ഇരട്ടപ്പദവി: 21 ആപ് എം.എല്‍.എമാര്‍ അയോഗ്യതാനിഴലില്‍

ന്യൂഡല്‍ഹി: ഭരണഘടനാപരമായ രണ്ടു പദവികള്‍ വഹിക്കുന്ന ഡല്‍ഹിയിലെ 21 ആംആദ്മി എം.എല്‍.എമാര്‍ക്ക് സ്ഥാനം നഷ്ടപ്പെടാന്‍ സാധ്യത. പാര്‍ലമെന്‍ററി സെക്രട്ടറിമാരായി സര്‍ക്കാര്‍ നിയോഗിച്ച എം.എല്‍.എമാരെ പുറത്താക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്ന് നിര്‍ദേശിച്ച് തെരഞ്ഞെടുപ്പു കമീഷന്‍ നല്‍കിയ കത്തിന് ഇതുവരെ ഒരാളും മറുപടി നല്‍കിയിട്ടില്ല.
മേയ് 10നകം മറുപടി നല്‍കാനാണ് നിര്‍ദേശം. ആംആദ്മിയുടെ പ്രമുഖ നേതാക്കളായ ആദര്‍ശ് ശാസ്ത്രി, ജര്‍ണയില്‍ സിങ്, ചരണ്‍ ഗോയല്‍ തുടങ്ങിയവരാണ് അയോഗ്യതാ മുനമ്പിലുള്ളത്. ഇവരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ രാഷ്ട്രപതിക്ക് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പു കമീഷന്‍െറ അഭിപ്രായം തേടി.
അയോഗ്യരാക്കപ്പെടുന്നതു തടയാന്‍ ഇരട്ടപ്പദവി നിയമത്തില്‍നിന്ന് പാര്‍ലമെന്‍ററി സെക്രട്ടറിമാരെ ഒഴിവാക്കി സംസ്ഥാനസര്‍ക്കാര്‍ ബില്‍ പാസാക്കിയിട്ടുണ്ട്. ഇത് കേന്ദ്രത്തിന്‍െറ അംഗീകാരത്തിനായി ലെഫ്. ഗവര്‍ണര്‍ക്ക് അയച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുമായി മൂപ്പിളമത്തര്‍ക്കം പതിവാക്കിയ ലെഫ്. ഗവര്‍ണര്‍ നജീബ് ജങ് ഉടക്കിട്ടാല്‍ ബില്‍ തിരിച്ചയക്കും. എം.എല്‍.എമാരുടെ കാര്യവും അനിശ്ചിതത്വത്തിലാവും. ഇവരുടെ സ്ഥാനം നഷ്ടപ്പെട്ടാലും ആംആദ്മി സര്‍ക്കാറിന്‍െറ നിലനില്‍പിന് ഭീഷണിയില്ല. 70 അംഗ നിയമസഭയില്‍ 67 അംഗങ്ങളാണ് ആപ്പിനുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.