ഗാര്‍ഹിക പീഡനം: സ്ത്രീകളേയും പ്രായപൂർത്തിയാകത്തവരേയും വിചാരണ  ചെയ്യാം

ന്യൂഡല്‍ഹി: ഗാര്‍ഹികപീഡനനിയമപ്രകാരം ഇനി ആരെയും വിചാരണ ചെയ്യാമെന്ന് സുപ്രീംകോടതി. പ്രായപൂര്‍ത്തിയായ പുരുഷന്‍ എന്ന വാക്ക് ഒഴിവാക്കി ഗാര്‍ഹികപീഡനനിയമത്തിന്‍െറ വ്യാപ്തി വര്‍ധിപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്കെതിരായ ചൂഷണത്തിലെ പ്രതികളില്‍ സ്ത്രീകളെയും പ്രായപൂര്‍ത്തിയാകാത്തവരെയും ഉള്‍പ്പെടുത്തണമെന്നും കോടതി വിധിച്ചു. വിവാഹിതയായ സ്ത്രീകള്‍ക്കെതിരെ ഭര്‍തൃഗൃഹത്തിലെ ഗാര്‍ഹികപീഡനം തടയുന്നതാണ് ‘സ്ത്രീകള്‍ക്ക് ഗാര്‍ഹികപീഡനത്തില്‍നിന്ന് സംരക്ഷണം’ (2005) നിയമം. ഇതിലെ സെക്ഷന്‍ രണ്ട് (ക്യു) വകുപ്പുപ്രകാരം പരാതി നല്‍കിയ സ്ത്രീയുമായി ഗാര്‍ഹികബന്ധമുള്ള പ്രായപൂര്‍ത്തിയായ പുരുഷനാണ് പ്രതി. 

എന്നാല്‍, ലിംഗവും പ്രായവും പരിഗണിക്കാതെ പീഡനത്തിരയാക്കുന്ന ഏതൊരാള്‍ക്കെതിരെയും നിയമനടപടിയുണ്ടാകണമെന്ന് ജസ്റ്റിസുമാരായ കുര്യന്‍ ജോസഫിന്‍െറയും ആര്‍.എഫ്. നരിമാന്‍െറയും ബെഞ്ച് വിധിച്ചു. പ്രായപൂര്‍ത്തിയായ പുരുഷന്‍ എന്ന പ്രയോഗം സമത്വത്തിനുള്ള അവകാശത്തിന്‍െറ ലംഘനമാണെന്നും ഇത് നീക്കണമെന്നും ബെഞ്ച് വിധിച്ചു. ഏത് തരത്തിലുള്ള ഗാര്‍ഹികപീഡനവുമനുഭവിക്കുന്ന സ്ത്രീക്ക് സംരക്ഷണം ഉറപ്പാക്കുന്നതില്‍ പ്രായപൂര്‍ത്തിയായ പുരുഷന്‍ എന്ന പ്രയോഗം തടസ്സമാണ്. പ്രായപൂര്‍ത്തിയായ പുരുഷന്‍ എന്ന പ്രയോഗം ചൂണ്ടിക്കാട്ടി ഒരു കുടുംബത്തിലെ രണ്ട് പെണ്‍കുട്ടികളെയും ഒരു സ്ത്രീയെയും ഒരു കുട്ടിയെയും ഗാര്‍ഹികപീഡനക്കേസില്‍നിന്നൊഴിവാക്കിയ ബോംബൈ ഹൈകോടതി വിധിക്കെതിരായ അപ്പീലിലാണ് സുപ്രീംകോടതി വിധി. നിയമത്തിലെ മറ്റ് ഭാഗങ്ങള്‍ നിലനില്‍ക്കുമെന്നും അവയില്‍ മാറ്റമില്ളെന്നും കോടതി വിധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.