മഹാരാഷ്ട്ര റവന്യൂ മന്ത്രി കഡ്സെക്കതിരെ ഭൂമി തട്ടിപ്പ് ആരോപണവും

മുംബൈ: മഹാരാഷ്ട്ര റവന്യൂ മന്ത്രിയും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവുമായ ഏക്നാഥ് കഡ്സെക്കെതിരെ വീണ്ടും ആരോപണം. പുണെ ഭോസരിയിലുള്ള മഹാരാഷ്ട്ര വ്യവസായ വികസന കോര്‍പറേഷനു (എം.ഐ.ഡി.സി ) കീഴിലെ ഭൂമി തുച്ഛമായ വിലക്ക് തട്ടിയെടുത്തെന്നാണ് പുതിയ ആരോപണം. 40 കോടിയിലേറെ വിലമതിക്കുന്ന മൂന്ന് ഏക്കര്‍ ഭൂമി മൂന്ന് കോടി 75 ലക്ഷം രൂപക്ക് തന്‍െറയും ഭാര്യ മന്ദാകിനി, ഗിരീഷ് ചൗധരി എന്നിവരുടെയും പേരിലാക്കിയെന്നാണ് ആരോപണം.വിവരാവകാശ പ്രാവര്‍ത്തകന്‍ ഹേമന്ത് ഗാവ്ഡെയാണ് രേഖകളുമായി കഡ്സെക്ക് എതിരെ രംഗത്തത്തെിയത്. ദാവൂദുമായി ടെലിഫോണ്‍ ബന്ധം, സര്‍ക്കാര്‍ ഭൂമി അനുവദിക്കുന്നതിന് വ്യവസായിയില്‍നിന്ന് 30 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടതിന് പി.എയുടെ അറസ്റ്റ് എന്നീ വിവാദങ്ങള്‍ക്കു പിന്നാലെയാണ് എം.ഐ.ഡി.സിയുടെ ഭൂമി കൈക്കലാക്കിയെന്ന ആരോപണം.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28നാണ് ഭൂമി കൈമാറ്റം നടന്നതെന്നാണ് ആരോപണം. പി.ഐ അറസ്റ്റിലായ സംഭവത്തില്‍ ആന്‍റി കറപ്ഷന്‍ ബ്യൂറോയും ദാവൂദ് ബന്ധവുമായി ബന്ധപ്പെട്ട് മുംബൈ ക്രൈംബ്രാഞ്ചും ഏക്നാഥ് കഡ്സെക്ക് ക്ളീന്‍ ചിറ്റ് നല്‍കിയതിനു പിന്നാലെ തിങ്കളാഴ്ചയാണ് പുതിയ ആരോപണമുയര്‍ന്നത്. വ്യവസായിയില്‍നിന്ന് 30 കോടി ആവശ്യപ്പെട്ട പി.എ ‘വലിയ സാബി’ന്‍െറ നിര്‍ദേശപ്രകാരമാണ് പണം ചോദിച്ചതെന്നാണ് ആരോപണം. വലിയ സാബ് ഏക്നാഥ് കഡ്സെയാണെന്ന് ആരോപണമുണ്ടായിരുന്നു. എന്നാല്‍, കഡ്സെക്കോ അദ്ദേഹത്തിന്‍െറ ഒൗദ്യോഗിക സ്റ്റാഫിനോ പങ്കില്ളെന്നാണ് ആന്‍റി കറപ്ഷന്‍ ബ്യൂറോ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്.

കഡ്സെക്കെതിരെ നിരന്തര ആരോപണങ്ങള്‍ ഉയരുന്നതിനു പിന്നില്‍ നിഗൂഢതയുള്ളതായി രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. നിലവില്‍ സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ബി.ജെ.പി നേതാവാണ്ഏക്നാഥ് കോഡ്സെ. നേരത്തെ മുഖ്യമന്ത്രി പദത്തിനായി അവകാശവാദമുന്നയിക്കുകയും കിട്ടാത്തതിനെ തുടര്‍ന്ന് നേതൃത്വത്തോട് പിണങ്ങുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെയും കേന്ദ്ര നേതൃത്വത്തിന്‍െറയും പിടിയിലൊതുങ്ങാതെയാണ് കഡ്സെയുടെ പെരുമാറ്റം. കഡ്സെയെ ഒതുക്കാനുള്ള സാഹചര്യമാണ് ഇപ്പോള്‍ മുഖ്യനും പാര്‍ട്ടി നേതൃത്വത്തിനും കൈവന്നിരിക്കുന്നത്. മുഖ്യമന്ത്രിപദത്തിന് അര്‍ഹരാണെന്നും ഫഡ്നാവിസിനെക്കാള്‍ ജനപിന്തുണ ഉള്ളവരാണെന്നും അവകാശപ്പെട്ട പങ്കജ മുണ്ടെയും വിനോദ് താവ്ഡെയും ഒതുങ്ങിയത് അഴിമതി ആരോപണങ്ങളെ തുടര്‍ന്നാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.