റേസ്കോഴ്സ് റോഡ് ഇനി ലോക് കല്യാൺ മാർഗ്

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെയും മറ്റു പ്രമുഖ വ്യക്തികളുടെയും വീടുകള്‍ സ്ഥിതി ചെയ്യുന്ന റേസ്കോഴ്സ് റോഡ് ഇനി അറിയപ്പെടുക പുതിയ നാമത്തിൽ. നരേന്ദ്ര മോദി താമസിക്കുന്ന ഈ റോഡ് 'ലോക് കല്യാൺ മാർഗ്' എന്നായി പുനർനാമകരണം ചെയ്തു. ഇന്ത്യന്‍ സംസ്കാരത്തിന് യോജിക്കാത്ത റേസ്കോഴ്സ് റോഡ് എന്ന പേര് മാറ്റണമെന്ന് ന്യൂഡല്‍ഹിയില്‍ നിന്നുള്ള ബി.ജെ.പി എം.പി മീനാക്ഷി ലേഖിയാണ് ആവശ്യമുയര്‍ത്തിയത്. സംഘ്പരിവാര്‍ ആചാര്യന്‍ പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷത്തിന്‍െറ ഭാഗമായി അദ്ദേഹത്തിന്‍െറ സന്ദേശം ഉള്‍ക്കൊണ്ട് ഏകാത്മ മാര്‍ഗ് എന്നു പേരുമാറ്റണമെന്നാവശ്യപ്പെട്ട് ലേഖി സര്‍ക്കാറിന് കത്തയച്ചിരുന്നു. പിന്നീടാണ് 'ലോക് കല്യാൺ മാർഗ് എന്ന പേര് തീരുമാനിച്ചത്. റോഡിൻെറ പേരുമാറ്റാനുള്ള തീരുമാനം ഏകീകൃതമായിരുന്നുവെന്ന് മീനാക്ഷി ലേഖി വ്യക്തമാക്കി.

ന്യൂനപക്ഷ മന്ത്രാലയം സ്ഥിതി ചെയ്യുന്ന പര്യാവരണ്‍ ഭവന്‍ ഇനിമേല്‍ ദീന ദയാല്‍ ഉപാധ്യായയുടെ പേരിലാണ് അറിയപ്പെടുക. പണ്ഡിറ്റ് ദീനദയാല്‍ അന്ത്യോദയ ഭവന്‍ എന്നു പേരുമാറ്റുന്ന കര്‍മം കേന്ദ്രമന്ത്രി എം. വെങ്കയ്യനായിഡു നിര്‍വഹിച്ചിരുന്നു. അവസാനത്തെ ആളും മുന്നേറണം എന്ന ഉപാധ്യായയുടെ സന്ദേശമാണ് അന്ത്യോദയ എന്നതെന്നും ഇത് ന്യൂനപക്ഷ മന്ത്രാലയത്തിന് ഏറ്റവും യോജിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. പരിസ്ഥിതി മന്ത്രാലയം കൂടി പ്രവര്‍ത്തിച്ചിരുന്ന സി.ജി.ഒ കോംപ്ളക്സിലെ ഈ കെട്ടിടത്തിന് നേരത്തെ പര്യാവരണ്‍ ഭവന്‍ എന്നായിരുന്നു പേര്. മുന്‍മന്ത്രി നജ്മ ഹിബത്തുല്ലയാണ് പേരുമാറ്റണമെന്ന ആവശ്യം ഉന്നയിച്ചിരുന്നതെന്നും വെങ്കയ്യ പറഞ്ഞു. അക്ബര്‍ റോഡിന്‍െറ പേ ര് മഹാറാണ പ്രതാപ് മാര്‍ഗ് എന്നാക്കണമെന്ന ആവശ്യം സംഘ്പരിവാര്‍ വീണ്ടും കുത്തിപ്പൊക്കുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.