ഹിമാചലിൽ 26 കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിൽ: കാലുമാറ്റം തെരഞ്ഞെടുപ്പിന് 4 ദിവസം ബാക്കിനിൽക്കെ

ഷിംല: നിയമസഭാ തെരഞ്ഞെടുപ്പിന് നാലു ദിവസം ബാക്കിനിൽക്കെ ഹിമാചൽ പ്രദേശ് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ധരംപാൽ താക്കൂർ അടക്കമുള്ള നേതാക്കൾ കൂട്ടത്തോടെ ബി.ജെ.പിയിൽ ചേർന്നു. പ്രമുഖരായ 26 നേതാക്കളാണ് കാലുമാറിയത്. ഹിമാചൽ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ജയറാം താക്കൂർ, സംസ്ഥാന തെരഞ്ഞെടുപ്പ് ചുമതലയുള്ള സുധൻ സിങ്, ഷിംല ബി.ജെ.പി സ്ഥാനാർഥി സഞ്ജയ് സൂദ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഇവർ ബി.ജെ.പി അംഗത്വമെടുത്തത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോൺഗ്രസിന്റെ പുതിയ ദേശീയ പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ ഇന്ന് സംസ്ഥാനത്തെത്തും. ഇതിനിടെയാണ് പാർട്ടി നേതാക്കളുടെ കൂടുമാറ്റം. രണ്ടു ദിവസമാണ് സംസ്ഥാനത്തെ പ്രചാരണ പരിപാടികളിൽ ഖാർഗെ പങ്കെടുക്കുക.

ധരംപാലിന് പുറമെ മുൻ സെക്രട്ടറി ആകാശ് സൈനി, മുൻ കൗൺസിലർ രാജൻ താക്കൂർ, മുൻ ജില്ലാ വൈസ് പ്രസിഡന്റ് അമിത് മേത്ത, മെഹർ സിങ് കൻവാർ, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ നേഗി, ജയ് മാ ശക്തി സോഷ്യൽ സൻസ്ഥാൻ പ്രസിഡന്റ് ജോഗീന്ദർ, നരേഷ് വർമ, യോഗേന്ദ്ര സിങ്, ടാക്സി യൂണിയൻ അംഗം രാകേഷ് ചൗഹാൻ, ഇന്ത്യൻ നാഷണൽ ട്രസ്റ്റ് ഫോർ ആർട്ട് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ഷിംല പ്രസിഡന്റ് ധർമേന്ദ്ര കുമാർ, വീരേന്ദ്ര ശർമ, രാഹുൽ റാവത്ത്, സോനു ശർമ, അരുൺ കുമാർ, ശിവം കുമാർ, ഗോപാൽ താക്കൂർ. ചമൻ ലാൽ, ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ദേവേന്ദ്ര സിങ്, മഹേന്ദ്ര സിങ്, യൂത്ത് കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറി മുനിഷ് മണ്ഡല, ബാലകൃഷ്ണ ബോബി, സുനിൽ ശർമ, സുരേന്ദ്ര താക്കൂർ, സന്ദീപ് സാംത, രവി തുടങ്ങിയവരും ചടങ്ങിൽ പാർട്ടിമാറ്റം പ്രഖ്യാപിച്ചു.

കോൺഗ്രസ് വിട്ടെത്തിയ നേതാക്കളേയും പ്രവർത്തകരെയും മുഖ്യമന്ത്രി ജയറാം താക്കൂർ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്തു. ബി.ജെ.പിയുടെ ചരിത്ര വിജയത്തിനായി ഒരുമിച്ച് പ്രവർത്തിക്കാമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ, കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ എന്നിവരുടെ ജന്മനാടാണ് ഹിമാചൽ. ഇരുവരും ദിവസങ്ങളായി സംസ്ഥാനത്ത് ക്യാംപ് ചെയ്ത് പ്രചാരണം നയിക്കുകയാണ്. 

Tags:    
News Summary - 26 Congress leaders join BJP ahead of Himachal Pradesh elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.