ആസിയാന്‍, കിഴക്കന്‍ ഏഷ്യ ഉച്ചകോടി; മോദി ലാവോസില്‍

വിയന്‍റിയാന്‍ (ലാവോസ്): ആസിയാന്‍, കിഴക്കന്‍ ഏഷ്യ ഉച്ചകോടികളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ലാവോസ് തലസ്ഥാനമായ വിയന്‍റിയാനിലത്തെി. ഇന്ത്യയുടെ സുരക്ഷ, വ്യാപാരം എന്നീ വിഷയങ്ങളിലൂന്നിയ ദ്വിദിന നയതന്ത്ര ചര്‍ച്ചകളാണ് മോദി തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ രാഷ്ട്ര നേതാക്കളുമായി നടത്തുക. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായിട്ടായിരുന്നു നരേന്ദ്ര മോദിയുടെ ആദ്യ ചര്‍ച്ച.  ആറുമാസത്തിനിടെ മോദി, ആബെയുമായി നടത്തുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. പ്രതിരോധം, സാമ്പത്തികം തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത്.

വ്യാഴാഴ്ചയാണ് ആസിയാന്‍ ഉച്ചകോടി തുടങ്ങുക. മ്യാന്മര്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ തലവന്മാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്.  രാത്രി വിവിധ രാഷ്ട്രത്തലവന്മാര്‍ക്കായി ഒരുക്കിയ അത്താഴ വിരുന്നിനുശേഷം ലാവോസ് പ്രധാനമന്ത്രി തൊങ്ലൂന്‍ സിസൂലിത്തുമായും മോദി കൂടിക്കാഴ്ച നടത്തി. ഭീകരവാദം, സമുദ്രസുരക്ഷ, ദുരന്തനിവാരണം, സമഗ്ര പ്രാദേശിക സാമ്പത്തിക സഹകരണം (ആര്‍.സി.ഇ.പി), ഏഷ്യ പസഫിക് സാമ്പത്തിക സഹകരണം (അപെക്) എന്നിവയായിരുന്നു ഈ ചര്‍ച്ചയിലെ വിഷയങ്ങള്‍.

21 രാജ്യങ്ങളുടെ കൂട്ടായ്മയായ അപെക്കില്‍ അംഗത്വം ആഗ്രഹിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. മോദി ഇത് മൂന്നാം തവണയാണ് ഈ ഉച്ചകോടികളില്‍  പങ്കെടുക്കുന്നത്. ആസിയാന്‍ സഹകരണം വളരെ നിര്‍ണായകമാണെന്നും രാജ്യത്തിന്‍െറ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ സാമ്പത്തിക വികസനത്തിന് അത് അനിവാര്യമാണെന്നും ഡല്‍ഹിയില്‍നിന്ന് പുറപ്പെടുന്നവേളയില്‍ മോദി പറഞ്ഞു. ഏഷ്യ പസഫിക് മേഖലയിലെ രാജ്യങ്ങള്‍ നേരിടുന്ന വെല്ലുവിളികളും അവസരങ്ങളും ചര്‍ച്ച ചെയ്യുന്ന പ്രധാനവേദിയാണ് കിഴക്കന്‍ ഏഷ്യ ഉച്ചകോടി. ഇന്ത്യ ഈ സംഘത്തിലെ സ്ഥാപകാംഗമാണ്. 10 ആസിയാന്‍ രാജ്യങ്ങളിലെയും 18 കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെയും രാഷ്ട്രത്തലവന്മാരാണ് ഈ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.