'ഗാന്ധിവധത്തിന്​ പിന്നിൽ ആർ.എസ്.​എസ്'; വിചാരണ നേരിടാൻ തയ്യാറെന്ന്​ രാഹുൽ

ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിയുടെ വധത്തില്‍ ആര്‍.എസ്.എസിന് പങ്കില്ലെന്ന് എഴുതി നല്‍കാന്‍ തയാറല്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സുപ്രീംകോടതിയെ അറിയിച്ചു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയില്‍ മഹാരാഷ്ട്രയിലെ ഭീവാൻഡിയില്‍ നടത്തിയ പ്രസംഗത്തിന്‍െറ പേരില്‍ വിചാരണ നേരിടാന്‍ തയാറാണെന്നും രാഹുല്‍ വ്യക്തമാക്കി. ഇതോടെ മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്കും ആര്‍.എസ്.എസിനും ഇടയില്‍ സമവായമുണ്ടാക്കാനുള്ള സുപ്രീംകോടതിയുടെ ശ്രമം പരാജയപ്പെട്ടു.

ആര്‍.എസ്.എസുകാരാണ് മഹാത്മാ ഗാന്ധിയെ വെടിവെച്ചുകൊന്നതെന്ന് രാഹുല്‍ പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞ ഓരോ വാചകത്തിലും ഉറച്ചുനില്‍ക്കുകയാണെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ വ്യാഴാഴ്ച സുപ്രീംകോടതിയില്‍ വ്യക്തമാക്കി. ആര്‍.എസ്.എസുകാരാണ് ഗാന്ധിജിയെ കൊന്നതെന്ന വാക്കുകളില്‍ രാഹുല്‍ ഉറച്ചുനില്‍ക്കുന്നു. അതിന്‍െറ പേരില്‍ വിചാരണ നേരിടാന്‍ തയാറാണ്. മഹാരാഷ്ട്ര കോടതിയില്‍ രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് തള്ളണമെന്ന് താന്‍ നിര്‍ബന്ധിക്കുന്നില്ല.

ആര്‍.എസ്.എസിന് അനുകൂലമായി രാഹുല്‍ സത്യവാങ്മൂലം നല്‍കിയാല്‍ കേസ് ഒത്തുതീര്‍പ്പാക്കാമെന്ന മഹാരാഷ്ട്രയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ രാജേഷ് കുണ്ഡെയുടെ ആവശ്യം തള്ളിയായിരുന്നു രാഹുല്‍ ഗാന്ധി സുപ്രീംകോടതിയില്‍ ഉറച്ച നിലപാടെടുത്തത്. ഇതേ തുടര്‍ന്ന്, വിചാരണകോടതിയിലെ മജിസ്ട്രേറ്റിന് രാഹുലിനെതിരെ വിചാരണയുമായി മുന്നോട്ടുപോകാമെന്ന്  ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഉത്തരവിട്ടു.
ആര്‍.എസ്.എസിനെ ഒരു സംഘടനയെന്ന നിലയില്‍ ഗാന്ധിവധത്തില്‍ താന്‍ കുറ്റപ്പെടുത്തിയിട്ടില്ലെന്നും അതേസമയം ആര്‍.എസ്.എസുമായി ബന്ധപ്പെട്ടവരാണ് ഗാന്ധിയെ കൊന്നതെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് മാനനഷ്ടക്കേസില്‍ എന്തു നിലപാട് സ്വീകരിക്കണമെന്ന കാര്യത്തില്‍ സുപ്രീംകോടതി ഹരജിക്കാരനോട് അഭിപ്രായം തേടിയത്.  വ്യാഴാഴ്ച കോടതി കേസ് പരിഗണിച്ചപ്പോള്‍ ‘ആര്‍.എസ്.എസിന് ഗാന്ധിവധത്തില്‍ പങ്കില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു’ എന്ന സത്യവാങ്മൂലം രാഹുല്‍ നല്‍കിയാല്‍ കേസ് ഒത്തുതീര്‍പ്പാക്കാം എന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. ലളിത് വ്യക്തമാക്കി.
സത്യവാങ്മൂലം നല്‍കാന്‍ തയാറാകാത്ത സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി നേരിട്ട് കോടതിയില്‍ ഹാജരായി വിചാരണ നേരിടേണ്ടി വരുമെന്ന് കോടതിക്ക് പുറത്ത് കുണ്ഡെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.  മതത്തിന്‍െറയും ജാതിയുടെയും പേരില്‍ സമൂഹത്തില്‍ വിധ്വംസക പ്രവര്‍ത്തനം നടത്തുന്ന ആര്‍.എസ്.എസിനെതിരായ പോരാട്ടമാണ് രാഹുല്‍ നടത്തുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല അഭിപ്രായപ്പെട്ടു. അതേസമയം, രാഹുല്‍ ഗാന്ധിക്ക് മറവിരോഗമാണെന്ന് കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് റൂഡിയും ഒരു നാള്‍ ആര്‍.എസ്.എസിനോട് രാഹുലിന് മാപ്പുപറയേണ്ടി വരുമെന്ന് ബി.ജെ.പി നേതാവ് ഷാനവാസ് ഹുസൈനും പ്രതികരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.