ജി.എസ്.ടി ഇന്ത്യന്‍ സാമ്പത്തിക  പ്രക്രിയയെ സ്വതന്ത്രമാക്കുമെന്ന് ഒബാമ

വിയന്‍റിയന്‍ (ലാവോസ്): ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ നവീകരിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമങ്ങള്‍ക്ക് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയുടെ പ്രശംസ. ചരക്കുസേവനനികുതി ബില്‍ നടപ്പാക്കാനാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച ഒബാമ, ഇത് സാമ്പത്തികപ്രക്രിയയെ സ്വതന്ത്രമാക്കുമെന്ന് കൂട്ടിച്ചേര്‍ത്തു. ആസിയാന്‍ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന കൂടിക്കാഴ്ചയിലാണ് ഒബാമയുടെ പരാമര്‍ശം.
സംരംഭകത്വത്തിനും നവീകരണത്തിനും പ്രാമുഖ്യം നല്‍കുന്ന മോദിയുടെ കാഴ്ചപ്പാട് ഇന്ത്യയെപ്പോലൊരു രാജ്യത്തെ സംബന്ധിച്ച് അതിപ്രധാനമാണെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു. ‘ഞാന്‍ എന്നും ഇന്ത്യയുടെ സുഹൃത്തും ശക്തനായ പങ്കാളിയുമായിരിക്കും. എന്നെക്കൊണ്ടാവുംവിധം ഇന്ത്യയെ സഹായിക്കുകയും ചെയ്യും’ അദ്ദേഹം പറഞ്ഞു.
ആണവ സഹകരണം, കാലാവസ്ഥാ വ്യതിയാനം, ഊര്‍ജമേഖലയിലെ സഹകരണം തുടങ്ങിയ വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് കാര്യമായ ചര്‍ച്ച നടന്നതായി കൂടിക്കാഴ്ചക്കുശേഷം മോദി ട്വീറ്റ് ചെയ്തു. ബന്ധം വളര്‍ത്തുന്നതിന് നല്‍കുന്ന സംഭാവനക്ക് മോദി, ഒബാമയെ പ്രശംസിച്ചു. പ്രസിഡന്‍റ് സ്ഥാനമൊഴിഞ്ഞശേഷം ഇന്ത്യ സന്ദര്‍ശിക്കാന്‍ മോദി ഒബാമയെ ക്ഷണിക്കുകയും ചെയ്തു. ഇന്ത്യ സന്ദര്‍ശിക്കാനുള്ള ഏതു ക്ഷണവും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ഒബാമ മറുപടിനല്‍കി.
ചൈനീസ് പ്രധാനമന്ത്രി ലി കെക്വിയാങ്, ലാവോസ് പ്രധാനമന്ത്രി തോങ്ലൂന്‍ സിസൊലിത്, മ്യാന്മര്‍ നേതാവ് ഓങ് സാന്‍ സൂചി എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തി. ആസിയാന്‍ ഉച്ചകോടിയുടെ തീരുമാനങ്ങളാണ് ചൈനീസ് പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തതെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ട്വീറ്റ് ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.