ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം പിന്‍വലിച്ചു

ന്യൂഡല്‍ഹി: ഹരീഷ് റാവത്ത് മന്ത്രിസഭ വീണ്ടും അധികാരമേല്‍ക്കാന്‍ പാകത്തില്‍ ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം പിന്‍വലിച്ചു. വിശ്വാസ വോട്ടെടുപ്പില്‍ ഹരീഷ് റാവത്തിന് അനുകൂലമായി 61ല്‍ 33 പേര്‍ വോട്ടു ചെയ്തതായി സുപ്രീംകോടതി പ്രഖ്യാപിച്ചതിനു പിന്നാലെയാണിത്. കോണ്‍ഗ്രസ് മന്ത്രിസഭ മറിച്ചിട്ട് അധികാരം പിടിക്കാന്‍ കരുനീക്കം നടത്തിയ ബി.ജെ.പിയുടെയും മോദിസര്‍ക്കാറിന്‍െറയും മുട്ടുമടക്കല്‍ ഇതോടെ പൂര്‍ണമായി.

വോട്ടെടുപ്പുഫലം സുപ്രീംകോടതി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് രാഷ്ട്രപതി ഭരണം പിന്‍വലിക്കാന്‍ രാഷ്ട്രപതിയോട് ശിപാര്‍ശ ചെയ്തത്. പുറത്താക്കപ്പെട്ട മന്ത്രിസഭക്ക് വീണ്ടും അധികാരമേല്‍ക്കാന്‍ പാകത്തില്‍ രാഷ്ട്രപതി ഭരണം പിന്‍വലിക്കാനും അക്കാര്യം രണ്ടു ദിവസത്തിനകം രേഖാമൂലം അറിയിക്കാനും പരമോന്നത കോടതി കേന്ദ്രസര്‍ക്കാറിനോട് നിര്‍ദേശിച്ചിരുന്നു.

ആറാഴ്ച അധികാരത്തിനു പുറത്തുനിന്ന ശേഷമാണ് ഹരീഷ് റാവത്ത് മുഖ്യമന്ത്രിക്കസേരയില്‍ തിരിച്ചത്തെുന്നത്. 2017 മാര്‍ച്ചിലാണ് കോണ്‍ഗ്രസ് മന്ത്രിസഭ അഞ്ചുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കുന്നത്.

വിശ്വാസ വോട്ടെടുപ്പില്‍ ക്രമക്കേട് നടന്നിട്ടില്ളെന്ന് സുപ്രീംകോടതി നിരീക്ഷകന്‍ റിപ്പോര്‍ട്ട് നല്‍കി. ഒമ്പത് വിമത കോണ്‍ഗ്രസ് എം.എല്‍.എമാര്‍ വോട്ടെടുപ്പില്‍ പങ്കെടുക്കുന്നതിന് അയോഗ്യത കല്‍പിച്ചിരുന്നു. ഹരീഷ് റാവത്ത് മന്ത്രിസഭ വിശ്വാസവോട്ട് നേടിയെന്ന കാര്യത്തില്‍ തര്‍ക്കമില്ളെന്ന് സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാറിനെ പ്രതിനിധാനംചെയ്ത അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി സമ്മതിച്ചു.

ജനാധിപത്യത്തിന്‍െറ ജയമാണിതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി പറഞ്ഞു. മോദി ഇതില്‍ നിന്നൊരു പാഠം പഠിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം, കോണ്‍ഗ്രസിന്‍െറ ആഹ്ളാദത്തിന് അല്‍പായുസ്സാണുള്ളതെന്ന് ബി.ജെ.പി നേതാവ് ശ്രീകാന്ത് ശര്‍മ പറഞ്ഞു. കോണ്‍ഗ്രസിലെ ആഭ്യന്തരപ്രശ്നങ്ങളില്‍ നിന്നാണ് ഇപ്പോഴത്തെ സംഭവങ്ങളുടെ തുടക്കമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രിയെ വിശ്വാസ വോട്ടുതേടാന്‍ സമ്മതിക്കാതെ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുകയും അതുവഴി ബി.ജെ.പിക്ക് മന്ത്രിസഭാ രൂപവത്കരണത്തിന് കളമൊരുക്കുകയുമാണ് ബി.ജെ.പിയും കേന്ദ്രസര്‍ക്കാറും ചെയ്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.