കള്ളക്കേസില്‍ ജീവിതം ഹോമിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം –ജസ്റ്റിസ് എ.പി. ഷാ

ന്യൂഡല്‍ഹി: രാഷ്ട്രത്തിന്‍െറ ജനാധിപത്യമനസ്സിന് നോവായി ചെയ്യാകുറ്റങ്ങള്‍ക്ക് കല്‍ത്തുറുങ്കിലടയ്ക്കപ്പെട്ട നിരപരാധികളുടെ സംഗമം. സിമി എന്ന വിദ്യാര്‍ഥി സംഘടനയിലെ അംഗമെന്നാരോപിച്ച് പിടിച്ചുകൊണ്ടുപോയ 50 വയസ്സുകാരനും 18ാം വയസ്സില്‍ പിടിയിലായി 10 വര്‍ഷത്തിനുശേഷം തെറ്റുകാരനല്ളെന്ന് കണ്ട് മോചിപ്പിക്കപ്പെട്ട ചെറുപ്പക്കാരനും അക്കൂട്ടത്തിലുണ്ടായിരുന്നു. മുംബൈ ട്രെയിന്‍ സ്ഫോടനം, മാലേഗാവ് സ്ഫോടനം, മക്ക മസ്ജിദ് സ്ഫോടനം  തുടങ്ങിയ കേസുകളില്‍ കള്ളത്തെളിവുകളും കള്ളസാക്ഷ്യങ്ങളും കെട്ടിച്ചമച്ച് പതിറ്റാണ്ടിലേറെ ജയിലില്‍ കഴിയേണ്ടിവന്ന മനുഷ്യര്‍ തങ്ങള്‍ അനുഭവിച്ച വേദനകളും ഒറ്റപ്പെടലുകളും തുറന്നുപറഞ്ഞപ്പോള്‍ ദേശീയ നിയമ കമീഷന്‍ മുന്‍ അധ്യക്ഷന്‍ ജസ്റ്റിസ് എ.പി. ഷാ ഉള്‍പ്പെട്ട സദസ്സ് കണ്ണീരണിഞ്ഞു.
ബി.ഫാമിനു പഠിക്കുമ്പോഴാണ് കലബുറഗി സ്വദേശി മുഹമ്മദ് നിസാര്‍ അഹ്മദിനെ പൊലീസ് കൊണ്ടുപോകുന്നത്. 48 ദിവസം അന്യായ കസ്റ്റഡിയില്‍വെച്ചശേഷം അറസ്റ്റ് രേഖപ്പെടുത്തി.
ബാബരി മസ്ജിദ് ധ്വംസനത്തിന്‍െറ വാര്‍ഷികത്തില്‍ സ്ഫോടനം നടത്തി എന്ന കുറ്റമാണ് തലയില്‍ കെട്ടിവെച്ചത്. 23 വര്‍ഷം വേണ്ടി വന്നു നീതിപീഠത്തിന് ഇദ്ദേഹം തെറ്റുകാരനല്ളെന്ന് ബോധ്യമാകാന്‍. ശ്വാസംവിടാനും ചലിക്കാനും കഴിയുന്നുണ്ടെങ്കിലും തന്‍െറ ജീവിതം അവസാനിച്ചുവെന്നാണ് നിസാര്‍ പറഞ്ഞത്. കുറ്റങ്ങള്‍ സമ്മതിപ്പിക്കാന്‍ നടത്തുന്നത് ഏറ്റവും ഹീനമായ മൂന്നാംമുറ പ്രയോഗങ്ങള്‍. എന്നിട്ടും ചെറുത്തുനിന്നവരുടെ ഉറ്റവരെയും കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പല കേസുകളിലും കുറ്റസമ്മതം നടത്തിച്ചത്.  
കസ്റ്റഡിയില്‍ മരിക്കുന്നതിന് നഷ്ടപരിഹാരം നല്‍കുന്നതുപോലെ ചെയ്യാതെറ്റിന് തടവറയില്‍ ജീവിതം ഹോമിക്കേണ്ടിവന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ടെന്ന് ജസ്റ്റിസ് എ.പി. ഷാ പറഞ്ഞു. പല കേസുകളിലും ജുഡീഷ്യറിയുടെ ഇടപെടല്‍ നിരപരാധികളുടെ മോചനത്തിന് സഹായകമായിട്ടുണ്ട്.
അക്ഷര്‍ധാം ആക്രമണക്കേസില്‍ പൊലീസ് കെട്ടിച്ചമച്ച കള്ളത്തെളിവുകള്‍ ശരിവെച്ച് ഗുജറാത്ത് ഹൈകോടതി വധശിക്ഷക്ക് വിധിച്ച മനുഷ്യര്‍ക്ക്  സുപ്രീംകോടതി കുറ്റമുക്തി നല്‍കി. വെടിയേറ്റ് കൊല്ലപ്പെട്ട ഭീകരരുടെ കീശയില്‍നിന്ന് കണ്ടെടുത്തത് എന്ന പേരില്‍ പൊലീസ് ഹാജരാക്കിയ കടലാസുകളില്‍ ചോരയോ മണ്ണോ പുരണ്ടിരുന്നില്ല എന്ന് കോടതി നിരീക്ഷിച്ചിരുന്നു. നിരപരാധികളുടെ മോചനത്തിന് പൊതുതാല്‍പര്യ ഹരജിയുമായി മുന്നോട്ടുപോകണമെന്നും നീതിക്കായുള്ള പോരാട്ടത്തില്‍ അവര്‍ക്കും കുടുംബങ്ങള്‍ക്കുമൊപ്പം നില്‍ക്കണമെന്നും സംഗമത്തില്‍ പങ്കെടുത്ത ന്യൂനപക്ഷ കമീഷന്‍ അധ്യക്ഷന്‍ നസീം അഹ്മദ്, സംവിധായകന്‍ സയ്യിദ് അഖ്തര്‍ മിര്‍സ, പ്രഫ. ജി.എസ്. ബാജ്പേയി, പ്രഫ. നന്ദിനി സുന്ദര്‍, പ്രഫ. മോനിക്ക സക്റാനി, നീനവ്യാസ്, പ്രഫ. അബ്ദുല്‍ ഷബാന്‍ എന്നിവര്‍ പറഞ്ഞു.കേസുകള്‍ അതിവേഗം വിചാരണ നടത്താന്‍ നടപടി വേണം. മുഹമ്മദ് അദീബ്, മനീഷ സേഥി എന്നിവര്‍ പരിപാടി വിശദീകരിച്ചു. ക്വില്‍ ഫൗണ്ടേഷന്‍, ജാമിഅ ടീച്ചേഴ്സ് സോളിഡാരിറ്റി അസോസിയേഷന്‍, പീപ്പ്ള്‍സ് കാമ്പയിന്‍ എഗന്‍സ്റ്റ് പൊളിറ്റിക്സ് ഓഫ് ടെറര്‍, അമന്‍ ബിരാദരി തുടങ്ങിയ സന്നദ്ധ സംഘടനകളാണ് സംഗമത്തിന് വേദിയൊരുക്കിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.