സുപ്രീംകോടതി വിധി നിര്‍ബന്ധ ഭൂമി ഏറ്റെടുക്കലിന് താക്കീത്

ന്യൂഡല്‍ഹി: സിംഗൂരില്‍ സി.പി.എമ്മിനൊപ്പം തിരിച്ചടിയേറ്റ ടാറ്റ മോട്ടോഴ്സ് കമ്പനി, സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ നഷ്ടപരിഹാരസാധ്യത തേടുന്നു. ഭൂമി വാഗ്ദാനംചെയ്ത സംസ്ഥാന സര്‍ക്കാര്‍ കരാര്‍ലംഘനം നടത്തി, മുടക്കുമുതല്‍ നഷ്ടപ്പെടുത്തി എന്നീ വാദങ്ങള്‍ ഉന്നയിച്ച് നഷ്ടപരിഹാരം ആവശ്യപ്പെടാനാണ് ശ്രമം. അതേസമയം, വ്യവസായത്തിന്‍െറ പേരിലുള്ള ഭൂമി ഏറ്റെടുക്കലുകള്‍ക്കെതിരെ പ്രക്ഷോഭരംഗത്തുള്ളവര്‍ സുപ്രീംകോടതി വിധിയോടെ പുതിയ പ്രതീക്ഷകളിലാണ്.

സിംഗൂരിലെ ഫാക്ടറി നിര്‍മാണ കണക്കില്‍ 1400 കോടിയുടെ നഷ്ടമെന്നാണ് തുടക്കത്തില്‍ ടാറ്റ കണക്കാക്കിയത്.  3300 വലിയ ട്രക്കുകളിലായി ഗുജറാത്തിലേക്കും മറ്റുമായി സാധനസാമഗ്രികള്‍ മാറ്റേണ്ടിവന്നതിനും മറ്റുമുള്ള ചെലവുകളാണിത്. അതേസമയം, 310 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം കമ്പനി എഴുതിത്തള്ളിയത്.

കാര്‍ നിര്‍മാണ പദ്ധതി ഉപേക്ഷിക്കേണ്ടിവന്നത് തങ്ങളുടെ പിഴവുകള്‍കൊണ്ടല്ളെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാറിനെ വീണ്ടും കോടതി കയറ്റാനുള്ള നിയമവഴികളാണ് കമ്പനി അന്വേഷിക്കുന്നത്. ഭരണമാറ്റം ചൂണ്ടിക്കാട്ടി രക്ഷപ്പെടാന്‍ സര്‍ക്കാറിന് കഴിയില്ളെന്നും ഭരണകൂടത്തിന്‍െറ പ്രവര്‍ത്തനം തുടര്‍പ്രക്രിയയാണെന്നും കമ്പനി വാദിക്കുന്നു.

സിംഗൂര്‍ ഭൂമി കര്‍ഷകര്‍ക്ക് തിരിച്ചുനല്‍കാന്‍ പാകത്തില്‍ മമത സര്‍ക്കാര്‍ 2011ല്‍ കൊണ്ടുവന്ന നിയമം ടാറ്റ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ കോടതിയുടെ വിധി വന്നിട്ടില്ല. ടാറ്റക്ക് കൈമാറാന്‍ ഭൂമി ഏറ്റെടുത്ത തീരുമാനത്തെക്കുറിച്ചാണ് സുപ്രീംകോടതി വിധി പറഞ്ഞത്. അതിന്‍െറ പേരില്‍ പ്രതീക്ഷയര്‍പ്പിച്ചുകഴിയാന്‍ ടാറ്റക്ക് സാധിക്കില്ല.

ഭൂമി ഏറ്റെടുക്കല്‍തന്നെ റദ്ദാക്കിയതിനാല്‍ നിയമനിര്‍മാണം ചോദ്യംചെയ്യുന്ന ഹരജിക്ക് നിയമപിന്‍ബലമില്ലാതായി. ടാറ്റക്ക് അനുകൂലമായ കല്‍ക്കത്ത ഹൈകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാറാണ് സുപ്രീംകോടതിയില്‍ എത്തിയത്. അതുകൊണ്ട് സിംഗൂര്‍ നിയമത്തിന്‍െറ ഭരണഘടനാ സാധുതയുടെ കാര്യത്തില്‍ സുപ്രീംകോടതിയില്‍ കേസ് മുന്നോട്ടുനീക്കുന്നതിന് സംസ്ഥാന സര്‍ക്കാറിന് താല്‍പര്യമുണ്ടാകില്ല.

സംസ്ഥാന സര്‍ക്കാറില്‍നിന്ന് നഷ്ടപരിഹാരം തേടാനുള്ള ശ്രമത്തിലേക്ക് ടാറ്റ തിരിയുന്ന പശ്ചാത്തലം ഇതാണ്. കൃഷിഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഏറ്റെടുക്കുന്നതിനെതിരെ രാജ്യത്ത് പലയിടത്തും പ്രക്ഷോഭം ഉയര്‍ന്നിരുന്നു. സുപ്രീംകോടതി വിധി പ്രക്ഷോഭകര്‍ക്ക് പ്രതീക്ഷയും വ്യവസായികള്‍ക്ക് ആശങ്കയും സമ്മാനിക്കുന്നതാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.