ന്യൂഡല്‍ഹി: പ്രത്യേക റെയില്‍വേ ബജറ്റ് നിര്‍ത്തലാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്യപ്പെടുന്നു. ട്രെയിന്‍ നിരക്ക് വര്‍ധനയിലേക്കും സ്വകാര്യവത്കരണത്തിലേക്കും നയിക്കുന്നതാണ് കേന്ദ്രമന്ത്രിസഭാ തീരുമാനമെന്ന് വിമര്‍ശമുയര്‍ന്നു. സര്‍ക്കാര്‍ ഏകപക്ഷീയമായി എടുത്ത തീരുമാനം പാര്‍ലമെന്‍റിന്‍െറ അധികാരത്തെ ചോദ്യം ചെയ്യുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
റെയില്‍ ബജറ്റ് നിര്‍ത്തലാക്കിയതിനോടുള്ള കേരള സര്‍ക്കാറിന്‍െറ വിയോജിപ്പ് ധനമന്ത്രി തോമസ് ഐസക് പ്രകടിപ്പിച്ചു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍, മറ്റൊരു റെയില്‍വേ മുന്‍ മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ദിനേശ് ത്രിവേദി, മുന്‍ റെയില്‍വേ മന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ലാലു പ്രസാദ് എന്നിവരും കേന്ദ്രനീക്കം അപകടകരമാണെന്ന് കുറ്റപ്പെടുത്തി. സി.പി.എം പോളിറ്റ് ബ്യൂറോയും മന്ത്രിസഭാ തീരുമാനത്തെ എതിര്‍ത്തു.

പല കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെയും ദുര്‍ഗതിയാണ് റെയില്‍വേ നേരിടാന്‍ പോകുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് ‘മാധ്യമ’ത്തോട് പറഞ്ഞു. റെയില്‍വേയുടെ ഭൂസ്വത്തില്‍ താല്‍പര്യമുള്ള കോര്‍പറേറ്റുകളുടെ താല്‍പര്യങ്ങള്‍ക്കൊത്താണ് കേന്ദ്രസര്‍ക്കാര്‍ ഇനിയങ്ങോട്ട് നീങ്ങുക. റെയില്‍വേയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ബജറ്റ് വഴി പാര്‍ലമെന്‍റിന്‍െറ പരിശോധനയുള്ള സ്ഥിതി മാറുന്നത് സര്‍ക്കാറിന്‍െറ അജണ്ട എളുപ്പമാക്കും. സുതാര്യത നശിക്കും. ചെലവ് ചുരുക്കലിന്‍െറ പേരില്‍ സേവനം കുറയുകയും നിരക്ക് കൂടുകയും ചെയ്യുമെന്ന് തോമസ് ഐസക് പറഞ്ഞു.

റെയില്‍ ബജറ്റ് പൊതുബജറ്റില്‍ ലയിപ്പിച്ചത് സ്വകാര്യവത്കരണത്തിലേക്കുള്ള ചുവടാണെന്ന് റെയില്‍വേ മുന്‍മന്ത്രി ദിനേശ് ത്രിവേദി പറഞ്ഞു. റെയില്‍വേയുടെ സ്വയംഭരണ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന തീരുമാനമാണ് മന്ത്രിസഭയുടേതെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ ചൂണ്ടിക്കാട്ടി. എം.പിമാര്‍ക്ക് പ്രാദേശികമായ കൂടുതല്‍ പരിഗണനകള്‍ ആവശ്യപ്പെടാമായിരുന്ന സ്ഥിതി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്‍റില്‍ ചര്‍ച്ച കൂടാതെ സ്വേച്ഛാപരമായാണ് സര്‍ക്കാര്‍ തീരുമാനമെടുത്തതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. റെയില്‍വേയുടെ ധനവിനിയോഗ, വികസന കാര്യങ്ങളില്‍ പാര്‍ലമെന്‍റിനുള്ള അധികാരമാണ് ഇല്ലാതാക്കുന്നത്. സര്‍ക്കാര്‍ തിരക്ക് കൂട്ടിയത് യഥാര്‍ഥ ലക്ഷ്യങ്ങളെ മറച്ചുവെക്കുന്നു.

റെയില്‍വേയുടെ വാണിജ്യവത്കരണത്തിനും സ്വകാര്യവത്കരണത്തിനും ഇത് ഇടയാക്കും. സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന ഏറ്റവും വലിയ ഗതാഗത സംവിധാനമാണ് റെയില്‍വേ. ലാഭം മാത്രമാകരുത് മാനദണ്ഡം. മേല്‍ത്തട്ടുകാര്‍ക്കും പാവപ്പെട്ടവര്‍ക്കുമുള്ള റെയില്‍വേ സേവനങ്ങളിലെ അന്തരം ഇനി വര്‍ധിക്കുമെന്നും സി.പി.എം അഭിപ്രായപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.