ഭീകരവാദത്തെ ഇല്ലാതാക്കാൻ ആസിയാൻ രാജ്യങ്ങൾ ഒന്നിച്ച്​ നിൽക്കണം - മോദി

വിയന്‍റിയന്‍ (ലാവോസ്): അയല്‍പക്കത്തെ ഒരു രാജ്യം ഭീകരവാദം സൃഷ്ടിക്കുകയും കയറ്റുമതി ചെയ്യുകയുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ രാജ്യത്തെ ഉപരോധിക്കാനും ഒറ്റപ്പെടുത്താനും മോദി അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു. 14ാമത് ആസിയാന്‍ ഉച്ചകോടിയില്‍ സംസാരിക്കവേയാണ് പാകിസ്താനെ പേരെടുത്തുപരാമര്‍ശിക്കാതെ മോദിയുടെ വിമര്‍ശം. കയറ്റുമതി ചെയ്യപ്പെടുന്ന ഭീകരവാദമാണ് ആസിയാന്‍ രാജ്യങ്ങള്‍ നേരിടുന്ന പ്രധാന ഭീഷണി. ഇത് സമാധാനത്തിന്‍െറ ഇടം കുറക്കുകയും അക്രമത്തിന്‍െറ ഇടം വര്‍ധിപ്പിക്കുകയും ചെയ്യുന്നതായി യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ, ചൈനീസ് പ്രധാനമന്ത്രി ലി കെക്വിയാങ് എന്നിവരുടെ സാന്നിധ്യത്തില്‍ മോദി ചൂണ്ടിക്കാട്ടി.

ഭീകരരെ മാത്രം ലക്ഷ്യമിട്ടാല്‍ പോരാ, അവര്‍ക്ക് വിത്തും വളവും നല്‍കുന്നവരെക്കൂടി ലക്ഷ്യമിടണം. രാജ്യത്തിന്‍െറ നയമെന്ന നിലക്ക് ഭീകരവാദത്തെ പ്രയോഗിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി വേണം. ഇന്ത്യയും ഭൂരിപക്ഷം ദക്ഷിണേഷ്യന്‍ രാജ്യങ്ങളും സമാധാനത്തിലൂടെ സാമ്പത്തിക പുരോഗതിയിലേക്ക് കുതിക്കുമ്പോള്‍ ഈയൊരു രാജ്യംമാത്രം ഒറ്റപ്പെട്ടുനില്‍ക്കുന്നുവെന്ന് മോദി പറഞ്ഞു. ഭീകരവാദത്തിന്‍െറ കയറ്റുമതിയും വളര്‍ന്നുവരുന്ന മൗലികവാദവും അക്രമവുമാണ് ഇന്നത്തെ പൊതുവായ സുരക്ഷാഭീഷണി. ഈ സാഹചര്യത്തില്‍ രാജ്യങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ സഹകരണത്തിന് ഏറെ പ്രധാന്യമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദക്ഷിണേഷ്യയിലെ ഒരു രാജ്യം ഭീകരവാദത്തിന്‍െറ സ്പോണ്‍സറായി പ്രവര്‍ത്തിക്കുന്നുവെന്നും ഈ രാജ്യത്തെ ഒറ്റപ്പെടുത്തണമെന്നും ഈയിടെ സമാപിച്ച ജി20 ഉച്ചകോടിയില്‍ മോദി ആവശ്യപ്പെട്ടിരുന്നു. ഇതിന്‍െറ തുടര്‍ച്ചയായാണ് ആസിയാന്‍ ഉച്ചകോടിയിലെ ആഹ്വാനവും. കശ്മീര്‍ സംഘര്‍ഷത്തിന്‍െറ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് അന്താരാഷ്ട്ര വേദികളില്‍ മോദി പാകിസ്താനെതിരെ തുടര്‍ച്ചയായി ആഞ്ഞടിക്കുന്നത്. പാകിസ്താനിലെ ഇന്ത്യന്‍ ഹൈകമീഷണര്‍ ഗൗതം ബംബാവാലയെ അപമാനിച്ച സംഭവത്തില്‍ ഡല്‍ഹിയിലെ പാക് ഹൈകമീഷണര്‍ അബ്ദുല്‍ ബാസിതിനെ വിളിച്ചുവരുത്തി കഴിഞ്ഞദിവസം ഇന്ത്യ പ്രതിഷേധമറിയിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.