയയുടെ നേതൃത്വത്തിലുള്ള അഞ്ച്​ സൈനികരെ പാക് പട്ടാളം പിടികൂടി വധിച്ചു. കണ്ണുകൾ ചൂഴ്​ന്നെടുത്തും ശരീരത്തിൽ സിഗരറ്റ്​ കുറ്റികൾകൊണ്ടും ചുട്ടുപഴുപ്പിച്ച കമ്പികൊണ്ടും പൊള്ളിച്ചും ശരീരഭാഗങ്ങൾ മുറിച്ചു മാറ്റിയും വികൃതമാക്കിയ മൃതദേഹങ്ങളാണ്​ പാകിസ്​താൻ ഇന്ത്യക്ക്​ നൽകിയത്​.

ഇന്ത്യൻ സൈന്യം മലയോരത്ത്​ തിരച്ചിൽ നടത്തുന്നതിനിടെ വീണ്ടും പാക്​ സൈന്യം ഇന്ത്യൻ പ്രദേശത്തേക്ക്​ തുടർച്ചയായി ഷെല്ലിങ്​ നടത്തുകയും ഒട്ടേറെ പോസ്​റ്റുകൾ തകർക്കുകയും ചെയ്തു. കാർഗിലിൻെറ വിവിധ ഭാഗങ്ങളിൽ ശത്രു സൈന്യം തീവ്രവാദികൾക്കൊപ്പം കടന്നതായും ഇവർ വിവിധ സ്ഥലങ്ങളിൽ പതിയിരിക്കുന്നതായും ഇന്ത്യക്ക്​ രഹസ്യ വിവരം ലഭിച്ചു. ഏറ്റവും ഉയർന്ന പ്രദേശമായ ​ടൈഗർ ഹില്ലിലടക്കം കയറിപ്പറ്റിയ പാക്​ സൈന്യത്തിനെതിരെ വലിയ സൈനിക നീക്കം തന്നെ വേണമെന്ന്​ രാജ്യം തീരുമാനമെടുക്കുകയായിരുന്നു. ഓപറേഷൻ വിജയ്​ എന്ന പേരിൽ സൈനിക നടപടിക്ക് പിന്നീട്​ ഇന്ത്യ തുടക്കം കുറിച്ചു. താഴ്​വാരത്ത് നിന്ന്​ മല മുകളിലേക്ക്​ പോരാട്ടം വ്യാപിപ്പിച്ചു. അതിനിടെ ഇന്ത്യയുടെ രണ്ട്​ യുദ്ധ വിമാനങ്ങൾ പാകിസ്​താൻ തകർക്കുകയുമുണ്ടായി.

ഗ്രനേഡ്​ ലോഞ്ചറുകളും മോർട്ടാറുകളുമടക്കം സർവ സന്നാഹങ്ങളുമായി ഇന്ത്യ പ്രത്യാക്രമണം ശക്തമാക്കി. ബൊഫോഴ്​സ് പീരങ്കികളും റോക്കറ്റ്​ ലോഞ്ചറുകളും പാക്​ സൈന്യത്തിന്​ നേരെ തീ തുപ്പി. കാർഗിൽ മലയുടെ മുകൾഭാഗം കൈയടക്കിവെച്ച പാക്​ സൈന്യത്തെ അവിടെ നിന്ന്​ തുരത്താനായതോടെ ഇന്ത്യ വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു. നിരന്തരമായ പ്രത്യാക്രമണത്തിലൂടെ തന്ത്രപ്രധാന മേഖലകളായ ടൈഗർ ഹിൽസ്​, പോയിൻറ്​ 4590, തൊലോലിങ്​ തുടങ്ങിയ മേഖലകൾ ഇന്ത്യ തിരിച്ചു പിടിച്ചു​. 1999 ജൂലൈ 26ന്​ കാർഗിലിൽ ഇന്ത്യയുടെ വിജയ പതാക ഉയരത്തിൽ പാറി. ഇതിനിടെ നിരവധി സൈനികരെ രാജ്യത്തിന്​ നഷ്​ടമായി.

രാജ്യത്തിന്​ വേണ്ടി വീരചരമം പുൽകിയ മലയാളി ജവാൻമാരായ ലഫ്​. കേണൽ ആർ. വിശ്വനാഥൻ, ക്യാപ്​റ്റൻ പി.വി. വിക്രം, ക്യാപ്​റ്റൻ എം വി. സൂരജ്​, ക്യാപ്​റ്റൻ ആർ. ജെറി പ്രേംരാജ്​, സജീവ്​ ഗോപാല പിള്ള, യുദ്ധമുഖത്ത്​ സജീവമായിരുന്ന എയര്‍ വൈസ് മാര്‍ഷല്‍ നാരായണ മേനോന്‍, വിങ് കമാന്‍ഡര്‍ രഘുനാഥ് നമ്പ്യാര്‍, ക്യാപ്​റ്റൻ സാജു ചെറിയാൻ, ക്യാപ്​റ്റൻ മാത്യൂസ്​, കുഞ്ഞികൊമ്പിൽ ജോസഫ്​ എന്നിവരെ സ്​മരിക്കാതിരിക്കാനാവില്ല.

Tags:    
News Summary - "27 years since the Kargil War victory; the nation in heroic remembrance"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.