പാല്‍ ഉപയോഗം പശുവിനോടുള്ള ക്രൂരതയെന്ന്

ന്യൂഡല്‍ഹി: പാലും പാലുല്‍പന്നങ്ങളും ഉപയോഗിക്കുന്നത് പശുക്കളോടുള്ള വലിയ ക്രൂരതയാണെന്ന വാദവുമായി ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാറിതര സംഘടന. ചില ഹിന്ദുത്വ സംഘടനകളും ഗോസംരക്ഷകരും പശുസംരക്ഷണത്തെക്കുറിച്ച് വാതോരാതെ പറയുന്നുണ്ടെങ്കിലും അവരും പാല്‍ ഉപയോഗം എന്ന ക്രൂരതയെ കുറിച്ച് ഒന്നും പറയുന്നില്ല. പശുക്കള്‍ മാത്രമല്ല, എരുമകളും ക്രൂരതയുടെ ഇരകളാണ്. എല്ലാ ദോഷങ്ങള്‍ക്കുമുള്ള മറുമരുന്നായി പാല്‍  ഉപയോഗിക്കപ്പെടുന്നുണ്ട് -ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ആനിമല്‍ പ്രൊട്ടക്ഷന്‍ ഓര്‍ഗനൈസേഷന്‍ (എഫ്.ഐ.എ.പി.ഐ.ഒ) ചൂണ്ടിക്കാട്ടി. പാലും അതിന്‍െറ ഉല്‍പന്നങ്ങളും ഐശ്വര്യത്തിന്‍െറ അടയാളമായും കൊണ്ടാടുന്നു. ധവളവിപ്ളവം നമ്മുടെ വീടുകളില്‍ എത്തുംമുമ്പ് പാല്‍ ആഡംബര പാനീയമായും കരുതപ്പെട്ടിരുന്നു. പാല്‍ കുടിക്കുന്ന ശീലം പശുവിനോടുള്ള ക്രൂരതയുടെ ഭാഗമാണ്. മദ്യപാനം അനാവശ്യവും ആരോഗ്യത്തിന് ഹാനികരവുമാണെന്നതുപോലെയാണ് പാല്‍ കുടിയും -സംഘടന പറയുന്നു.

പാല്‍ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കരുതെന്ന സന്ദേശവുമായി അടുത്തയാഴ്ച ഓണ്‍ലൈന്‍ കാമ്പയിന്‍ ആരംഭിക്കാനാണ് എഫ്.ഐ.എ.പി.ഐ.ഒയുടെ തീരുമാനം. ആധുനിക ഡെയറികള്‍ പശുക്കളെ ചൂഷണം ചെയ്യുന്നതാണ് പ്രചാരണ വിഷയം. വര്‍ഷങ്ങളായി പാല്‍ ഉല്‍പന്ന വിപണി വളരുകയണ്. ആവശ്യക്കാരും കൂടി വരുന്നു. അതേസമയം പാല്‍ തരുന്ന മൃഗങ്ങള്‍ക്കെതിരായ ക്രൂരത തുടരുകയാണ്. ഒരു കിടാവ്  പിറക്കുന്നതു മുതല്‍ അവയോടുള്ള  ഹീന നടപടികളും തുടരുന്നു. അമ്മയില്‍നിന്ന് കിടാവിനെ വേര്‍പെടുത്തുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട് കുഞ്ഞിനുള്ള പാല്‍ നല്‍കുന്നില്ല. പെണ്‍കിടാവാണെങ്കില്‍ ജീവിക്കാന്‍ അനുവദിക്കും. ആണ്‍കിടാവാണെങ്കില്‍ കുറച്ച് കാലം വളര്‍ത്തി അറവുകാര്‍ക്ക് നല്‍കുകയാണ് പതിവ്. അല്ളെങ്കില്‍  തെരുവില്‍ ഉപേക്ഷിക്കും -സംഘടന ഡയറക്ടര്‍ അര്‍പന്‍ ശര്‍മ പറഞ്ഞു.

പ്രായമാകുമ്പോള്‍  പാല്‍ ചുരത്താന്‍ ഹോര്‍മോണ്‍ നല്‍കുന്നതും പതിവാണ്. കൃത്രിമ ബീജസങ്കലന രീതിക്കെതിരെയും സംഘടന ശക്തമായ പ്രചാരണം നടത്തും. പല ഫാമുകളിലും പശുക്കള്‍ക്ക് സ്വതന്ത്രമായി നടക്കാന്‍ പോലും കഴിയുന്നില്ല. കുറഞ്ഞ സ്ഥലങ്ങളില്‍ ഞെരുങ്ങിയാണ് അവയെ വളര്‍ത്തുന്നത്. കോണ്‍ക്രീറ്റ് കെട്ടിടങ്ങളില്‍ പശുക്കളെ വളര്‍ത്തുന്നതും പീഡനംതന്നെ -സംഘടന പറയുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.