പണംനല്‍കി വോട്ട്; അരവക്കുറിച്ചി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റി

ചെന്നൈ: പണംനല്‍കി വോട്ടര്‍മാരെ സ്വാധീനിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ തമിഴ്നാട്ടിലെ അരവക്കുറിച്ചി മണ്ഡലത്തിലെ വോട്ടെടുപ്പ് ഈ മാസം 23ലേക്ക് മാറ്റി. കേരളത്തിനൊപ്പം തമിഴ്നാട്ടിലും തിങ്കളാഴ്ചയാണ് തെരഞ്ഞെടുപ്പ്. അരവക്കുറിച്ചി ഒഴികെയുള്ള മണ്ഡലങ്ങളിലാവും തിങ്കളാഴ്ച തെരഞ്ഞെടുപ്പ് നടക്കുക. ഈമാസം 25നായിരിക്കും വോട്ടെണ്ണല്‍ നടക്കുക.

തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയപ്പോള്‍ മുതല്‍ പണമൊഴുകുന്നതിനെക്കുറിച്ച് തെരഞ്ഞെടുപ്പ് കമീഷന് പരാതികളുടെ പ്രളയമായിരുന്നുവെന്നും അന്വേഷണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടത്തെിയതിനാലുമാണ് വോട്ടെടുപ്പ് നീട്ടിയതെന്ന് ദേശീയ തെരഞ്ഞെടുപ്പ് കമീഷന്‍ വ്യക്തമാക്കി. പണവും ഭക്ഷണസാധനങ്ങളും നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായി പ്രചാരണത്തിന്‍െറ തുടക്കത്തിലേ പരാതികള്‍ ഉയര്‍ന്നിരുന്നു. ഏപ്രില്‍ 22ന് തെരഞ്ഞെടുപ്പ് കമീഷന്‍ നടത്തിയ പരിശോധനയില്‍ 4.77 കോടി രൂപ ജയലളിത മന്ത്രിസഭയിലെ ചില മന്ത്രിമാരുടെ ബന്ധുക്കളുടെ വീടുകളില്‍നിന്ന് കണ്ടത്തെിയിരുന്നു. മന്ത്രിമാരുടെ ബന്ധം വെളിപ്പെടുത്തുന്ന നിരവധിരേഖകളും പിടിച്ചെടുത്തിരുന്നു. 200 സാരികളും നിരവധി മുണ്ടുകളും അത് വാങ്ങാന്‍ 1.30 കോടി രൂപ ചെലവഴിച്ചതിന്‍െറ രേഖകളും പിടിച്ചെടുത്തിരുന്നു.

അതിനിടയില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്കും കരുണാനിധിക്കുമെതിരെ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. എ.ഐ.എ.ഡി.എം.കെ, ഡി.എം.കെ പാര്‍ട്ടികളുടെ പ്രകടനപത്രികയില്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പാലിച്ചില്ളെന്നതാണ് കാരണം. ശനിയാഴ്ച വൈകീട്ട് അഞ്ചു മണിക്കുള്ളില്‍ കാരണം ബോധ്യപ്പെടുത്തിയില്ളെങ്കില്‍ കര്‍ശനനടപടി സ്വീകരിക്കുമെന്നാണ് കമീഷന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.