‘ന്യൂനപക്ഷ സഭ’യുമായി മോദി സര്‍ക്കാര്‍


ന്യൂഡല്‍ഹി: കേന്ദ്ര ന്യൂനപക്ഷ പദ്ധതികള്‍ പ്രാദേശിക തലങ്ങളില്‍ നേരിട്ട് വിലയിരുത്തുന്നതിനും പുതിയവ ആവിഷ്കരിക്കുന്നതിനുമായി മോദി സര്‍ക്കാര്‍ ന്യൂനപക്ഷ കേന്ദ്രീകൃത മേഖലകളില്‍ ന്യൂനപക്ഷ സഭകള്‍ വിളിച്ചുചേര്‍ക്കുന്നു. സെപ്റ്റംബര്‍ 15 മുതല്‍ രാജ്യത്തെ 500 കേന്ദ്രങ്ങളിലാണ് ‘വികസന സഭകള്‍’ എന്നു പേരിട്ട് ന്യൂനപക്ഷങ്ങളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിന്  പരിപാടികള്‍ സംഘടിപ്പിക്കുകയെന്ന് ന്യൂനപക്ഷമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി അറിയിച്ചു.

പഞ്ചായത്തീരാജ് സംവിധാനങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ അടക്കമുള്ള പാര്‍ശ്വവത്കൃത വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനുള്ള പഞ്ചായത്തുകള്‍ക്ക് ഈമാസം 15 മുതല്‍ തുടക്കമാകുമെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി അറിയിച്ചു. സഭകള്‍ നടത്തുന്ന സ്ഥലങ്ങളിലെ മുഴുവന്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെയും പ്രാതിനിധ്യം പഞ്ചായത്തുകളില്‍ ഉറപ്പാക്കും. തങ്ങളുടെ ക്ഷേമത്തിനായി അനുവദിക്കുന്ന ഫണ്ടുകള്‍ എങ്ങനെ വിനിയോഗിക്കണമെന്നും ഈ സഭ തീരുമാനിക്കും. ഏതു വിധം ഫണ്ട് വിനിയോഗിക്കണമെന്നതിന്‍െറ പദ്ധതിരേഖയും ഈ  ന്യൂനപക്ഷ പഞ്ചായത്തുകള്‍ തയാറാക്കും.

ഒരു മേഖലയില്‍ ന്യൂനപക്ഷ മന്ത്രാലയത്തിന്‍െറ ഏതു തരത്തിലുള്ള പരിപാടിയാണ് വേണ്ടതെന്ന് ഈ സഭക്ക് കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിക്കാനാകും. വികസന പദ്ധതികള്‍ നിര്‍ണയിക്കാനുള്ള സഭ എന്ന നിലയില്‍ ‘വികസന സഭ’ എന്ന പേരിലായിരിക്കും ഈ കൂടിച്ചേരല്‍ അറിയപ്പെടുക. പഞ്ചായത്തീരാജിന്‍െറ വികേന്ദ്രീകൃതാസൂത്രണ മാതൃകയില്‍ ന്യൂനപക്ഷങ്ങളെ വികസനത്തില്‍ നേരിട്ട് പങ്കാളികളാക്കുന്ന ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിതെന്നും കേന്ദ്ര ന്യൂനപക്ഷ മന്ത്രി അവകാശപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.