സ്വാശ്രയ മെഡിക്കല്‍ പ്രവേശം: മാനേജ്മെന്‍റുകള്‍ക്കെതിരെ കേന്ദ്രം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശത്തിന് സംസ്ഥാനത്തെ സ്വകാര്യ മാനേജ്മെന്‍റുകള്‍ക്ക് സ്വന്തം നിലക്ക് കൗണ്‍സലിങ് നടത്താന്‍ അനുമതി നല്‍കിയ കേരള ഹൈകോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. കേരള ഹൈകോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട കേന്ദ്ര സര്‍ക്കാര്‍  സംസ്ഥാന സര്‍ക്കാറിന്‍െറ കേന്ദ്രീകൃത കൗണ്‍സലിങ്ങിലൂടെ മാത്രമേ പ്രവേശം നടത്താന്‍ പാടുള്ളൂവെന്നും ആവശ്യപ്പെട്ടു.

 ഇക്കാര്യത്തില്‍ കൂടുതല്‍ വാദം കേട്ടശേഷം തിങ്കളാഴ്ച തീര്‍പ്പ് കല്‍പിക്കാമെന്ന്  ജസ്റ്റിസ് അനില്‍ ആര്‍. ദവെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പ്രവേശത്തിന് സുപ്രീംകോടതി നിശ്ചയിച്ച സമയപരിധി അവസാനിക്കാറായതിനാല്‍ അടിയന്തര പ്രാധാന്യം പരിഗണിച്ച് ഹരജികള്‍ ശനിയാഴ്ച പരിഗണിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ 30 എന്ന സമയപരിധി നീട്ടാമെന്നായിരുന്നു സുപ്രീംകോടതിയുടെ മറുപടി.  

 സ്വകാര്യ മാനേജ്മെന്‍റുകളുമായുള്ള കരാറിലത്തെിയതിനാല്‍, ഹൈകോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കേണ്ടതില്ളെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അതിനാല്‍  സുപ്രീംകോടതിയില്‍ കേരളം കക്ഷിചേര്‍ന്നില്ല. അതേസമയം, കേന്ദ്രസര്‍ക്കാറിന്‍െറ അപ്പീലിലെ ആവശ്യം മാനേജ്മെന്‍റുകള്‍ സുപ്രീംകോടതിയില്‍ ശക്തമായി എതിര്‍ത്തു. മാനേജ്മെന്‍റുകള്‍ സ്വന്തം നിലക്ക് കൗണ്‍സലിങ് നടത്തുന്നത് വിലക്കുന്ന നിയമം സംസ്ഥാനത്ത് നിലവിലില്ളെന്ന് മാനേജ്മെന്‍റുകളുടെ അഭിഭാഷകര്‍ വാദിച്ചു.

സ്വകാര്യ മാനേജ്മെന്‍റുകള്‍ക്ക് സ്വന്തം നിലക്ക് കൗണ്‍സലിങ് നടത്താനാവില്ളെന്ന് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് കഴിഞ്ഞദിവസം മധ്യപ്രദേശ് സര്‍ക്കാറിലെ നിയമം ശരിവെച്ചുകൊണ്ട് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് രാജ്യവ്യാപകമായി നടപ്പാക്കാന്‍ നിര്‍ദേശിച്ചാല്‍ മതിയാകുമെന്നും കേന്ദ്രത്തിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത്കുമാര്‍ ആവശ്യപ്പെട്ടു. സ്വകാര്യ കോളജുകള്‍ക്കും കല്‍പിത സര്‍വകലാശാലകള്‍ക്കും സ്വന്തം നിലക്ക് കൗണ്‍സലിങ് നടത്താന്‍ അനുമതി നല്‍കി കഴിഞ്ഞമാസം 26നാണ്  കേരള ഹൈകോടതി ഉത്തരവിട്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.