സങ്കറെഡ്ഡി (തെലങ്കാന): ജയിലില്‍ കിടക്കാന്‍ പറ്റിയില്ലല്ളോ എന്ന വിഷമം ഇനി ആര്‍ക്കും വേണ്ട. തെലങ്കാനയിലേക്ക് പോയാല്‍ മതി. ഒരു ദിവസമോ അതില്‍ കൂടുതലോ ആഗ്രഹംപോലെ സസുഖം വാഴാം. ഒരു ദിവസം 500 രൂപ. നടയടിയില്ല. എന്നാല്‍, കയറിയാലുടന്‍ യൂനിഫോം കിട്ടും ഖാദിയുടെ. വിരിക്കാന്‍ തുണി, ഒരു പാത്രം, ഗ്ളാസ്, സോപ്... ജയില്‍പുള്ളികളുടെ ആര്‍ഭാടങ്ങള്‍ മാത്രമാണ് അനുവദിക്കുക. ഭക്ഷണവും അതുതന്നെ. പക്ഷേ, മറ്റ് ജയില്‍പ്പുള്ളികളോടൊപ്പം കിടക്കേണ്ടെന്ന സൗകര്യമുണ്ട്. അവരെപ്പോലെ പണിയെടുക്കേണ്ട. വേണമെങ്കില്‍ തോട്ടത്തില്‍ ചെടികള്‍ നടാം. എന്നാല്‍, തടവുമുറിയില്‍ കയറിയാല്‍ ബാക്കിയെല്ലാം ചട്ടപ്പടിയായിരിക്കും. ഇരുമ്പഴിവാതിലുകള്‍ അടക്കും. കനത്ത താഴിട്ട് പൂട്ടും. അതേസമയം, ബാത്ത്റൂം സൗകര്യങ്ങള്‍ ജയില്‍പ്പുള്ളികളുടേതിനു സമാനമായിരിക്കുമെന്ന മുന്നറിയിപ്പുമുണ്ട്.
തെലങ്കാന സംസ്ഥാനത്തെ മേഡക്കിലാണ് ജയില്‍ ടൂറിസം എന്ന നവീന ആശയം നടപ്പാക്കുന്നത്. ജയില്‍ വകുപ്പാണ് പദ്ധതിക്കു പിന്നില്‍. ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നതാകട്ടെ 220 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ നിര്‍മിച്ച ജയിലും.
1796ല്‍ ഹൈദരാബാദില്‍ നൈസാമിന്‍െറ ഭരണകാലത്ത് സലര്‍ ജുംഗല്‍ പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് ജയില്‍ പണിതതെന്നാണ് ചരിത്രം. ജയിലെന്നു കേട്ടാല്‍ ആളുകള്‍ വരാന്‍ മടിച്ചാലോയെന്ന് കരുതി ജയില്‍ മ്യൂസിയം എന്ന് പേര് മാറ്റിയാണ് ടൂറിസത്തിന് വഴിയൊരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.