കശ്മീരില്‍ വീണ്ടും സംഘര്‍ഷം; ഒരാള്‍കൂടി കൊല്ലപ്പെട്ടു

ശ്രീനഗര്‍: 60ാം ദിവസവും കശ്മീരില്‍ സംഘര്‍ഷത്തിന് അയവില്ല. ചൊവ്വാഴ്ച അനന്ത്നാഗ് ജില്ലയില്‍ പ്രക്ഷോഭകരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ യുവാവ് കൊല്ലപ്പെടുകയും സ്ത്രീയടക്കം നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെ മരിച്ചവരുടെ എണ്ണം 75 ആയി. നസീര്‍ അഹ്മദ് മിര്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്.

തെക്കല്‍ കശ്മീരിലെ സീര്‍ ഹംദാന്‍ പ്രദേശത്ത് ഒത്തുകൂടിയ പ്രക്ഷോഭകരുടെ സംഘത്തെ പിരിച്ചുവിടാനുള്ള സുരക്ഷാ സേനയുടെ നീക്കത്തിനിടെയാണ് ഇയാള്‍ കൊല്ലപ്പെട്ടത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ സ്ത്രീയുടെ നില ഗുരുതരമാണ്. കഴിഞ്ഞ ദിവസം രാത്രി സോപോര്‍ പ്രദേശത്തും സംഘര്‍ഷമുണ്ടായി. ഒരാള്‍ക്ക് പരിക്കേറ്റു. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ കൊലയെ തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങളില്‍ സ്തംഭിച്ച താഴ്വര സാധാരണനില കൈവരിച്ചിട്ടില്ല. നേരത്തെ സമാധാനാന്തരീക്ഷം കൈവന്നതിനെ തുടര്‍ന്ന് ശ്രീനഗറിലും മറ്റിടങ്ങളിലും കര്‍ഫ്യൂ നീക്കിയിരുന്നു. പിന്നീട് ഡല്‍ഹിയില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തിന്‍െറ സന്ദര്‍ശനത്തിന് മുന്നോടിയായാണ് വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. രണ്ടു ദിവസത്തെ ശാന്തമായ അന്തരീക്ഷം പരിഗണിച്ച് ഇപ്പോള്‍ കശ്മീരിലെ മുഴുവന്‍ പ്രദേശങ്ങളിലും കര്‍ഫ്യൂ നീക്കിയതായി സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു.

 എന്നാല്‍, വിഘടനവാദി സംഘടനകളുടെ ബന്ദാഹ്വാനത്തെ തുടര്‍ന്ന് സാധാരണ ജീവിതം താറുമാറായ അവസ്ഥ തുടരുകയാണ്. കര്‍ഫ്യൂ നീക്കിയെങ്കിലും ജനങ്ങള്‍ ഒത്തുകൂടുന്നതിന് ഇപ്പോഴും വിലക്കുണ്ട്.  കടകളും ഓഫിസുകളും പകല്‍ സമയത്ത് തുറന്നുപ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍, വിഘടനവാദി സംഘടനകള്‍ വൈകുന്നേരങ്ങളില്‍ ബന്ദിന് ഇളവു നല്‍കുമ്പോള്‍ കടകളും മറ്റും തുറക്കുന്നുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം 12 മണിക്കൂര്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.