ന്യൂഡൽഹി: തെക്കൻ ചെങ്കടലിൽ യമനിലെ ഹൂതി വിമതരുടെ ഡ്രോൺ ആക്രമണത്തിനിരയായ രണ്ട് കപ്പലുകളിൽ ഇന്ത്യൻ പതാകയുള്ള ക്രൂഡ് ഓയിൽ ടാങ്കറും.ചെങ്കടലിൽ ഡ്രോൺ ആക്രമണത്തിന് ഇരയായ എം.വി സായിബാബ എന്ന ഗബ്ബൺ പതാക ഘടിപ്പിച്ച കപ്പലിൽ 25 ഇന്ത്യൻ ക്രൂ അംഗങ്ങൾ ഉണ്ടെന്ന് ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥർ വ്യക്തമാക്കി. എല്ലാ ക്രൂ അംഗങ്ങളും സുരക്ഷിതരാണെന്ന് ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥർ അറിയിച്ചു.
ഡ്രോൺ ആക്രമണത്തിനിരയായ രണ്ട് കപ്പലുകളിൽ ഇന്ത്യൻ പതാകയുള്ള ക്രൂഡ് ഓയിൽ ടാങ്കറും ഉൾപ്പെടുന്നുവെന്ന് യു.എസ് സെൻട്രൽ കമാൻഡ് നേരത്തെ അറിയിച്ചിരുന്നു.
ഇന്ത്യൻ തീരത്ത് മറ്റൊരു ടാങ്കർ ആക്രമണത്തിന് ഇരയായി മണിക്കൂറുകൾക്ക് ശേഷമാണ് ഇന്നലെ രാത്രി 10:30 ഓടെ ആക്രമണം നടന്നത്. ഇതിനു പിന്നിൽ ഇറാനാണെന്ന് അമേരിക്ക ആരോപിച്ചിരുന്നു. ഈ സംഭവങ്ങൾക്ക് പിന്നാലെ യമനിലെ ഹൂതി നിയന്ത്രിത പ്രദേശങ്ങളിൽ നിന്ന് വന്ന നാല് ഡ്രോണുകൾ യു.എസ് ഡിസ്ട്രോയർ വെടിവച്ചിട്ടിരുന്നു.
ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ചെങ്കടലിൽ ഹൂതികൾ നടത്തുന്ന ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്ക് ഇപ്പോഴത്തെ സംഭവവുമായി ബന്ധമുണ്ടോയെന്ന കാര്യം വ്യക്തമല്ല. ഇന്ത്യൻ മഹാസമുദ്രത്തിൽ കഴിഞ്ഞമാസം ഇസ്രായേലി ഉടമസ്ഥതയിലുള്ള ചരക്കുകപ്പലിനുനേരെയും ഡ്രോൺ ആക്രമണം നടന്നിരുന്നു. ഇതിനുപിന്നിൽ ഇറാൻ ആണെന്നാണ് അമേരിക്ക ആരോപിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ബ്രിട്ടീഷ് സൈന്യത്തിന് കീഴിലുള്ള ‘യുനൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപറേഷൻസ്’ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.