‘ഇന്ദിരവധത്തിനു ശേഷം ഡല്‍ഹി പൊലീസിനെ പ്രധാനമന്ത്രിയുടെ ഓഫീസ് വരുതിയിലാക്കി’

ന്യൂഡല്‍ഹി: ഗാന്ധി കുടുംബത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കി മുന്‍ പ്രധാനമന്ത്രി നരസിംഹ  റാവുവിന്‍െറ ആത്മകഥാംശമുള്ള പുതിയ പുസ്തകം ജൂലൈയില്‍ പുറത്തിറങ്ങുന്നു. ഇന്ദിരവധത്തിനുടന്‍ ഡല്‍ഹി പൊലീസിനെ പ്രധാനമന്ത്രിയുടെ ഓഫിസ് വരുതിയിലാക്കി സിഖ് വിരുദ്ധ വേട്ട തുടരുന്നുവെന്ന് ഉറപ്പാക്കിയതു മുതല്‍ ബാബരി മസ്ജിദ് തകര്‍ച്ചയിലെ റാവുവിന്‍െറ പങ്കുവരെ പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്യ വിവാദ കൊടുങ്കാറ്റുയര്‍ത്താവുന്ന നിരവധി വിഷയങ്ങളാണ് അക്കദമീഷ്യനും മാധ്യമപ്രവര്‍ത്തകനുമായ വിനയ് സേനാപതി തയാറാക്കിയ പുസ്തകം പരാമര്‍ശിക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍െറ ഇരുണ്ട കഥകളുമായിറങ്ങിയ റാവുവിന്‍െറ ആത്മകഥ ‘ഇന്‍സൈഡര്‍’ നേരത്തെ രാജ്യത്ത് വിവാദം സൃഷ്ടിച്ചിരുന്നു. ഇതിന്‍െറ തുടര്‍ച്ചയെന്നോണം മറ്റൊരു ഗ്രന്ഥത്തിന്‍െറ പണിപ്പുരയിലിരിക്കെയാണ് 2004 ഡിസംബറില്‍ റാവു വിടവാങ്ങുന്നത്. ഇതിലെ വിഷയങ്ങള്‍ക്കൊപ്പം റാവുവുമായി ബന്ധപ്പെട്ട നൂറുകണക്കിന് രഹസ്യ ഫയലുകള്‍ കൂടി ചേര്‍ത്താണ് പുതിയ പുസ്തകമിറങ്ങുന്നത്.

1984 ഒക്ടോബര്‍ 31ന് ഇന്ദിര ഗാന്ധി കൊല്ലപ്പെട്ട ദിവസം വൈകുന്നേരം റാവുവിന് ലഭിച്ച ഫോണ്‍കോള്‍ ഡല്‍ഹി പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മുതല്‍ താഴത്തെട്ടിലുള്ളവര്‍വരെ ഇനി പ്രധാനമന്ത്രിയുടെ ഓഫിസുമായി നേരിട്ട് റിപ്പോര്‍ട്ട് ചെയ്യണമെന്ന് നിര്‍ദേശിക്കുന്നതായിരുന്നുവെന്ന് ഗ്രന്ഥം പറയുന്നു.
കലാപം അടിച്ചമര്‍ത്താന്‍ ഇത് ആവശ്യമാണെന്നായിരുന്നു ഒൗദ്യോഗിക വിശദീകരണമെങ്കിലും ഫലത്തില്‍ പൊലീസിന്‍െറ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കലായിരുന്നു ലക്ഷ്യമെന്ന് ആരോപണമുണ്ട്. ഇന്ദിര ഗാന്ധിയോടും അവര്‍ നടപ്പാക്കിയ അടിയന്തരാവസ്ഥയോടും റാവുവിന്‍െറ വിയോജിപ്പ്, രാജീവ്- സോണിയ ബന്ധത്തിലെ വിള്ളല്‍ തുടങ്ങിയ വിഷയങ്ങളും പെന്‍ഗ്വിന്‍ പുറത്തിറക്കുന്ന പുസ്തകത്തിലുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.